വോട്ടിനു സാരിയും 1000 രൂപയും...കെട്ടി വച്ച പൈസ തിരിച്ചു കിട്ടരുത്, കാണട്ടെ പാലക്കാടിന്റെ പവറെന്ന് ഷിബു മീരാൻ
text_fieldsകോഴിക്കോട്: പാലക്കാട്ടെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ വോട്ടിന് പണം നൽകിയതിനെതിരെ വിമർശനവുമായി മുസ് ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാൻ. ഫേസ് കുറിപ്പിലൂടെ വിമർശനം. കുറിപ്പ് പൂർണരൂപത്തിൽ:
വോട്ടിനു സാരിയും 1000 രൂപയും...
അത് കൊടുത്താൽ വിലക്കെടുക്കാൻ കഴിയുന്ന രൂപത്തിൽ ഉത്തരേന്ത്യയിലെ മനുഷ്യരെ ഗതി കെട്ടവരാക്കിയ രാഷ്ട്രീയമാണത്....
പണം ചുരുട്ടി പിടിച്ചു പട്ടാപ്പകൽ പാലക്കാടിനെ വിലക്കെടുക്കാൻ ഇറങ്ങി കൈയോടെ പിടിക്കപ്പെട്ടപ്പോ കാരണം അടിച്ചു പൊട്ടിക്കും എന്ന് പറയുന്ന ഹുങ്കിന്റെ രാഷ്ട്രീയമുണ്ടല്ലോ.....
പ്രിയപ്പെട്ട പാലക്കാടുകരെ....
കെട്ടി വച്ച പൈസ തിരിച്ചു കിട്ടരുത് അതിന്...
കേരളം കാണട്ടെ പാലക്കാടിന്റെ പവർ....
അഡ്വ:ഷിബു മീരാൻ...
ശോഭാസുരേന്ദ്രന്റെ നേതൃത്വത്തിൽ വോട്ടർമാർക്ക് നൽകിയത് ഒരാൾക്ക് അയ്യായിരം രൂപവരെ
പാലക്കാട്: പാലക്കാട് എൻ.ഡി.എ സ്ഥാനാർഥി ശോഭാസുരേന്ദ്രന്റെ നേതൃത്വത്തിൽ വോട്ടർമാർക്ക് നൽകിയത് ഒരാൾക്ക് അയ്യായിരം രൂപവരെ. അമ്പലങ്ങളിൽ 50,000, മരണ വീടുകളിൽ 25,000 വരെ നൽകിയതായി യു.ഡി.എഫ് പ്രവർത്തകർ പറയുന്നു. പ്രദേശത്തെ ബി.ജെ.പി പ്രവർകരല്ല ശോഭാ സുരേന്ദ്രനോടൊപ്പമുണ്ടായിരുന്നത്. കണ്ണാടി മേഖലയിലാണ് പണം വിതരണം ചെയ്തത്. ഇതറിഞ്ഞ് സ്ഥലത്തെത്തിയ കോൺഗ്രസ് പ്രവർത്തകർ വിഡിയോ പകർത്തി. സാരിയും ആയിരം രൂപയുമാണ് വിതരണം ചെയ്തതത്. വീഡിയോ പകർത്തിയവരുടെ ചെപ്പക്ക്കുറ്റി അടിച്ച് പൊളിക്കുമെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ ഭീഷണി. നിങ്ങൾ ആരാണ് ഫോട്ടോയെടുക്കാനെന്ന് ചോദിച്ച് കൊണ്ട് നാട്ടുകാരോട് പ്രകോപനപരമായാണ് ശോഭാസുരേന്ദ്രൻ പെരുമാറിയത്. എന്നാൽ, അപ്പോഴേക്കും പണം കൈമാറുന്ന ദൃശ്യം പകർത്തികഴിഞ്ഞിരുന്നു. സംസ്ഥാനത്ത് അപൂർവമായാണ് സ്ഥാനാർഥി തന്നെ പണം വിതരണം ചെയ്യുന്നത് കയ്യോടെ പിടികൂടുന്നത്.
കഴിഞ്ഞ ദിവസവങ്ങളിലായി പണം നൽകുന്നതായി പ്രചാരണമുണ്ടായിരുന്നു. എന്നാൽ, വീഡിയോ പകർത്താൻ കഴിഞ്ഞതോടെയാണ് ഈ വിവരം സ്ഥീരീകരിച്ചത്. കലാശക്കൊട്ടിൽ പങ്കെടുക്കുന്നവർക്ക് പണം നൽകുന്നതായി നേരത്തെ തന്നെ പറയപ്പെട്ടിരുന്നു. നിശബ്ദപ്രചാരണ ദിവസമായ ഇന്ന് രാവിലെ മുതൽ ശോഭ സുരേന്ദ്രന്റെ നേതൃത്വത്തിൽ പാവപ്പെട്ടവരുടെ വീടുകളിലെത്തി പണം നൽകുകയായിരുന്നു. ശോഭാസുരേന്ദ്രന്റെ കൂടെ വെള്ള സാരി ധരിച്ച സ്ത്രീയുണ്ട്. അവരാണ് പണം സൂക്ഷിക്കുകയും വിതരണം ചെയ്യുകയു ചെയ്തതെന്ന് യു.ഡി.എഫ് പ്രവർത്തകർ പറയുന്നു.
കണ്ണാടി പഞ്ചായത്തിലെ കണ്ണനൂരിൽ വെച്ചാണ് പണം നൽകുന്നത് പിടികൂടിയത്. കാലങ്ങളായി എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്താണ് കണ്ണാടി. കഴിഞ്ഞ ദിവസങ്ങളിലായി വ്യാപകമായി പണം നൽകി വരുന്നതായി യു.ഡി.എഫ് ആരോപിച്ചിരുന്നു. എസ്.സി കോളനികൾ, ഏറ്റവും പാവപ്പെട്ട ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലാണ് വ്യാപകമായി പണം വിതരണം ചെയ്തതത്.
ഇലക്ഷൻ കമീഷൻ ഉദ്യോഗസ്ഥർ നാടുനീളെ പരിശോധന നടത്തുമ്പോഴാണ് എൻ.ഡി.എ സ്ഥാനാർഥി തന്നെ വോട്ടിനായി പണമൊഴുക്കുന്നത്. ഇത്, ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് നടക്കുന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു. മാധ്യമങ്ങളിൽ നിന്നറിച്ചപ്പോഴാണ് ഇതറിയുന്നതെന്ന് സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു പറഞ്ഞു. ഈ വിഷയം വിശ്വാസത്തിലെടുക്കുകയാണ്. ബി.ജെ.പി ഉത്തരേന്ത്യയിലുൾപ്പെടെ പണമൊഴുക്കി വോട്ട് സ്വന്തമാക്കി. ഈ ശൈലി കേരളം അംഗീകരിക്കില്ല. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു.
പാലക്കാട്ട് ശോഭ സുരേന്ദ്രനും മലമ്പുഴയിൽ കൃഷ്ണകുമാറും വിസ്മയം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിൽ ബി.ജെ.പി
പാലക്കാട്: 12 മണ്ഡലങ്ങളുള്ള പാലക്കാട്ടെ കാറ്റ് അനുകൂലമാക്കാൻ ഇടത് വലത് മുന്നണികൾ നെട്ടോട്ടത്തിലാണ്. രണ്ട് മണ്ഡലങ്ങൾ കൈപ്പിടിയിലാക്കാൻ ബി.ജെ.പിയും തന്ത്രങ്ങൾ മെനയുന്നു. തദ്ദേശത്തേക്കാളും മുന്നേറ്റമുണ്ടാക്കി 2021ലെ ‘വിജയവിസ്മയം’ തുടരുമെന്ന് എൽ.ഡി.എഫ്. ലോക്സഭയിലെ നിലയിലാണ് യു.ഡി.എഫ് പ്രതീക്ഷ. പാലക്കാട്ട് ശോഭ സുരേന്ദ്രനും മലമ്പുഴയിൽ കൃഷ്ണകുമാറും വിസ്മയം സൃഷ്ടിക്കുമെന്ന പ്രതീക്ഷ ബി.ജെ.പിയും പുലർത്തുന്നു.
ജില്ലയിൽ ഇടതിന് മൂൻതൂക്കമെന്നുതന്നെയാണ് വിലയിരുത്തൽ. പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബി.ജെ.പി കൗൺസിലർ തടഞ്ഞതും ലൈംഗിക പീഡന പരാതിയും ബി.ജെ.പി-സി.പി.എം ഡീൽ ആരോപണവും പാലക്കാട് മണ്ഡലത്തിലെ പ്രചാരണം ചൂടേറുന്നതാക്കി. വിജയം ഉറപ്പെന്ന് യു.ഡി.എഫും ബി.ജെ.പിയും അവകാശപ്പെടുമ്പോൾ എൻ.എം.ആർ. റസാഖിന്റെ സാന്നിധ്യം ചെറിയ ചലനങ്ങളിൽ ഒതുങ്ങി.
തീപാറും മത്സരം നടക്കുന്നത് തൃത്താലയിലാണ്. സംവാദങ്ങളും പോർവിളികളുമായി മുന്നേറുന്ന ഇവിടുത്തെ പരാജയം ഇരുകൂട്ടർക്കും പോറലുണ്ടാക്കും. സി.പി.എമ്മിലെ വിമത കൂട്ടായ്മക്ക് നേതൃത്വം നൽകുന്ന പി.കെ. ശശിയുടെ സാന്നിധ്യം ഒറ്റപ്പാലത്തിന് പുറമെ കോങ്ങാട്, മണ്ണാർക്കാട്, ഷൊർണൂർ, ചിറ്റൂർ എന്നിവിടങ്ങളിൽ യു.ഡി.എഫിന് പ്രതീക്ഷയേകുന്നുണ്ടെങ്കിലും ശശിക്കെതിരായ സാമ്പത്തികാരോപണങ്ങളാണ് സി.പി.എം ആയുധം.
തദ്ദേശത്തിലെ മുന്നേറ്റമാണ് ബി.ജെ.പി മലമ്പുഴയിൽ വിജയസാധ്യതയായി കാണുന്നത്. കെ. കൃഷ്ണൻകുട്ടി മത്സരിക്കാത്തത് ചിറ്റൂരിൽ യു.ഡി.എഫിന് പ്രതീക്ഷയേകുന്നു. പട്ടാമ്പിയിൽ മുഹമ്മദ് മുഹ്സിനെ തളക്കാൻ നഗരസഭ ചെയർമാൻ ടി.പി. ഷാജിക്ക് കഴിയുമെന്ന് യു.ഡി.എഫ് കരുതുമ്പോൾ വികസന മുന്നേറ്റം മുതൽക്കൂട്ടാവുമെന്നാണ് എൽ.ഡി.എഫിന്റെ വിശ്വാസം. ലീഗ് കോട്ടയായ മണ്ണാർക്കാട്ട് ഇളക്കം തട്ടാനിടയില്ല. കോങ്ങാട്, തരൂർ, ആലത്തൂർ, നെന്മാറ, ഷൊർണൂർ മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് ഇളക്കം തട്ടിയാൽ വോട്ടുകളിൽ കാര്യമായ അടിയൊഴുക്കുണ്ടായി എന്നുവേണം കരുതാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

