പണം നൽകി വോട്ട് ആരോപണം: വക്കീൽ നോട്ടീസിന് തരൂർ മറുപടി നൽകി
text_fieldsതിരുവനന്തപുരം: തീരമേഖലയില്‍ വോട്ടിന് പണം നല്‍കുന്നെന്ന ആരോപണത്തിനെതിരെ എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖര്‍ അയച്ച വക്കീൽ നോട്ടീസിന് യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂർ മറുപടി നൽകി. ഇതുസംബന്ധിച്ച് നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് മാധ്യമപ്രവർത്തകരോട് തരൂർ ആദ്യം പ്രതികരിച്ചത്. എന്നാൽ, നോട്ടീസിന് മറുപടി നൽകിയതായി തുടർന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിക്കുകയായിരുന്നു.
വോട്ടർമാർക്ക് എൻ.ഡി.എ സ്ഥാനാർഥി പണം നൽകിയെന്ന് പറഞ്ഞിട്ടില്ലെന്ന് മറുപടിയിൽ പറയുന്നു. രാജീവ് ചന്ദ്രശേഖറിന്റെ പേരോ പാർട്ടിയുടെ പേരോ പരാമർശിച്ചിട്ടില്ല. തെറ്റിദ്ധാരണ മൂലമോ മനഃപൂർവമോ ആരോപണം ഉന്നയിക്കുകയാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചില്ലെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടി.
വൈദികരെ ഉള്‍പ്പെടെ സ്വാധീനിക്കാനും വോട്ട് കിട്ടാന്‍ തീരമേഖലയില്‍ പണം നല്‍കാനും എൻ.ഡി.എ ശ്രമിക്കുന്നെന്ന് ചാനൽ അഭിമുഖത്തിൽ തരൂര്‍ പറഞ്ഞെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ പരാതി.

