ഏ.കെ.ജി സെന്റർ ഓഫീസ് സെക്രട്ടറി നിലവാരത്തിലാണ് പൊലീസ് മേധാവി പ്രവർത്തിക്കുന്നതെന്ന് ഷിബു ബേബിജോൺ
text_fieldsതിരുവനന്തപുരം: പൊലീസ് മേധാവി ഏ.കെ.ജി സെന്ററിലെ ഓഫീസ് സെക്രട്ടറിയുടെ നിലവാരത്തിലാണ് പ്രവർത്തിക്കുന്നതെന്നും ഏ.കെ.ജി സെന്ററിന്റെ അനക്സായി പൊലീസ് ആസ്ഥാനം മാറിയെന്നും ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. മാധ്യമ സ്വാതന്ത്ര്യത്തിനും പിണറായിക്ക് വേണ്ടിയുള്ള പൊലീസിന്റെ ദാസ്യ പണിക്കുമെതിരെ പൊലീസ് ആസ്ഥാനത്തേക്ക് ആർ.വൈ.എഫ് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധികാര മതിഭ്രമത്തിൽ മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തു ഭയപ്പെടുത്താൻ ശ്രമിക്കുന്നത് പിണറായിയുടെ രാഷ്ട്രീയ പതനത്തിന്റെ ആരംഭമാണ്. പിണറായിയെ വിമർശിക്കുന്ന കേരളത്തിലെ മുൻനിര മാധ്യമ സ്ഥാപനങ്ങളെയും മാധ്യമ പ്രവർത്തകരെയും ഭയപ്പെടുത്തി തങ്ങളുടെ അഴിമതിയും ധൂർത്തും യഥേഷ്ടം നടത്താമെന്നത് പിണറായിയുടെ വ്യാമോഹം മാത്രമാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി രാഷ്ട്രീയ വിടുവായത്തം പറഞ്ഞ് വിദ്യാർഥി രാഷ്ട്രീയ ചരിത്രത്തെ അപമാനിക്കുകയും വിദ്യാർഥി സമൂഹത്തിന് തെറ്റായ സന്ദേശം നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരള പൊലീസിൽ നീതി ബോധവും നിയമ പരിജ്ഞാനവുമുള്ള ആർക്കും പ്രവർത്തിക്കാൻ സാധിക്കുന്നില്ല എന്നതിന്റെ തെളിവുമാണ് പൊലീസിന്റെ സമകാലിക സംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹൻ, പുലത്തറ നൗഷാദ്, എം.ആർ മഹേഷ്, ശ്യാം പള്ളിശ്ശേരിക്കൽ, കുളക്കട പ്രസന്നൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

