'ഹോ ഭാഗ്യം ജയിച്ചത് അറിഞ്ഞോ.., ഷൗക്കത്തിന്റെ വിജയം മോദിയുടെ മികവാണെന്ന് കൂടി പറയൂ..., ക്ഷണിച്ചിട്ടാണോ പോസ്റ്റിട്ടത്'; ഷൗക്കത്തിനെ അഭിനന്ദിച്ച് പോസ്റ്റിട്ട ശശി തരൂരിനെ 'നിർത്തിപ്പൊരിച്ച്' നെറ്റിസൺസ്
text_fieldsമലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് അഭിനന്ദനങ്ങൾ നേർന്ന കോൺഗ്രസ് എം.പി ശശി തരൂരിന് സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം.
കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ശശി തരൂർ നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തിരുന്നില്ല. ക്ഷണിക്കാത്തത് കൊണ്ടാണ് പ്രചാരണത്തിന് എത്താതിരുന്നതെന്ന് എന്നായിരുന്നു ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞത്.
"ക്ഷണിച്ചിട്ടാണോ താങ്കൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്....., താങ്കളൊഴികെയുള്ള മുഴുവൻ യു.ഡി.എഫ് നേതാക്കളും അഹോരാത്രം പണിയെടുത്ത് നേടിയ ജയം..., ഷൗക്കത്തിന്റെ വിജയം മോദിയുടെ മികവാണെന്ന് കൂടി പറയൂ...., ഹോ ഭാഗ്യം ജയിച്ചത് അറിഞ്ഞോ...ആര്യാടൻ ഷൌക്കത്ത് വിജയിച്ചത് നിങ്ങളോട് വിളിച്ചു പറയാനിരിക്കയായിരുന്നു..., അല്ലെങ്കിൽ നാളെ എന്നോട് ആരും പറഞ്ഞില്ല എന്ന് പറയും...., വിശ്വപൗരൻ കേരളത്തിൽ ഒരു ചുക്കും അല്ല എന്ന് തെളിഞ്ഞില്ലേ..., മോദി സ്തുതിപാടകരുടെ അഭിനന്ദനങ്ങൾ കോൺഗ്രസുകാർ ആഗ്രഹിക്കുന്നില്ല..., തുടങ്ങി രൂക്ഷമായ വിമർശനങ്ങളാണ് ശശി തരൂരിന്റെ അഭിനന്ദന പോസ്റ്റിന് താഴെയുള്ളത്."
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പ്രിയങ്ക ഗാന്ധിയടക്കമുള്ള നേതാക്കൾ എത്തിയിട്ടും സംസ്ഥാനത്തെ എം.പിയായ ശശിതരൂർ വരാതിരുന്നത് പാർട്ടിക്കുള്ളിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ശശി തരൂരിന്റെ അഭാവത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം വിദേശത്താണ് എന്ന മറുപടിയാണ് യു.ഡി.എഫ് നേതൃത്വം നൽകിയിരുന്നത്. എന്നാൽ, നിലമ്പൂരിലേക്ക് വരണമെന്നഭ്യർഥിച്ച് ഒരു മിസ്ഡ് കോൾ പോലും ലഭിച്ചിട്ടില്ലെന്നും ക്ഷണിക്കാതെ ഒരിടത്തും പോകാറില്ലെന്നുമാണ് ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞത്.
യു.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണത്തിനായി അങ്ങനെയൊരു പ്രത്യേക ക്ഷണം വേണോ എന്ന ചോദ്യത്തിന് ക്ഷണിക്കാതെ നേതാക്കളാരും പോകാറില്ലെന്നായിരുന്നു തരൂരിന്റെ മറുപടി. അതേസമയം, ക്ഷണിച്ചില്ലെന്ന ശശി തരൂർ എം.പിയുടെ വാദം തെറ്റെന്ന് തെളിയിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് കൈമാറിയ താരപ്രചാരകരുടെ പട്ടിക പുറത്തായിരുന്നു. കെ.സി. വേണുഗോപാലും പ്രിയങ്ക ഗാന്ധിയും ദീപ ദാസ്മുൻഷിയും ഉൾപ്പെടെയുള്ള 40 പേരുടെ പട്ടികയിൽ എട്ടാമതാണ് ശശി തരൂരിന്റെ പേരുണ്ടായിരുന്നു. തുടർച്ചയായി മോദി സ്തുതി പാടുന്ന ശശിതരൂർ കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

