ഒരു മിസ്ഡ് കോൾ പോലും ലഭിച്ചില്ല; നിലമ്പൂരിൽ പ്രചാരണത്തിന് തന്നെ ആരും ക്ഷണിച്ചില്ലെന്ന് ശശി തരൂർ
text_fieldsതിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ക്ഷണിക്കാത്തതിലെ അതൃപ്തി പരസ്യമാക്കി മുതിർന്ന കോൺഗ്രസ് എം.പി ശശി തരൂർ. നിലമ്പൂരിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നും ക്ഷണിച്ചാൽ പോകുമായിരുന്നുവെന്നുമാണ് ശശി തരൂർ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്. നിലമ്പൂരിലേക്ക് വരണമെന്നഭ്യർഥിച്ച് ഒരു മിസ്ഡ് കോൾ പോലും ലഭിച്ചിട്ടില്ല. ക്ഷണിക്കാതെ ഒരിടത്തും പോകാറില്ല. അവിടെ എന്നെ വലിയ ആവശ്യമില്ലെന്നാണ് മനസിലാക്കുന്നത്. വലിയ ബുദ്ധിമുട്ടില്ലാതെ യു.ഡി.എഫ് സ്ഥാനാർഥിക്ക് വിജയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പ്രിയങ്ക ഗാന്ധിയടക്കമുള്ള നേതാക്കൾ എത്തിയിരുന്നു. ശശി തരൂരിന്റെ അഭാവത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം വിദേശത്താണ് എന്ന മറുപടിയാണ് യു.ഡി.എഫ് നേതൃത്വം നൽകിയിരുന്നത്.
യു.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണത്തിനായി അങ്ങനെയൊരു പ്രത്യേക ക്ഷണം വേണോ എന്ന ചോദ്യത്തിന് ക്ഷണിക്കാതെ നേതാക്കളാരും പോകാറില്ലെന്നായിരുന്നു തരൂരിന്റെ മറുപടി. പ്രിയങ്കാ ഗാന്ധിയടക്കം ഇങ്ങനെയാണ് വന്നത്. 16 വർഷമായി കോൺഗ്രസിനൊപ്പം പ്രവർത്തിക്കുകയാണ്. പാർട്ടിയോടും പ്രവർത്തകരോടും ഒരു പ്രശ്നവുമില്ല. പാർട്ടിയോടുള്ള സ്നേഹത്തിൽ സംശയം വേണ്ട. പാർട്ടി അവഗണിച്ചുവെന്ന തോന്നലും ഇല്ല. നേതൃത്വത്തിനോട് ചില പ്രശ്നങ്ങളുണ്ടെന്ന് എല്ലാവർക്കുമറിയാം. അതൊക്കെ പാർട്ടിക്കകത്ത് സംസാരിക്കാറാണ് പതിവെന്നും തരൂർ പറഞ്ഞു. താൻ എവിടേക്കും പോകുന്നില്ലെന്നും ബി.ജെ.പി പ്രവേശനത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

