കണക്കുകളിലെ വൈരുധ്യം: 21 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി, രണ്ടുപേർക്കെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ
text_fieldsകൽപ്പറ്റ: വയനാട്ടിലെ ഷിഗെല്ല ബാധിതരുടെ എണ്ണത്തിൽ ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ മന്ത്രിയുടെയും കണക്കുകളിൽ വൈരുധ്യം. 21 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറയുമ്പോൾ രണ്ട് കുട്ടികൾക്ക് മാത്രമാണ് രോഗബാധ എന്നാണ് ജില്ലാ മെഡിക്കൽ ഓഫിസറുടെ വാർത്താക്കുറിപ്പിലുള്ളത്. ബത്തേരി കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ വിദ്യാർഥികൾക്ക് ഷിഗെല്ല രോഗം ബാധിച്ചതുമായി ബന്ധപ്പെട്ടാണ് ആരോഗ്യ വകുപ്പിന്റെയും വകുപ്പ് മന്ത്രിയുടെയും കണക്കുകളിൽ വൈരുധ്യമുള്ളത്.
ആകെ 25 പേരാണ് ചികിത്സയിലുള്ളത്. അതിൽ 21 പേർക്ക് രോഗം സ്ഥിരീകരിച്ചു, നാലുപേർ നിരീക്ഷണത്തിലാണെന്നുമാണ് ആരോഗ്യമന്ത്രി കെ. മുരളീധരൻ തൃശൂരിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ, 21 പേരുടെ ഫലം പരിശോധനയ്ക്ക് അയച്ചതിൽ രണ്ടുപേരുടെ ഫലം പോസിറ്റീവായി, ബാക്കി 19 സാമ്പിളുകളുടെ ഫലം വരാനുണ്ട് എന്നാണ് പി.ആർ.ഡി നൽകിയ വാർത്താക്കുറിപ്പിൽ പറയുന്നത്. 337 വിദ്യാർഥികൾക്കാണ് രോഗലക്ഷണങ്ങൾ ഉള്ളത്. അതിൽ 59 പേരാണ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
അതേസമയം, ബത്തേരിയിൽ ശാരീരിക അസ്വസ്ഥത നേരിട്ട രണ്ട് കുട്ടികൾക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും. ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട വിദ്യാർഥികൾ ബത്തേരിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ വിദ്യാർഥികൾക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്.
രോഗം സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. 25 കുട്ടികളാണ് രോഗബാധിതരായി ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. കോഴിക്കോട്ടു നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. ഫുഡ് ആൻഡ് സേഫ്റ്റി കമ്മീഷനോട് ശക്തമായ പരിശോധന നടത്താൻ നിർദേശം നൽകി. മറ്റു ജില്ലകളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള നിർദേശം ഡി.എം.ഓമാർക്ക് നൽകിയതായും ആരോഗ്യമന്ത്രി അറിയിച്ചു. വൃത്തിഹീനമായ തട്ടുകടകളുടെ പ്രവർത്തനം പരിശോധിക്കുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും കെ. മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

