ശശി തരൂരിന്റെ വിവാദ ലേഖനം; ആധാരമാക്കിയത് സ്വകാര്യ കൂട്ടായ്മയുടെ പഠനം
text_fieldsശശി തരൂർ
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ ചൂടേറിയ വാദപ്രതിവാദങ്ങൾക്കിടയാക്കിയ ശശി തരൂർ എം.പിയുടെ വിവാദ ലേഖനത്തിന് ആധാരമായ റിപ്പോർട്ട് തയാറാക്കിയത് ‘സ്റ്റാർട്ടപ് ജിനോം’ സ്വകാര്യ കൂട്ടായ്മ. കേരള സ്റ്റാർട്ടപ് മിഷനെ പോലെ ലോകത്തെ വിവിധ പൊതു/സ്വകാര്യ ഏജൻസികളും മന്ത്രാലയങ്ങളുമാണ് ഇവരുടെ ഉപഭോക്താക്കൾ.
സ്വന്തം കക്ഷികൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയാറാക്കുന്ന ഡേറ്റകളാണ് ആധികാരികമെന്ന നിലയിൽ ഇവർ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടുകളുടെ അവലംബം. ഈ ഏകപക്ഷീയ റിപ്പോർട്ടിനെ തരൂർ അക്കാദമികമായി മാത്രം സമീപിച്ചത് ഭരണപക്ഷത്തിന് വലിയ പ്രചാരണായുധമാക്കാനായി.
55 ലധികം രാജ്യങ്ങളിലായി 160 ലധികം സാമ്പത്തിക, ഇന്നവേഷൻ മന്ത്രാലയങ്ങളുമായും പൊതു/സ്വകാര്യ ഏജൻസികളുമായും സഹകരിക്കുന്ന, ലോകത്തെ മുൻനിര ഇന്നവേഷൻ ഇക്കോ സിസ്റ്റം ഡെവലപ്മെന്റ് ഓർഗനൈസേഷനെന്നാണ് സ്റ്റാർട്ടപ് ജിനോം സ്വയം അവകാശപ്പെടുന്നത്. സംസ്ഥാന സർക്കാറിന്റെ പി.ആർ ഏജൻസിക്ക് സമാനമായി തയാറാക്കിയ റിപ്പോർട്ട് ഉദ്ധരിച്ചാണ് ശശി തരൂരിന്റെ ലേഖനമെന്നാണ് പ്രതിപക്ഷ ആരോപണം.
2019 മുതൽ 2023 വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയുമായിരുന്ന കാലയളവിൽ സംസ്ഥാനത്ത് തുടക്കമിട്ട വിവിധ ഐ.ടി സംരംഭങ്ങളെ സംബന്ധിച്ച് റിപ്പോർട്ടിലോ തരൂരിന്റെ ലേഖനത്തിലോ പരാമർശമില്ല. ഹൈദരബാദിൽ ഇന്നവേഷൻ കാമ്പസ് രൂപപ്പെടുത്തിയ ആളാണ് സ്റ്റർട്ടപ് ജിനോം ഇന്ത്യയുടെ പ്രസിഡന്റ് രവി നാരായൺ. ഭരണകക്ഷിയിലെ ഉന്നതർക്ക് മുൻ തെലങ്കാന സർക്കാറിലെ പ്രമുഖരുമായുള്ള ദുരൂഹബന്ധത്തിന്റെ തുടർച്ചയാണിതെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.
കണക്കുകളും വസ്തുതയും ആണ് പറഞ്ഞത് -തരൂർ
തിരുവനന്തപുരം: ലേഖനത്തിലെ പരാമർശങ്ങൾ പാർട്ടിക്കുള്ളിൽ കത്തുമ്പോഴും നിലപാടിലുറച്ച് ശശി തരൂർ. താൻ പറഞ്ഞത് കണക്കുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണ്. അത് തെറ്റെന്ന് പറയുന്നവർ വേറെ കണക്ക് നിരത്തിയാൽ ഉൾക്കൊള്ളാൻ തയാറാണ്. എഴുതിയതിൽ തെറ്റുണ്ടെങ്കിൽ കാണിക്കട്ടെ. എല്ലാ മാസവും ലേഖനമെഴുതുന്നുണ്ട്. എഴുതിയത് തെറ്റാണെങ്കിൽ അടുത്ത മാസം തിരുത്താം. പക്ഷേ, തെറ്റ് ബോധ്യപ്പെടുത്തണം.
ആര് നല്ല കാര്യം ചെയ്താലും അംഗീകരിക്കണം. വികസനത്തിന് ആര് മുൻകൈയെടുത്താലും തപ്പുകൊട്ടണം. കേരളത്തിന്റെ ധനസ്ഥിതിയെ കുറിച്ച് എഴുതിയതല്ല. സ്റ്റാർട്ടപ്പിനെ കുറിച്ചാണ് ലേഖനം. . ഈ സർക്കാറിനോ മുന്നണിക്കോ 100 ശതമാനം മാർക്ക് കൊടുത്തിട്ടില്ല. പറഞ്ഞത് 16 വർഷമായി ആവശ്യപ്പെടുന്ന കാര്യമാണ്. അത് കേരള സർക്കാർ നടപ്പാക്കാൻ തുടങ്ങി. കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽ മാറണമെന്ന് ആരും പറഞ്ഞിട്ടില്ല. അങ്ങനെ ആവശ്യപ്പെടാൻ അർഹതയുള്ള ചിലരുണ്ട്.
അവർ ആവശ്യപ്പെട്ടാൽ അപ്പോൾ തീരുമാനിക്കാം. ഇനി സ്വതന്ത്രമായി അഭിപ്രായം പറയാൻ അങ്ങനെ ഒരു ആവശ്യം വന്നാൽ അത് സ്വീകരിക്കാനും തയാറാണ്. ഹൈകമാൻഡുമായി സംസാരിക്കേണ്ട ആവശ്യം വന്നിട്ടില്ല. അങ്ങനെയുണ്ടായാൽ സംസാരിക്കും. കെ.പി.സി.സി പ്രസിഡന്റും സെക്രട്ടറിയും വിളിച്ചിരുന്നു. മാധ്യമങ്ങൾ പറഞ്ഞത് ശരിയല്ലെന്നാണ് അവർ അറിയിച്ചത് -അദ്ദേഹം പറഞ്ഞു.
വ്യവസായ ഭൂപടം മാറ്റിയത് യു.ഡി.എഫ് -കുഞ്ഞാലിക്കുട്ടി
മലപ്പുറം: കേരളത്തില്‍ വ്യവസായവളർച്ചക്ക് അടിത്തറയിട്ടത് യു.ഡി.എഫ് സർക്കാറുകളാണെന്നും ഇടതുപക്ഷത്തിന്റെ വികസനവിരുദ്ധ സമീപനമാണ് വളർച്ചക്ക് തടസ്സമായിരുന്നതെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്റ്റാർട്ടപ്പുകൾക്കുള്ള പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ തുടങ്ങിയത് യു.ഡി.എഫാണ്.
വ്യവസായ മുന്നേറ്റത്തിൽ സംസ്ഥാന സര്‍ക്കാറിനെ പ്രശംസിച്ച ശശി തരൂര്‍ എം.പിയുടെ നിലപാടിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എറണാകുളത്തെ കാക്കനാട് കുറുക്കൻ മേഞ്ഞിരുന്ന സ്ഥലമാണ്. ആന്റണി സർക്കാറിന്റെ കാലത്ത് കൊച്ചിയെ ഐ.ടി കേന്ദ്രമാക്കാൻ ഇൻഫോപാർക്കും മറ്റും തുടങ്ങിയാണ് കാക്കനാടിനെ ഇന്നു കാണുന്ന രീതിയിലാക്കിയത്. വ്യവസായമന്ത്രി മാതൃകാപരമെന്നു പറഞ്ഞ കാക്കഞ്ചേരി പാർക്ക്, അതിനെത്തുടർന്ന് വന്നതാണ് കിൻഫ്ര.
ഡിജിറ്റൽ കേരള ആയത് അക്ഷയ വന്നതിനാലാണ്. കെ. കരുണാകരൻ, ആന്റണി, ഉമ്മൻ ചാണ്ടി സർക്കാറുകളുടെ കാലത്തും വ്യവസായ ഭൂപടത്തിൽ വമ്പിച്ച മാറ്റമാണുണ്ടാക്കിയത്. യു.ഡി.എഫ് സര്‍ക്കാറിന്റെ എല്ലാ വികസനപദ്ധതികളും ഇടതുപക്ഷം തടഞ്ഞു. എന്നാൽ, യു.ഡി.എഫ് പ്രതിപക്ഷത്തായപ്പോൾ വികസത്തിനായി സഹകരിച്ചിട്ടുണ്ട്. രാഷ്ട്രീയ സാഹചര്യങ്ങള്‍ ലീഗ് നിരീക്ഷിക്കുകയാണെന്നും വേണ്ട സമയത്ത് നിലപാട് പറയുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
പ്രതികരണം വാസ്തവം അറിയാതെ -എം.എം. ഹസൻ
കോഴിക്കോട്: ഇടതുഭരണത്തിലെ വ്യവസായ പുരോഗതിയെക്കുറിച്ച് ശശി തരൂർ എം.പി ലേഖനത്തിൽ പറഞ്ഞതെല്ലാം അടിസ്ഥാനരഹിതവും ഗ്രൗണ്ട് റിയാലിറ്റി മനസ്സിലാക്കാത്തതുമാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. സ്വന്തം മണ്ഡലത്തിൽ ഒരു സംരംഭം തുടങ്ങാൻ എത്രകാലം കാത്തിരിക്കണമെന്ന് അന്വേഷിച്ചിട്ട് ലേഖനം എഴുതിയാൽ അഭിപ്രായത്തിന് വില കൽപിക്കുമായിരുന്നു. സംസ്ഥാനത്ത് രണ്ട് മിനിറ്റിൽ വ്യവസായം തുടങ്ങാൻ കഴിയുമെന്നാണ് അവകാശവാദം.
രണ്ട് മിനിറ്റ് കൊണ്ട് ലൈസൻസ് കിട്ടിയ സംരംഭകരുടെ 10 കേസുകൾ ഉദാഹരണമായി തരൂർ ചൂണ്ടിക്കാണിക്കണം. കമ്യൂണിസ്റ്റ് സർക്കാറിൽനിന്ന് വ്യവസായിക പുരോഗതിയിലേക്ക് നയിക്കുന്ന നടപടിയുണ്ടായതിൽ സന്തോഷം ഉണ്ടെന്നാണ് തരൂർ പറയുന്നത്. ഇത് കമ്യൂണിസ്റ്റ് സർക്കാറാണെന്ന് തരൂരല്ലാതെ ആരും പറയില്ല. ഇത് കാപിറ്റലിസ്റ്റ് കമ്യൂണിസ്റ്റ് സർക്കാറാണ്. വ്യവസായ സംരംഭങ്ങൾക്ക് തുരങ്കംവെച്ചവരാണ് കമ്യൂണിസ്റ്റ് പാർട്ടിക്കാർ എന്നത് തരൂരിനെ ഓർമിപ്പിക്കുകയാണ്.
ഗ്ലോബൽ ഇൻവസ്റ്റേഴ്സ് മീറ്റിനെ എതിർക്കുകയും സ്മാർട്ട് സിറ്റിയെ റിയൽ എസ്റ്റേറ്റ് കച്ചവടമെന്ന് ആക്ഷേപിക്കുകയും വിഴിഞ്ഞം പദ്ധതിക്കെതിരെ സമരം ചെയ്യുകയുമാണ് അവർ ചെയ്തത്. മോദിയും ട്രംപും അടച്ചിട്ട മുറിയിൽ നടത്തിയ സംസാരം ഊഹിക്കാനുള്ള അദ്ദേഹത്തിന്റെ ദിവ്യശക്തിയെ അഭിനന്ദിക്കുന്നു. - ഹസൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

