ഷിഗെല്ല: പരിശോധന ശക്തമാക്കും- മന്ത്രി
text_fieldsതിരുവനന്തപുരം: കോഴിക്കോട്ട് നാലരവയസ്സുകാരി ഷിഗെല്ല ബാധിച്ചു മരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ഹോട്ടലുകളിലും തട്ടുകടകളിലും ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന ശക്തമാക്കാൻ നിർദേശം നൽകിയതായി മന്ത്രി കെ. മുരളീധരൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട് മൂന്നുകുട്ടികൾക്കാണ് രോഗം ബാധിച്ചത്. രണ്ടുപേർക്ക് രോഗം ഭേദമായി.
ആലപ്പുഴ ജില്ലയിലും ആറൻമുള ഭാഗത്തും 123 പേർക്ക് ഒരാഴ്ച മുമ്പുവരെ രോഗം ബാധിച്ചിട്ടുണ്ട്. രോഗം കൂടുതൽ പടരാതിരിക്കാൻ മുൻകരുതലെടുക്കണം. വൃത്തിഹീന സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കെതിരെ കർശന നടപടിയെടുക്കും. തിളപ്പിച്ചാറ്റിയ കുടിവെള്ളം നൽകുന്നുണ്ടെന്ന് ഉറപ്പാക്കും.
ഹോട്ടലുകൾക്ക് സമീപം മാലിന്യം കൂട്ടിയിടരുത്. ബത്തേരിയിലെ സ്കൂളിൽ കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയും പടർന്ന സംഭവത്തിൽ ഷിഗെല്ല രോഗം അല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. രക്തസാമ്പിൾ പരിശോധന ഫലം ലഭിച്ചാലേ കൂടുതൽ വിവരങ്ങൾ വ്യക്തമാവൂ. കുഴൽക്കിണറിലെ വെള്ളം പരിശോധിച്ചതിൽ കുഴപ്പം കണ്ടെത്തിയില്ല. കിണറ്റിലെ വെള്ളം പരിശോധിച്ചതിന്റെ ഫലം കിട്ടിയിട്ടില്ല.
മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയാണ് രോഗം പകരുന്നത്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. ശുചിത്വം പാലിക്കുക എന്നതാണ് രോഗം ഒഴിവാക്കാനുള്ള മാർഗം. ആരോഗ്യമേഖല സ്വകാര്യവൽക്കരിക്കും എന്ന രീതിയിൽ വരുന്ന വാർത്തകൾ ശരിയല്ല. ആരോഗ്യമേഖലയുടെ വികസനത്തിന് സ്വകാര്യസ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ട് പ്രയോജനപ്പെടുത്തുമെന്നാണ് താൻ കഴിഞ്ഞ ദിവസം പറഞ്ഞത്.
സ്വകാര്യവത്കരണമല്ല, സ്വകാര്യമേഖലക്കൊപ്പം ഓടിയെത്തുക എന്നതാണ് സർക്കാറിന്റെ ദൗത്യമെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

