ശശി തരൂരിന് യു.ഡി.എഫ് ഘടകകക്ഷികളുടെ പിന്തുണ കുറയുന്നു, സമീപകാല സംഭവങ്ങളിൽ മുസ്ലിം ലീഗിന് അതൃപ്തി
text_fieldsതിരുവനന്തപുരം: സമീപകാലത്തെ ശശി തരൂർ എം.പിയുടെ നിലപാടുകൾ മൂലം വെട്ടിലായിരിക്കുകയാണ് കോൺഗ്രസ്. എന്നാൽ വിവാദങ്ങൾ സൃഷ്ടിക്കേണ്ടെന്നും പ്രസ്താവനകൾക്ക് മറുപടി നൽകേണ്ടതില്ലെന്നും കോൺഗ്രസ് നേതാക്കളെ വിലക്കിയിരിക്കുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ്. അതിനിടെയാണ് ശശി തരൂരിനെതിരെ അതൃപ്തിയുമായി ഘടകകക്ഷികൾ രംഗത്തെത്തിയിരിക്കുന്നത്.
പ്രതിസന്ധി ഘട്ടങ്ങളിൽ ശശി തരൂരിനെ പിന്തുണച്ചിരുന്ന മുസ്ലിം ലീഗും ആർ.എസ്.പിയും ശശി തരൂരിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്.
ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ സംഘടിപ്പിച്ച ഉച്ചഭക്ഷണ വിരുന്നില്‍ തരൂര്‍ പങ്കെടുത്തത് യു.ഡി.എഫ് ഘടകകക്ഷികൾക്ക് പ്രത്യേകിച്ച് മുസ്ലിം ലീഗിന് ഒട്ടും രുചിച്ചിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ശശി തരൂരിന്റെ മേല്‍ യാതൊരു നിയന്ത്രണം നഷ്ടപ്പെട്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം തുറന്നു പറഞ്ഞു. 'ശശി തരൂരിന്റെ ചില പ്രവൃത്തികളില്‍ മുസ്ലീം ലീഗിന് കടുത്ത വിയോജിപ്പുണ്ട്. കുറച്ചുകാലമായി തരൂർ ഇതു തുടരുന്നു. ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്.' എന്ന് അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ തരൂര്‍ സജീവമാകുന്നത് തടയാന്‍ സംസ്ഥാനത്തെ ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചപ്പോള്‍, ലീഗ് അദ്ദേഹത്തിന് മികച്ച പിന്തുണയാണ് നല്‍കിയിരുന്നത്.
ജൂണ്‍ 27നാണ് ഇന്ത്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി ഇസ്രയേല്‍ പ്രതിനിധി വിരുന്ന് ഒരുക്കിയത്. ഇറാനുമായുള്ള യുദ്ധത്തിലും ഗസ്സക്കെതിരായ ആക്രമണത്തിലും ഇസ്രയേലിന് ഇന്ത്യന്‍ രാഷ്ട്രീയനേതൃത്വത്തിന്റെ പിന്തുണ അഭ്യർഥിക്കുന്നതിനായിരുന്നു വിരുന്ന്. ശശി തരൂരിനെ കൂടാതെ ബി.ജെ.പി നേതാക്കളായ രവിശങ്കര്‍ പ്രസാദ്, ബൈജയന്ത് പാണ്ഡ, കോണ്‍ഗ്രസിലെ പ്രണിതി ഷിന്‍ഡെ ദീപേന്ദര്‍ സിങ് ഹൂഡ എന്നിവരേയും വിരുന്നിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളായ പ്രണിതി ഷിന്‍ഡെയും ദീപേന്ദര്‍ സിങ് ഹൂഡയും വിരുന്നില്‍ നിന്നും വിട്ടുനിന്നപ്പോള്‍, ശശി തരൂര്‍ പങ്കെടുത്തതാണ് പ്രകോപനമായത്.
2023-ല്‍, ലീഗ് നേതൃത്വം ഫലസ്തീന്‍ അനുകൂല റാലിയിൽ ഹമാസിനെ ഒരു തീവ്രവാദ സംഘടനയായി തരൂര്‍ പരാമര്‍ശിച്ചത് ലീഗിനെ അസ്വസ്ഥമാക്കിയിരുന്നു. തരൂരിനെ ഇനിയും പിന്തുണച്ചാല്‍ മുസ്ലിം സമൂഹത്തില്‍ നിന്നും വലിയ എതിര്‍പ്പ് ക്ഷണിച്ചുവരുത്തുമെന്ന വിലയിരുത്തലാണ് ലീഗ് നേതൃത്വത്തിനുള്ളത്.
തരൂര്‍ യു.ഡി.എഫ് താൽപര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് എന്ന് ആർ.എസ്.പിക്കും പരാതിയുണ്ട്. കോണ്‍ഗ്രസ് ടിക്കറ്റില്‍ തെരഞ്ഞെടുക്കപ്പെട്ട തരൂര്‍ ബോധപൂര്‍വ്വം ബിജെപിയുടെ ശബ്ദത്തിലാണ് സംസാരിക്കുന്നതെന്ന് ആർ.എസ്.പി നേതൃത്വം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

