ഷിംനയുടെ മോഹം പൂവണിയുന്നു; എം.ഇ.എസ് മെഡിക്കൽ കോളജിൽ പ്രവേശനം
text_fieldsതിരുവനന്തപുരം: പണത്തിന് മുന്നിൽ വൈദ്യപഠനമോഹം വലിച്ചെറിഞ്ഞ് പടിയിറങ്ങിയ ഷിംനയുടെ കണ്ണീർ കാണാൻ ആളുണ്ടായി. ആറ് ലക്ഷം രൂപയുടെ ബാങ്ക് ഗാരൻറിയില്ലാത്തതിെൻറ പേരിൽ തിരുവനന്തപുരം എസ്.യു.ടി മെഡിക്കൽ കോളജിലെ സീറ്റ് ഉപേക്ഷിച്ചിറങ്ങിയ ഷിംനക്ക് പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജിൽ പ്രവേശനംനൽകി. ഷിംനയുടെ കഥ ‘മാധ്യമം’ വാർത്തയിലൂടെയറിഞ്ഞ എം.ഇ.എസ് സംസ്ഥാന പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ ഇടപെട്ടാണ് ബാങ്ക് ഗാരൻറിയിൽ ഇളവ് നൽകിയത്. തുടർന്ന് ബുധനാഴ്ച തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽ നടന്ന സ്പോട്ട് അഡ്മിഷനിൽ ഉമ്മ സജീനക്കൊപ്പം എത്തി ഷിംന എം.ബി.ബി.എസ് കോഴ്സിന് ചേർന്നു.
ഷിംനയുടെ പഠനം പ്രത്യേക കേസായി പരിഗണിച്ച് മറ്റ് കാര്യങ്ങളിലും ആവശ്യമായ സഹായംചെയ്യുന്നത് പരിഗണിക്കുമെന്നും ഫസൽ ഗഫൂർ ‘മാധ്യമ’ത്തോട് പറഞ്ഞു. നാല് ലക്ഷം രൂപ പലിശക്കെടുത്തും ഒരുലക്ഷം രൂപ ഉമ്മയുടെ ആഭരണങ്ങൾ വിറ്റ് സ്വരൂപിച്ചും എസ്.യു.ടി മെഡിക്കൽ കോളജിൽ പ്രവേശനം നേടിയതായിരുന്നു ഷിംന. തൊട്ടുപിന്നാലെ താൽക്കാലിക ഫീസ് 11 ലക്ഷമാക്കിയ സുപ്രീംകോടതി വിധിേയാടെ ആറ് ലക്ഷം രൂപക്ക് ബാങ്ക് ഗാരൻറി നൽകണമെന്ന നിർദേശമെത്തി. ഉള്ളതെല്ലാം വിറ്റുപൊറുക്കിയും കടംവാങ്ങിയും ഒപ്പിച്ച അഞ്ച് ലക്ഷത്തിൽ കവിഞ്ഞ് ഒരു രൂപ പോലും തെൻറ പക്കൽ നൽകാനില്ലെന്ന് ഉമ്മ സജീന പറഞ്ഞുനോക്കിയെങ്കിലും ചെവിക്കൊള്ളാൻ ആരുമില്ലായിരുന്നു.
ഒടുവിൽ മകളുടെ വൈദ്യപഠനമോഹം സ്വാശ്രയ കോളജുകളുടെ പണക്കൊതിക്ക് മുന്നിൽ അടിയറവെച്ച് കണ്ണീരോടെ ആ മാതാവും മകളും പടിയിറങ്ങിയപ്പോൾ കണ്ടുനിന്നവർക്ക് പോലും ആശ്വസിപ്പിക്കാനായില്ല. നീറ്റ് കേരള റാങ്ക് പട്ടികയിൽ 2414ാം റാങ്ക് നേടിയാണ് ഷിംന പ്രവേശനത്തിന് യോഗ്യതനേടിയത്.
പത്ത് വർഷം മുമ്പുണ്ടായ അപകടത്തിൽ പരിക്കുപറ്റി കിടപ്പിലാണ് ഷിംനയുടെ ഉപ്പ ആറ്റിങ്ങൽ വാളക്കാട് സ്വദേശി അഷ്റഫ്. സജീന തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ ജോലിചെയ്താണ് കുടുംബം പോറ്റുന്നതും മക്കളെ പഠിപ്പിക്കുന്നതും. അതേസമയം, മുസ്ലിം സാമുദായിക േക്വാട്ടയിലേക്ക് അപേക്ഷിച്ച നിർധന വിദ്യാർഥികൾക്കും ബാങ്ക് ഗാരൻറിയിൽ ഇളവ് അനുവദിക്കാൻ എം.ഇ.എസ് മെഡിക്കൽ കോളജ് അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഒൗദ്യോഗിക മുസ്ലിം സംഘടനകളായ സമസ്ത, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി എന്നിവയുടെ സംസ്ഥാന അധ്യക്ഷർ സാക്ഷ്യപ്പെടുത്തി നൽകിയാൽ ഇവർക്കും ഇളവ് നൽകുമെന്ന് ഫസൽ ഗഫൂർ അറിയിച്ചു. എസ്.സി/എസ്.ടി വിഭാഗത്തിൽനിന്നുള്ള കുട്ടികൾക്കും ഇൗ ഇളവ് അനുവദിക്കും. മറ്റ് ദുർബല വിഭാഗങ്ങളിൽപെട്ട വിദ്യാർഥികൾക്ക് ഇളവ് നൽകുന്ന കാര്യം സർക്കാറുമായി ചർച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
