ചന്ദ്രനിലെ ശിവശക്തി നാമകരണം പിൻവലിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്
text_fieldsതിരുവനന്തപുരം: ചന്ദ്രനിലെ ശിവശക്തി നാമകരണം പിൻവലിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്. ചന്ദ്രനിൽ ചാന്ദ്രയാൻ-3 ഇറങ്ങിയ സ്ഥലത്തിന് ഇന്ത്യയുടെ ശിവശക്തി പോയിന്റ് എന്ന് പേരിട്ടിരിക്കുന്നത് തീർത്തും അനുചിതമായ പ്രവർത്തനമാണ്.
ആകാശഗോളങ്ങൾക്കും ബഹിരാകാശ ഇടങ്ങൾക്കും പേര് നൽകുന്നതിന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂനിയൻ അംഗീകരിച്ച മാനദണ്ഡങ്ങളാണ് എല്ലാ രാജ്യങ്ങളും പിന്തുടർന്ന് പോരുന്നതെന്നും പ്രസിഡണ്ട് ബി.രമേശും ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേലും പ്രസ്താവനയിൽ അറിയിച്ചു.
നാമകരണത്തിനുള്ള ആധുനിക മാനദണ്ഡങ്ങളിൽ മിത്തുകൾക്ക് യാതൊരു സ്ഥാനവുമില്ല. ഇന്ത്യക്ക് ആ പ്രത്യേക സ്ഥലത്തിന് സ്വന്തം രാജ്യത്തെ ശാസ്ത്രജ്ഞരുടെയോ, ബഹിരാകാശ ഗവേഷണരംഗത്ത് മുന്നേറ്റമുണ്ടാക്കിയ വ്യക്തികളുടേയോ പേരാണ് നൽകാനാവുന്നത്. അക്കാദമികവും ശാസ്ത്രീയവുമായ ഇത്തരം കാര്യങ്ങളിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ലംഘിക്കുന്നത് ആ മേഖലകളിൽ ഒറ്റപ്പെടുന്നതിന് കാരണമായേക്കാം.
ശാസ്ത്രത്തിൻ്റെ ഉജ്വലമായ നേട്ടങ്ങളെപ്പോലും രാഷ്ട്രീയ താത്പര്യങ്ങൾ വെച്ച് മതപരവും വിശ്വാസപരവുമായ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത് ആഗോളതലത്തിൽ അക്കാദമികഗവേഷണ രംഗത്ത് ഇന്ത്യയെ നാണം കെടുത്തും. സ്വാതന്ത്ര്യദിന തലേന്ന് പുതുതായി കണ്ടെത്തിയ താമര ഇനത്തിന് സി.എസ്.ഐ.ആർ നമോ 108 എന്ന് പേരിട്ടതിനു പിന്നിലെ രാഷ്ട്രീയ ലാക്കും അപലപനീയമാണ്.
ചാന്ദ്രയാൻ 3 ൻ്റെ വിജയത്തെത്തുടർന്ന് ഇന്ത്യാ സർക്കാർ നടത്തുന്ന പ്രഖ്യാപനങ്ങൾ പലതും ഭരണകക്ഷിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ പിൻപറ്റിയുള്ളതാകുന്നത് ഇന്ത്യൻ ശാസ്ത്രസമൂഹത്തിന് അങ്ങേയറ്റം അപമാനകരവുമാണ്. ശാസ്ത്ര സമൂഹം നിർവ്വഹിക്കേണ്ട ചുമതലകൾ പ്രധാനമന്ത്രി യുടെ രാഷ്ട്രീയ പ്രഖ്യാപനങ്ങളാക്കി മാറ്റുന്നത് ഒട്ടും അഭിഷണീയമല്ല.
1967ലെ അന്താരാഷ്ട്ര ഉടമ്പടി പ്രകാരം ബഹിരാകാശ ഗോളങ്ങൾ മാനവരാശിയുടെ പൊതുസ്വത്താണ്. ആ ഉടമ്പടിയുടെ ലംഘനം ബഹിരാകാശ മേഖലയുടെ ദുരുപയോഗത്തിനെതിരെ ഇന്ത്യ കൈക്കൊണ്ടിട്ടുള്ള ധാർമിക നിലപാടിനെയാണ് ദുർബ്ബലപ്പെടുത്തുന്നത്.
ഇതെല്ലാം കണക്കിലെടുത്ത് ചന്ദ്രനിലെ ഈ പ്രത്യേകസ്ഥലത്തിന് ശിവശക്തി പോയിൻ്റ് എന്ന് നാമകരണം ചെയ്ത നടപടി അടിയന്തിരമായി പിൻവലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

