കന്യാസ്ത്രീകളുടെ അറസ്റ്റ്: രാജ്യം ഭരിക്കുന്ന പാർട്ടി നീതി നടപ്പാക്കും, അതാണ് ഛത്തീസ്ഗഢിൽ പാലിക്കപ്പെട്ടത് -ഷോൺ ജോർജ്
text_fieldsതിരുവനന്തപുരം: ബി.ജെ.പിയും ഛത്തീസ്ഗഡ് സർക്കാരും സ്വീകരിച്ച മനുഷ്യത്വപരമായ നിലപാടാണ് ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ ജയിലിൽനിന്ന് പുറത്തിറങ്ങാൻ കാരണമെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനും പി.സി. ജോർജിന്റെ മകനുമായ ഷോൺ ജോർജ്. ബി.ജെ.പിയുടെ നിഷ്പക്ഷ നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും രാജ്യം ഭരിക്കുന്ന പാർട്ടി നീതി നടപ്പിലാക്കും, അതാണ് ഛത്തീസ്ഗഢിൽ പാലിക്കപ്പെട്ടതെന്നും ഷോൺ പറഞ്ഞു.
പ്രാദേശികമായി രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ പേരിൽ ഛത്തീസ്ഗഢ് സർക്കാരിനെതിരെ ഇടതു-വലത് എംപിമാർ നടത്തിയ പ്രതിഷേധം പ്രശ്നങ്ങൾ കൂടുതൽ വഷളാക്കാൻ മാത്രം ഉദ്ദേശിച്ചാണ്. പൊലീസ് നടപടി ശരിയാണെന്ന് തെളിയിക്കാൻ ഛത്തീസ്ഗഢ് സർക്കാർ കൂടി ഇറങ്ങിയിരുന്നുവെങ്കിൽ കന്യാസ്ത്രീകളുടെ അവസ്ഥ എന്താകുമായിരുന്നു എന്ന് ഇവരാരും ചിന്തിച്ചില്ല.
കാത്തലിക് ബിഷപ്പ് കൗൺസിൽ രാജീവ് ചന്ദ്രശേഖറിനോട് ഏഴു കാര്യങ്ങളിൽ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതിൽ ഏഴു പ്രശ്നങ്ങളും അദ്ദേഹം പരിഹരിച്ചു. ഏഴാമത്തെ പ്രശ്നമായ കന്യാസ്ത്രീകളുടെ അറസ്റ്റ് അവർ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയ ശേഷം മാത്രമാണ് ബിജെപിയുടെ മുൻപിലേക്ക് എത്തിയത്. അതിന് ശേഷം കഴിയുന്നതെല്ലാം ബിജെപി ചെയ്തു.
എല്ലാ കാലത്തും കേരളത്തിലെ ക്രൈസ്തവർ കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയ അടിമകളാണ് എന്ന് കരുതേണ്ട. എല്ലാം എല്ലാവർക്കും മനസ്സിലാകുന്ന സാഹചര്യത്തിലാണിത്. ഇനി അത് നടപ്പിലാകില്ല. വയനാട്, പാലക്കാട്, ചേലക്കര, നിലമ്പൂർ ഉപതിരഞ്ഞെടുപ്പുകളിൽ മതമൗലികവാദ സംഘടനകളെയും ഭീകരസംഘടനകളെയും പരസ്യമായി കൂട്ടുപിടിച്ചത് പൊതുജനം മനസ്സിലാക്കി കഴിഞ്ഞു. ഇതിനെതിരെ ബിജെപി ശക്തമായി രംഗത്ത് വരുകയും ബിജെപിക്ക് മതേതര മുഖം ലഭിക്കുകയും ചെയ്യുന്നതാണ് മതമൗലികവാദ സംഘടനകളെ ചൊടിപ്പിക്കുന്നത്. അതിനാലാണ് സഭ നടത്തുന്ന സമരങ്ങളെ ഹൈജാക്ക് ചെയ്ത് നുഴഞ്ഞുകയറി ബിജെപിക്കെതിരായ ആയുധമാക്കുന്നത്.
മുനമ്പത്ത് 600 കുടുംബങ്ങൾ നീതിക്കായി പോരാടുന്നുണ്ട്. വഖഫ് ഭേദഗതി പാടില്ലെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയതും കോൺഗ്രസും മുസ്‍ലിം ലീഗുമാണ്. ഇത്രയും പറഞ്ഞിട്ടും അവരാണ് ക്രൈസ്തവ സ്നേഹം പറയുന്നത്. ഭാരതീയ ജനത പാർട്ടിയേയ്ക്കാണ് മതേതര നിലപാട് സ്വീകരിക്കാൻ ഉള്ള ധൈര്യം. പാർട്ടിയുടെ കമ്മിറ്റികളും ഭാരവാഹികളും നിലപാടുകളും പരിശോധിച്ചാൽ ആരായാലും അതിന്റെ തെളിവ് കിട്ടും. രാജ്യസ്നേഹികളായ മുഴുവൻ ഇസ്‍ലാം മത വിശ്വാസികളെയും ബി.ജെ.പി കൂടെ നിർത്താൻ ആഗ്രഹിക്കുന്നു. അതുപോലെ രാജ്യവിരുദ്ധ ശക്തികൾക്കെതിരെ ശക്തമായ നിലപാടും സ്വീകരിക്കുമെന്നും ഷോൺ ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

