ഗണേഷിന് വേണ്ടി ഉമ്മൻചാണ്ടി അവഹേളനം സഹിച്ചു; ചാണ്ടി ഉമ്മൻ പറഞ്ഞതെല്ലാം സത്യം -ഷിബു ബേബി ജോൺ
text_fieldsകൊല്ലം: മന്ത്രി കെ.ബി. ഗണേഷ് കുമാറും സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണനുമായും ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ ഷിബു ബേബി ജോൺ രംഗത്ത്. സോളാർ കേസിൽ ചാണ്ടി ഉമ്മൻ പറഞ്ഞതെല്ലാം സത്യമാണെന്ന് ഷിബു ബേബി ജോൺ മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാം അവഹേളനങ്ങളും സഹിച്ചാണ് ഗണേഷ് കുമാറിന് വേണ്ടി ഉമ്മൻചാണ്ടി ഇടപെട്ടത്. മറവി ഒരു സൗകര്യമാണെങ്കിലും ഇവിടെ തെളിവുകളുണ്ട്. മരിച്ചുപോയ വ്യക്തിയെ കുറിച്ചുള്ള പരാമർശം ദൗർഭാഗ്യകരമാണ്. ഉമ്മൻചാണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഗണേഷ് അത് പറയട്ടെ എന്നും ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു.
സോളാർ കേസിൽ ആദ്യവും പിന്നീടും എന്താണ് സംഭവിച്ചതെന്ന് മലയാളിക്ക് ഉത്തമബോധ്യമുണ്ട്. കുടുംബം തകർത്തത് ഉമ്മൻചാണ്ടിയാണെന്ന ഗണേഷിന്‍റെ പ്രസ്താവന നിർഭാഗ്യകരമാണ്. എല്ലാവരും മനുഷ്യരാണെന്ന് ഗണേഷ് ഓർക്കട്ടേ?.
ഗണേഷിന്‍റെ കുടുംബം തകരാതിരിക്കാൻ വേണ്ടി ഉമ്മൻചാണ്ടി എന്തെല്ലാം പരിശ്രമിച്ചെന്ന് അറിയാവുന്ന ഒരു വ്യക്തി താനാണ്. ഉമ്മൻചാണ്ടിയും താനും മാത്രമാണ് ആ വിഷയത്തിൽ ഇടപെട്ടത്. ഒരു മുഖ്യമന്ത്രിയുടെ പണി ഇതാണോ എന്ന അവഹേളിക്കുന്ന ചോദ്യമാണ് അന്ന് നിയമസഭയിൽ ഉയർന്നുവന്നത്. എല്ലാ ദിവസവും പകൽ സമയത്തെ തിരിക്ക് കഴിഞ്ഞ് രാത്രി വളരെ വൈകി ചർച്ച നടത്തി പ്രശ്നത്തിന് പരിഹാരം കാണാൻ ഉമ്മൻചാണ്ടി പരിശ്രമിച്ചത് അറിയാം.
എറണാകുളം ഗസ്റ്റ് ഹൗസിലെ ഒരു കൂടിക്കാഴ്ചയാണ് ഉമ്മൻചാണ്ടിയെ സംശയത്തിന്‍റെ നിഴലിൽ നിർത്തിയത്. ഗസ്റ്റ് ഹൗസിൽ വന്ന ബിജു രാധാകൃഷ്ണൻ ഉമ്മൻചാണ്ടിയുമായി സംസാരിക്കുകയും ഒരാളുടെ പേര് പറയുകയും ചെയ്തു. ഇത്രയും സംഭവ വികാസങ്ങൾ ഉണ്ടായിട്ടും മരിക്കുംവരെ ഉമ്മൻചാണ്ടിയുടെ വായിൽ നിന്ന് ആ പേര് പുറത്തുവന്നില്ല. അതാണ് മഹത്വമെന്ന് പറയുന്നത്.
ഗണേഷന് പറയാനുള്ളത് അദ്ദേഹം പറയട്ടെ. ഈ വിഷയത്തിൽ താൻ കൂടുതൽ പറയുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് ചർച്ച ചെയ്യേണ്ടത് രാഷ്ട്രീയമാണെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.
പത്തനാപുരത്ത് നടന്ന പൊതുപരിപാടിയിലാണ് ഗണേഷ് കുമാറിനെതിരെ ചാണ്ടി ഉമ്മൻ ആദ്യം ആരോപണം ഉന്നയിച്ചത്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കിയത് ഗണേഷ് കുമാറാണ് എന്നായിരുന്നു ചാണ്ടി ഉമ്മന്‍റെ ആരോപണം. സോളാർ കേസിലെ പരാതിക്കാരിയുടെ 18 പേജുള്ള പരാതി 24 പേജ് ആക്കിയതിന് പിന്നിൽ ഗണേഷ് കുമാർ ആണ്. ഇന്നും ഈ വിഷയത്തിൽ കൊട്ടാരക്കര കോടതിയിൽ കേസ് നടക്കുന്നുണ്ട്. ഒരിക്കൽ നീതി ലഭിക്കുമെന്നാണ് വിശ്വാസം. ഉമ്മൻചാണ്ടി നീതിക്ക് നിരക്കാത്തതായി ഒന്നും ചെയ്തിട്ടില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഉമ്മൻചാണ്ടിയുടെ സിഡി തേടി ഗണേഷ് കുമാർ കോയമ്പത്തൂരിലേക്കും തമിഴ്നാട്ടിലേക്കും യാത്ര ചെയ്തു. എന്നിട്ട് സിഡി കിട്ടിയോ എന്നും ചാണ്ടി ഉമ്മൻ ചോദിച്ചു. ആർ. ബാലകൃഷ്ണപിള്ളയുമായി ഉമ്മൻചാണ്ടിക്ക് അടുത്ത ബന്ധമായിരുന്നു. പക്ഷെ, ഗണേഷ് കുമാറിൽ നിന്ന് ഇതുപോലുള്ള നീച പ്രവൃത്തികളാണ് ഉണ്ടായതെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി.
ചാണ്ടി ഉമ്മന്‍റെ ആരോപണത്തോട് പ്രതികരിച്ച ഗണേഷ് കുമാർ, തന്‍റെ കുടുംബം തകർക്കാനും മക്കളെ വേർപിരിക്കാനും ഉമ്മൻചാണ്ടി ശ്രമിച്ചെന്ന് ആരോപണം ഉന്നയിച്ചു. കുടുംബ തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കാനെന്ന വ്യാജേന ഇടപെട്ട് ചതിക്കുകയായിരുന്നു.
ഉമ്മന്‍ചാണ്ടി ജീവിച്ചിരുന്നപ്പോള്‍ ഇത് പറഞ്ഞില്ല. അന്ന് അദ്ദേഹത്തിന് അനുകൂലമായി സി.ബി.ഐക്ക് മൊഴി നൽകി. മുമ്പ് മന്ത്രിസ്ഥാനത്ത് നിന്ന് മാറിയപ്പോൾ പ്രശ്നങ്ങൾ പരിഹരിച്ച ശേഷം തിരിച്ചെടുക്കാമെന്ന് പറഞ്ഞ് പറ്റിച്ചുവെന്നും ഉമ്മൻചാണ്ടി കാണിച്ചത് വലിയ ദ്രോഹമാണെന്നും ഗണേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

