Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷീലക്കും പി.കെ....

ഷീലക്കും പി.കെ. മേദിനിക്കും ആജീവനാന്ത സംഭാവനാ പുരസ്‌കാരം; ഈ വർഷത്തെ വയോസേവന അവാർഡുകൾ പ്രഖ്യാപിച്ചു

text_fields
bookmark_border
Sheela, PK Medini
cancel
camera_alt

നടി ഷീലയും ഗായിക പി.കെ. മേദിനിയും

തിരുവനന്തപുരം: ഈ വർഷത്തെ വയോ സേവന അവാർഡുകൾ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പ്രഖ്യാപിച്ചു. മലയാളത്തിന്റെ ആദ്യകാല ലേഡി സൂപ്പർ സ്റ്റാറും നിത്യഹരിത നായികയുമായ ഷീലയെയും പ്രശസ്ത ഗായിക പി.കെ. മേദിനിയെയും ആജീവനാന്ത സംഭാവനക്കുള്ള പുരസ്ക്കാരങ്ങൾക്ക് തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപ വീതമാണ് ആജീവനാന്ത സംഭാവനക്കുള്ള പുരസ്കാരത്തുക. വയോജനക്ഷേമ പ്രവർത്തനങ്ങളിലെ ഈടുറ്റ സംഭാവനകൾക്ക് വയോജന കമീഷൻ അംഗം കൂടിയായ അമരവിള രാമകൃഷ്ണനെ പ്രത്യേക ആദരത്തിന് തെരഞ്ഞെടുത്തതായും മന്ത്രി പറഞ്ഞു.

അറുപതുകളുടെ ആരംഭത്തിൽ സിനിമയിലെത്തിയ ഷീല, രണ്ടു പതിറ്റാണ്ടിലേറെ കാലം വെള്ളിത്തിരയിലെ നിറസാന്നിദ്ധ്യമായിരുന്നു. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച താര ജോഡിയെന്ന റെക്കോഡും അവർ പ്രേം നസീറിനൊപ്പം പങ്കിട്ടു. ജെ.സി. ഡാനിയേൽ പുരസ്‌കാരവും നിരവധി തവണ ദേശീയ-സംസ്ഥാന അവാർഡുകളും തേടിയെത്തിയിട്ടുള്ള ചലച്ചിത്ര പ്രതിഭയാണ് ഷീല.

ഗായികയും സംഗീതജ്ഞയും എന്നതിനൊപ്പം പുന്നപ്ര വയലാർ സ്വാതന്ത്ര്യസമര സേനാനിയായും ചരിത്രത്തിൽ ഇടം നേടിയ പി.കെ. മേദിനി, കേരള സംഗീത നാടക അക്കാദമി അവാർഡും ജനകീയ ഗായിക അവാർഡും കാമ്പിശ്ശേരി പുരസ്‌കാരവും പോലെയുള്ള ഒട്ടേറെ അംഗീകാരങ്ങൾക്ക് ഉടമയായ കലാപ്രതിഭയാണ്.

മുതിർന്ന പൗരന്മാരുടെ ക്ഷേമം ലക്ഷ്യമാക്കി സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ രൂപീകരിക്കുന്നതിന് നേതൃത്വം വഹിക്കുകയും രണ്ടു പതിറ്റാണ്ടോളമായി വയോജനങ്ങൾക്കായുള്ള നിരവധി പദ്ധതികളുടെ രൂപീകരണത്തിന് ഇക്കാലയളവുകളിലെ സർക്കാറുകൾക്ക് വയോജനതയുടെ സഹായ സഹകരണങ്ങൾ ഉറപ്പാക്കുകയും ചെയ്‌തുപോരുന്ന വിശിഷ്ട വ്യക്തിയാണ് പ്രത്യേകാദരത്തിന് തിരഞ്ഞെടുക്കപ്പെട്ട അമരവിള രാമകൃഷ്‌ണൻ.

പതിനൊന്ന് മേഖലകളിലായി നൽകി വരുന്ന സംസ്ഥാനതല വയോസേവന പുരസ്‌കാരങ്ങൾക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ വിശദ വിവരങ്ങൾ ഇനിപ്പറയുന്നു:

മികച്ച കോർപറേഷനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്ക്കാരം ദക്ഷിണേഷ്യയിലെ ആദ്യ വയോജന സൗഹൃദ നഗരമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച കൊച്ചി കോർപറേഷനാണ്. ലോകാരോഗ്യ സംഘടന ജനീവയിൽ നടത്തിയ ലീഡർഷിപ്പ് ഉച്ചകോടിയിലാണ് കൊച്ചിക്ക് അംഗീകാരം ലഭിച്ചിരുന്നത്.

പൊതുസ്ഥാപനങ്ങളിലും സർക്കാർ ഓഫിസുകളിലും വയോജന സൗഹൃദ സൗകര്യങ്ങൾ ഏർപ്പെടുത്തിയതടക്കമുള്ള പ്രവർത്തനമികവിന് - ആരോഗ്യകേന്ദ്രങ്ങളിൽ വയോജന സൗഹൃദ പ്രവേശന മാർഗങ്ങൾ, കാത്തിരിപ്പ് മുറികൾ, ഇരിപ്പിട സൗകര്യങ്ങൾ, കുടിവെള്ള സൗകര്യം, ശുചിമുറികൾ തുടങ്ങിയവ സജ്ജമാക്കി - മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്കാരം കാസർകോട് നേടി.

വാതിൽപ്പടി സേവനത്തിലും കുടുംബശ്രീ സംവിധാനം ഉപയോഗപ്പെടുത്തുന്നതിലും ഉള്ള മികവോടെ വയോജന സൗഹൃദ നഗരസഭയായി പ്രവർത്തിക്കുന്ന നെടുമങ്ങാട് നഗരസഭയെ മികച്ച മുനിസിപ്പാലിറ്റിയായി തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയാണ് പുരസ്‌കാരത്തുക.

മൊബൈൽ ആരോഗ്യക്ലിനിക്ക് സേവങ്ങൾ എത്തിക്കുകയും വയോജനങ്ങൾക്ക് വിജ്ഞാനത്തിനും വിനോദത്തിനും ഹാപ്പിനെസ് കോർണർ സജ്ജമാക്കുകയും ചെയ്‌തതടക്കമുള്ള പ്രവർത്തനങ്ങൾക്ക് മാനന്തവാടിയെ മികച്ച ബ്ലോക്ക് പഞ്ചായത്തായും (ഒരു ലക്ഷം രൂപ പുരസ്‌കാരം), വയോജനങ്ങൾക്ക് സൗജന്യ ഡയാലിസിസ്, വാർഡുകളിൽ വയോജന ക്ലബ്ബ്, വയോജന പാർക്ക് തുടങ്ങിയവ സ്ഥാപിച്ച ഒളവണ്ണയെ മികച്ച ഗ്രാമപഞ്ചായത്തായും (ഒരു ലക്ഷം രൂപ പുരസ്‌കാരം) തെരഞ്ഞെടുത്തു.

മികച്ച എൻ.ജി.ഒക്കുള്ള പുരസ്ക്കാരം, വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പുകൾ, ഫിസിയോ തെറാപ്പി കേന്ദ്രങ്ങൾ, കൗൺസലിങ് സേവനങ്ങൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന റെസിഡൻഷ്യൽ കെയർ ഹോമുകൾ എന്നിവ നടത്തിവരുന്ന കണ്ണൂരിലെ ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റിനു കീഴിലുള്ള ഖിദ്‌മ തണൽ സ്നേഹവീടിനാണ്. അര ലക്ഷം രൂപയാണ് പുരസ്കാരം.

നാഷനൽ സർവീസ് സ്‌കീം സന്നദ്ധപ്രവർത്തകരെ വൃദ്ധസദനങ്ങളുമായി സംയോജിപ്പിച്ച് 'തിരികെ' എന്ന ജില്ലാതല പദ്ധതിയും, വയോജനങ്ങൾക്ക് സാമൂഹ്യ ഉൾച്ചേർക്കലും ഉപജീവനം മെച്ചപ്പെടുത്തലും ഉറപ്പാക്കുന്ന 'കൂടെ' പദ്ധതിയും പോലുള്ള മികവാർന്ന പ്രവർത്തനങ്ങൾക്ക്, മികച്ച മെയിന്റനൻസ് ട്രിബ്യൂണലിനുള്ള പുരസ്കാരം തൃശൂർ മെയിന്റനൻസ് ട്രിബ്യൂണൽ നേടി. അര ലക്ഷം രൂപയാണ് പുരസ്കാരം.

മികച്ച മാലിന്യ സംസ്കരണ പ്രവർത്തനത്തിന് കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ അംഗീകാരം നേടിയ, മാതൃകാ സായംപ്രഭാ പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ച വെച്ച, കോഴിക്കോട് കോർപറേഷനു കീഴിലെ കുണ്ടൂപ്പറമ്പ് സായംപ്രഭാ ഹോമിനാണ് മികച്ച സർക്കാർ വൃദ്ധസദനം/സായംപ്രഭാ ഹോം മേഖലയ്ക്കുള്ള പുരസ്കാരം. അര ലക്ഷം രൂപയാണ് സമ്മാനം.

കല-സാഹിത്യം-സംസ്‌കാരം മേഖലയിൽ വിഖ്യാത കഥാപ്രസംഗ കലാകാരനായ തൃക്കുളം കൃഷ്‌ണൻകുട്ടിയെയും പൂതംകളി കലാരംഗത്തെ സജീവ സാന്നിദ്ധ്യമായ അമ്പലപ്പടിക്കൽ നാരായണനെയും പുരസ്‌ക്കാരത്തിന് തിരഞ്ഞെടുത്തു. കാൽ ലക്ഷം രൂപ വീതമാണീ പുരസ്കാരങ്ങൾ.

കായിക മേഖലയിലെ മികവിന് ഇന്റർനാഷനൽ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് അയോധ്യ, നാഷനൽ മാസ്‌റ്റേഴ്‌സ് ഗെയിംസ് ധർമശാല തുടങ്ങി ഒട്ടേറെ കായിക അരങ്ങുകളിൽ മെഡലുകൾ സ്വന്തമാക്കിയ ഇരവി ഗോപാലകൃഷ്ണൻ, ബ്റൂണെ മാസ്‌റ്റേഴ്‌സ് ഓപ്പൺ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്, മലേഷ്യൻ ഇന്റർനാഷനൽ മാസ്‌റ്റേഴ്‌സ് ഓപ്പൺ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്, ഗോവ റിവർ മാരത്തൺ ചാമ്പ്യൻഷിപ്പ് തുടങ്ങി നിരവധി അന്താരാഷ്ട്ര കായികവേദികളിൽ സമ്മാനിതനായ വി. വാസു എന്നിവർക്ക് പുരസ്ക്കാരം നൽകും. കാൽ ലക്ഷം രൂപ വീതമാണീ പുരസ്കാരങ്ങളും.

ക്യാഷ് അവാർഡിനൊപ്പം പ്രശസ്തിപത്രവും മെമന്റോയും ഉൾപ്പെട്ടതാണ് പുരസ്കാരങ്ങൾ. ഒക്ടോബർ മൂന്നിന് തൃശൂരിൽ നടക്കുന്ന സംസ്ഥാനതല വയോജനദിനാചരണ ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sheelaPK mediniKerala NewsLatest News
News Summary - Sheela and P.K. Medini to receive lifetime contribution award
Next Story