അനാഥയല്ലവൾ; ഇനി നാടിന്‍റെ ‘നിധി’
text_fieldsനിധി, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർഷാ, ഡോക്ടർമാർ,
നഴ്‌സുമാർ തുടങ്ങിയവർക്കൊപ്പം
കൊച്ചി: ഇന്നലെവരെ അവൾ പേരില്ലാത്ത കുഞ്ഞായിരുന്നു, പിറന്ന് ദിവസങ്ങൾ മാത്രമായപ്പോൾ മാതാപിതാക്കൾ ഉപേക്ഷിക്കപ്പെട്ടവൾ... ഇനി ആ പിഞ്ചുമകളെ നാട് സ്നേഹത്തോടെ ‘നിധി’യെന്നു വിളിക്കും. മൂന്നാഴ്ച മാത്രം പ്രായമുള്ളപ്പോൾ ഝാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ സ്വകാര്യ ആശുപത്രി ഐ.സി.യുവില്‍ ഉപേക്ഷിച്ച് പോയ പെണ്‍കുഞ്ഞിപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പൂര്‍ണ ആരോഗ്യവതിയാണ്.
ഒന്നര മാസത്തെ ചികിത്സക്കുശേഷം വ്യാഴാഴ്ച കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും. ആശുപത്രി സൂപ്രണ്ടിന്റെ അഭ്യർഥന മാനിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ് കുഞ്ഞിന് ‘നിധി’ എന്ന് പേരിട്ടു. ഓരോ കുഞ്ഞും അമൂല്യ നിധിയാണെന്ന സന്ദേശവുമായാണ് മന്ത്രി ‘നിധി’ എന്ന പേരിട്ടത്. കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ഝാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍, നാട്ടിലേക്ക് പ്രസവത്തിനായി പോകുന്നതിനിടെ ട്രെയിനില്‍വെച്ച് ഭാര്യക്ക് അസ്വസ്ഥതകളുണ്ടായതിനെത്തുടർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു.
ഒരുകിലോയില്‍ താഴെ മാത്രം ഭാരമുള്ളതിനാല്‍ വിദഗ്ധ ചികിത്സക്ക് കുഞ്ഞിനെ സ്വകാര്യ ആശുപത്രി എൻ.ഐ.സിയുവിലേക്ക് മാറ്റി. പിന്നീട് അച്ഛനെയും അമ്മയെയും കാണാതായി. ഈ വാര്‍ത്ത ശ്രദ്ധയിൽപെട്ടതിനെ തുടര്‍ന്ന് മന്ത്രി വീണ ജോര്‍ജ് കുഞ്ഞിന്റെ സംരക്ഷണവും ചികിത്സയും ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച് വിദഗ്ധ പരിചരണം ഉറപ്പാക്കി. കുഞ്ഞിന്റെ ചികിത്സക്ക് സ്വകാര്യ ആശുപത്രിയില്‍ ചെലവായ തുക ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിശ്ചയിക്കുന്ന പ്രകാരം വനിത-ശിശുവികസന വകുപ്പിന്റെ ബാലനിധിയിലൂടെ അനുവദിക്കാനും തീരുമാനിച്ചു.
എറണാകുളം ജനറല്‍ ആശുപത്രിയിലെ സ്‌പെഷൽ ന്യൂ ബോണ്‍ കെയര്‍ യൂനിറ്റിലെത്തിക്കുമ്പോള്‍ 950 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം. ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിര്‍ഷായുടെ ഏകോപനത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ചാണ് ചികിത്സ ഏകോപിപ്പിച്ചത്. മില്‍ക്ക് ബാങ്കില്‍നിന്ന് കുഞ്ഞിനാവശ്യമായ മുലപ്പാല്‍ നല്‍കുന്നുണ്ട്. പൂര്‍ണ ആരോഗ്യവതിയായ കുഞ്ഞിനിപ്പോള്‍ 37 ആഴ്ച പ്രായവും രണ്ടരകിലോ തൂക്കവുമുണ്ട്. സാധാരണ കുട്ടികളെപ്പോലെ പാല്‍ കുടിക്കാന്‍ കഴിയുന്ന അവസ്ഥയിലാണ് ശിശുക്ഷേമ സമിതിക്ക് കൈമാറുന്നത്.
പീഡിയാട്രിക് വിഭാഗം മേധാവി ഡോ. വിനീത, സ്‌പെഷൽ ഓഫിസര്‍ ഡോ. വിജി എന്നിവരുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരടങ്ങിയ ടീം എന്നിവർ കുഞ്ഞിനെ ചികിത്സിക്കുകയും നഴ്‌സുമാർ പരിചരണം ഉറപ്പാക്കുകയുംചെയ്തു. കുഞ്ഞിന് മികച്ച പരിചരണവും ചികിത്സയും ഉറപ്പാക്കിയ ആശുപത്രിയിലെ ടീമംഗങ്ങളെ മന്ത്രി അഭിനന്ദിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

