ഷെബിനയുടെ മരണം: ഭർതൃസഹോദരി അറസ്റ്റിൽ; ഭർത്താവിന്റെ മുൻകൂർ ജാമ്യഹരജി തള്ളി
text_fieldsമരിച്ച ഷെബിന, അറസ്റ്റിലായ ഹഫ്സ
വടകര: ഓർക്കാട്ടേരി കുന്നുമ്മക്കര നെല്ലാച്ചേരിയിൽ തണ്ടാർകണ്ടിയിൽ ഹബീബിന്റെ ഭാര്യ ഷെബിന ഭർതൃവീട്ടിൽ ആത്മഹത്യചെയ്ത സംഭവത്തിൽ ഭർതൃസഹോദരി അറസ്റ്റിലായി. ഓർക്കാട്ടേരി കല്ലേരി വീട്ടിൽ ഹഫ്‌സത്തിനെയാണ് (44) എടച്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ജില്ല സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വടകര ഡിവൈ.എസ്.പിക്ക് മുന്നിൽ ഹാജരാകുകയായിരുന്നു.
വനിത ലീഗ് ഏറാമല പഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്നു. യുവതിയുടെ മരണത്തിൽ പ്രതി ചേർത്തതോടെ ഇവരെ പുറത്താക്കി. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ ഡിസംബർ 29 വരെ റിമാൻഡിലാക്കി മാനന്തവാടിയിലെ വയനാട് ജില്ല വനിതാ ജയിലിലേക്കയച്ചു. ഭർത്താവ് ഹബീബിന്റെ മുൻകൂർ ജാമ്യാപേക്ഷയും തള്ളി. പരാതിക്കാരനായ ഷെബിനയുടെ പിതൃസഹോദരൻ അഷ്റഫിന് വേണ്ടി അഡ്വ. പി. രാജീവ് ഹാജരായി.
ഷെബിനയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് ഹഫ്‌സത്തിൽനിന്നുണ്ടായ ഗാർഹികപീഡനവും മർദനവുമാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഷെബിനയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർതൃപിതാവ് മഹമൂദ് ഹാജിക്ക് പ്രായം പരിഗണിച്ച് കോഴിക്കോട് ജില്ല സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. കേസിൽ ഭർതൃമാതാവ് നബീസ, മാതൃസഹോദരൻ ഹനീഫ എന്നിവർ റിമാൻഡിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

