ഓർമ തെളിഞ്ഞു, ആദ്യം തിരക്കിയത് അഫ്സാനെ; മകന്‍റെ മരണവിവരമറിയാതെ ആശുപത്രിയിൽ ഷെമി
text_fieldsതിരുവനന്തപുരം: പേരുമലയിലെ അഫാന്‍റെ ക്രൂര ആക്രമണത്തിനിരയായ മാതാവ് ഷെമി ഓർമ തെളിഞ്ഞപ്പോൾ ആദ്യം തിരക്കിയത് മകൻ അഫ്സാനെ. മകനെ കാണണമെന്നും തന്‍റെ അടുക്കലേക്ക് കൊണ്ടുവരണമെന്നുമായിരുന്നു ആവശ്യം.
അതേ സമയം മകൻ മരിച്ച വിവരം മാതാവിനെ അറിയിച്ചിട്ടില്ല. ഗുരുതര പരിക്കേറ്റ ഇവർ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ തലയിൽ 13 തുന്നലുണ്ടെന്ന് ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടു കണ്ണുകൾക്കും താഴ്ഭാഗത്തായുള്ള എല്ലുകൾ പൊട്ടിയിട്ടുണ്ട്. സംസാരിക്കാനും പ്രയാസമുണ്ട്. എങ്കിലും വേദന കടിച്ചമർത്തി ഷമി അടുത്ത ബന്ധുവിനോട് സംസാരിച്ചു. കാര്യങ്ങളെക്കുറിച്ച് ഓർത്ത് കരഞ്ഞു. അതേ സമയം അഫാനെ പറ്റി ഒന്നും ചോദിച്ചില്ലെന്നും ബന്ധുക്കൾ വ്യക്തമാക്കി.
അഫാന്‍റെ സുഹൃത്തുകൾക്കും ഞെട്ടൽ മാത്രം. സ്റ്റേഷനിലേക്ക് പോകുന്നതിനു തൊട്ടുമുമ്പ് സുഹൃത്തുക്കളിലൊരാൾ കണ്ടിരുന്നു. ‘മച്ചാനെ എന്തുണ്ട്’ എന്ന് വിളിച്ചു ചോദിച്ച് ഒരു കൂസലുമില്ലാതെ സൗഹൃദ സംഭാഷണം.‘‘എനിക്ക് സ്റ്റേഷനിലേക്ക് ഒന്ന് പോകണം, ഒന്ന് ഒപ്പിടാനുണ്ട്’ എന്ന് പറഞ്ഞാണ് യാത്ര പറഞ്ഞ് നേരെ സ്റ്റേഷനിലേക്ക് പോയത്. എന്താണ് സംഭവിച്ചതെന്നറിയുന്നത് പിന്നീട് വാർത്തകളിലൂടെ. തൊട്ടുമുമ്പ് തന്നോട് സംസാരിച്ചയാൾ അഞ്ചുപേരെ കൊന്നിട്ടാണ് വന്നതെന്ന വിവരം ഉൾക്കൊള്ളാൻ പോലും ഇനിയും ഇയാൾക്ക് കഴിഞ്ഞിട്ടില്ല.
അതേസമയം, അരുംകൊലയിൽ ജീവൻ പൊലിഞ്ഞ അഞ്ചുപേർക്കും നാട് കണ്ണീരോടെ വിട നൽകി. പിതൃമാതാവ് സല്‍മാ ബീവി, സഹോദരന്‍ അഫ്‌സാന്‍, പിതൃസഹോദരന്‍ അബ്ദുല്‍ ലത്തീഫ്, ഭാര്യ ഷാഹിദാ ബീവി, സുഹൃത്ത് ഫര്‍സാന എന്നിവരുടെ മൃതദേഹങ്ങളാണ് ഖബറടക്കിയത്.
മൂന്നോടെ പൊലീസ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകിയ മൃതദേഹങ്ങളില്‍ ഫര്‍സാനയുടേത് മുക്കുന്നൂരുള്ള വീട്ടിലെത്തിച്ചു. ഇവിടെ മൃതദേഹം കാണാന്‍ നാട്ടുകാരും ബന്ധുക്കളും സഹപാഠികളുമുൾപ്പെടെ നൂറുകണക്കിന് പേര്‍ എത്തിയിരുന്നു. ഇവരുടെ അന്ത്യോപചാരങ്ങള്‍ക്ക് ശേഷം ചിറയിന്‍കീഴ് കാട്ടുമുറാക്കല്‍ ജമാഅത്ത് ഖബര്‍സ്ഥാനിലായിരുന്നു ഖബറടക്കം.
അഫ്‌സാന്റെ മൃതദേഹം പേരുമല ജങ്ഷനിലാണ് പൊതുദര്‍ശനത്തിന് വെച്ചത്. ഇവിടെയും നൂറുകണക്കിന് പേര്‍ അന്ത്യോപചാരമര്‍പ്പിച്ചു. ലത്തീഫ്, ഷാഹിദാ ബീവി എന്നിവരുടെ മൃതദേഹങ്ങള്‍ എസ്.എന്‍ പുരത്തുള്ള വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോഴും മൃതദേഹം കാണാനും അന്ത്യോപചാരമര്‍പ്പിക്കാനും വന്‍ ജനാവലി എത്തി. പിന്നീട് ഫര്‍സാന ഒഴികെ ഉള്ളവരുടെ മൃതദേഹങ്ങള്‍ താഴെ പാങ്ങോട് ജമാഅത്ത് മദ്റസ ഹാളില്‍ വീണ്ടും പൊതുദര്‍ശനത്തിനെത്തിച്ചു. ശേഷം താഴെ പാങ്ങോട് മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

