തീരുമാനിച്ചതും തിരിച്ചെടുത്തതും നിങ്ങളാണ്, കണ്ണുരുട്ടി പേടിപ്പിച്ചവരോടുള്ള ദേഷ്യം ലീഗിന് നേരെയല്ല തീർക്കേണ്ടത് -പിണറായിക്കെതിരെ ഷിബുമീരാൻ
text_fieldsതിരുവനന്തപുരം: ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെച്ചൊല്ലിയുള്ള വിവാദം കനക്കുന്നു. മുസ്ലിംലീഗ് അല്ല വകുപ്പുകൾ തീരുമാനിക്കുന്നതെന്നും മുസ്ലിം സമുദായത്തിെൻറ അട്ടിപ്പേറവകാശം ലീഗിനല്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ യൂത്ത് ലീഗ് നേതാവ് ഷിബു മീരാൻ രംഗത്തെത്തി. വകുപ്പ് തീരുമാനിക്കാൻ ലീഗ് വന്നിട്ടില്ലെന്നും തീരുമാനിച്ചതും തിരിച്ചെടുത്തതും നിങ്ങളാണെന്നും കണ്ണുരുട്ടി പേടിപ്പിച്ചവരോടുള്ള ദേഷ്യം ലീഗിന് നേരെയല്ല തീർക്കേണ്ടതെന്നും ഷിബു മീരാൻ ഫേസ്ബുക്കിൽ കുറിച്ചു.
''ലീഗ് മാത്രമല്ല സഖാവേ അതൃപ്തി അറിയിച്ചത്.. മുസ്ലിം സമുദായത്തെ പലതരത്തിൽ പ്രതിനിധീകരിക്കുന്ന നിങ്ങളെ അനുകൂലിക്കുന്നവരടക്കം വിമർശനമുന്നയിച്ചിട്ടുണ്ട്.. ഞാൻ ഏറ്റെടുത്താൽ അത് ഉചിതമാകും എന്ന് പൊതു അഭിപ്രായം വന്നു പോലും.. നേരത്തെ ഏൽപിച്ചിരുന്ന ആൾ കൈകാര്യം ചെയ്താൽ അനൗചിത്യം എന്താണ്. അയാൾ കഴിവില്ലാത്തവനാണോ? അഴിമതിക്കാരനാണോ? ആണെങ്കിൽ എന്തിന് മന്ത്രിസഭയിലെടുത്തു?. അയാളുടെ ചിലവിൽ ഒരു പ്രത്യേക സമുദായം അവിഹിതം നേട്ടമുണ്ടാക്കും എന്ന വാദത്തിനു മുന്നിൽ മുട്ടുമടക്കുമ്പോൾ അത് കേരളത്തിലുണ്ടാക്കുന്ന പ്രത്യാഘാതം എത്രയാകും? അതിലൂടെ സാധൂകരിക്കപ്പെടുന്ന എത്ര നുണകളുണ്ടാകും?.പിന്നെ വകുപ്പ് തീരുമാനിക്കാൻ ലീഗ് വന്നിട്ടില്ല. തീരുമാനിച്ചതും തിരിച്ചെടുത്തതും നിങ്ങളാണ് കണ്ണുരുട്ടി പേടിപ്പിച്ചവരോടുള്ള ദേഷ്യം ലീഗിന് നേരെയല്ല തീർക്കേണ്ടത്..
പിൻകുറിപ്പ് : വകുപ്പ് കൊടുത്തിട്ടുമില്ല എടുത്തിട്ടുമില്ല മറിച്ചുള്ളതൊക്കെ മാധ്യമ സൃഷ്ടി എന്ന് പറയുന്നവർ ചിത്രം 3 കാണുക.. 20 ലെ ദേശാഭിമാനി. ഇതിൽ ന്യൂനപക്ഷ പ്രവാസി കാര്യ വകുപ്പ് അബ്ദുൾ റഹിമാനാണ്.. പാർട്ടിക്കെതിരെ ദേശാഭിമാനി വ്യാജവാർത്ത കൊടുക്കുമോ?'' -ഷിബു മീരാൻ പറഞ്ഞു.
രണ്ടാം പിണറായി മന്ത്രിസഭയിൽ എൽ.ഡി.എഫ് സ്വതന്ത്രൻ വി.അബ്ദുറഹ്മാൻ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയാണെന്ന് ഉറപ്പായിരിക്കവേയാണ് മുഖ്യമന്ത്രി അപ്രതീക്ഷിതമായി വകുപ്പ് ഏറ്റെടുത്തത്. പുതിയ മന്ത്രിസഭ അധികാരമേൽക്കുേമ്പാൾ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയോ ക്രൈസ്തവ മന്ത്രിയെ ഏൽപ്പിക്കുകയോ ചെയ്യണമെന്ന് കേരള കാത്തലിക് യൂത്ത് ലീഗ് മൂവ്മെൻറ് സംസ്ഥാന സമിതിയും കത്തോലിക്ക കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പിനും വകുപ്പുമന്ത്രി ജലീലിനും എതിരെ ചില കോണുകളിൽനിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഫണ്ട് വിതരണത്തിൽ വിവേചനമുണ്ടെന്ന് അന്ന് ക്രൈസ്തവ സഭകൾ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്തത് എന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

