യു.ഡി.എഫ് അലകടലാവേശത്തിൽ ശശി തരൂരിനെ കണ്ടില്ല; ആഘോഷത്തിലും അസ്വാരസ്യമോ?
text_fieldsതിരുവനന്തപുരം: അധികാരത്തിൽനിന്ന് ഒരു പതിറ്റാണ്ട് വിട്ടുനിൽക്കേണ്ടിവന്ന യു.ഡി.എഫിന്റെ പുതിയ മന്ത്രിസഭ പ്രൗഢഗംഭീര നേതൃനിരയുടെ സാന്നിധ്യത്തിൽ, പ്രവർത്തകരുടെ അലകടലാവേശം സാക്ഷിനിർത്തി സത്യപ്രതിജ്ഞ ചെയ്തപ്പോൾ മുതിർന്ന നേതാവും എം.പിയുമായ ശശി തരൂരിന്റെ അസാന്നിധ്യം ശ്രദ്ധേയമായി. കേരളത്തിലെ കോൺഗ്രസ് നേതൃത്വവുമായി ഇടക്കിടെ പിണങ്ങുന്ന തിരുവനന്തപുരത്തെ എം.പി കൂടിയായ ശശി തരൂർ സുപ്രധാന ചടങ്ങിൽ നിന്ന് വിട്ടുനിന്നതാണോ എന്നായിരുന്നു പലരുടെയും സംശയം. കെ.പി.സി.സിയിലെ ആഭ്യന്തര വടംവലികളാണോ ഇതിന് പിന്നിലെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ശക്തമായിരിക്കുകയാണ്.എന്നാൽ അദ്ദേഹം മനപ്പൂർവം വിട്ടുനിന്നതല്ല.
തന്റെ മാതൃവിദ്യാഭ്യാസ സ്ഥാപനമായ ഫ്ലെച്ചർ സ്കൂൾ ഓഫ് ലോ ആൻഡ് ഡിപ്ലോമസിയിൽ വാരാന്ത്യ പ്രസംഗത്തിനായി അമേരിക്കയിലായിരുന്നതിനാലാണ് തരൂർ പരിപാടിയിൽ പങ്കെടുക്കാതിരുന്നത്. ഇത് മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ളതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് മെയ് 15 വെള്ളിയാഴ്ച എം.പി കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. പുതിയ മുഖ്യമന്ത്രിക്ക് അദ്ദേഹം തന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുകയും ചെയ്തിട്ടുണ്ട്.
"എന്റെ കേരളത്തിലെ സഹപ്രവർത്തകനും കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയുമായ വി.ഡി. സതീഷന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിൽ എനിക്ക് ഖേദമുണ്ട്. എന്റെ മാതൃവിദ്യാലയമായ ഫ്ലെച്ചർ സ്കൂൾ ഓഫ് ലോ ആൻഡ് ഡിപ്ലോമസിയുടെ ബിരുദദാന ചടങ്ങിൽ ഉദ്ഘാടന പ്രസംഗം നടത്താനും തന്റെ ബിരുദദാന ക്ലാസിന്റെ 50-ാം വാർഷിക പുനഃസമാഗമത്തിൽ പങ്കെടുക്കാനും ഞാൻ ഈ വാരാന്ത്യത്തിൽ ബോസ്റ്റണിലാണ്!" അദ്ദേഹം എക്സിൽ എഴുതി.
എങ്കിലും കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയ സമവാക്യങ്ങൾ പരിശോധിക്കുമ്പോൾ ഇത് പുതിയ തർക്കങ്ങൾക്കിടയാക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും അതിന് മുൻപും കേരള രാഷ്ട്രീയത്തിൽ സജീവമാകാനുള്ള തരൂരിന്റെ നീക്കങ്ങളെ സംസ്ഥാന നേതൃത്വത്തിലെ ചിലർ എതിർത്തിരുന്നു. വരും ദിവസങ്ങളിൽ ഗ്രൂപ്പ് സമവാക്യങ്ങളിൽ പുതിയ വഴിത്തിരിവുകൾക്ക് സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
യു.ഡി.എഫ് സർക്കാർ അധികാരമേറ്റ ചടങ്ങ് ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളുടെ അപൂർവ സംഗമവേദിയായിരുന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കേന്ദ്ര-സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ കോൺഗ്രസ്, ഇന്ത്യാ സഖ്യ നേതാക്കളുടെ സാന്നിധ്യമുണ്ടായിരുന്നു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചടങ്ങിന് സാക്ഷ്യം വഹിക്കാൻ നേരിട്ടെത്തിയിരുന്നു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ചടങ്ങിന്റെ ഭാഗമായി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു എന്നിവരും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും വേദിയിൽ മുൻനിരയിലുണ്ടായിരുന്നു.
മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾക്കൊപ്പം, സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ പിണറായി വിജയനും ചടങ്ങിൽ പങ്കെടുത്തു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവരും രാഷ്ട്രീയ ഭേദമന്യേ ചടങ്ങിൽ സംബന്ധിച്ചത് വേറിട്ട കാഴ്ചയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

