അകന്നുനടന്ന തരൂർ അടുക്കുന്നു: ഇടവേളക്ക് ശേഷം കോൺഗ്രസ് വേദിയിൽ
text_fieldsതിരുവനന്തപുരം: നേതൃത്വവുമായി ഇടഞ്ഞ് പാർട്ടിയുമായി അകന്നുനിന്നിരുന്ന പ്രവര്‍ത്തക സമിതി അംഗം ശശി തരൂർ എം.പി നീണ്ട ഇടവേളക്ക് ശേഷം വീണ്ടും കോൺഗ്രസ് വേദിയിൽ. സംസ്ഥാന സര്‍ക്കാറിനെതിരെ ജെബി മേത്തർ എം.പി നയിച്ച മഹിള സാഹസ് കേരള യാത്രയുടെ സമാപന ചടങ്ങിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ്, അടൂർ പ്രകാശ് എന്നിവർ ഉൾപ്പെടുന്ന പരിപാടിയിൽ തരൂര്‍ വേദി പങ്കിട്ടത്.
തരൂർ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് സതീശൻ വേദിയിലേക്കെത്തിയത്. സതീശൻ തരൂരിന്‍റ തോളിൽ തട്ടി. പിന്നാലെ ‘ഹലോ’ എന്ന് അഭിവാദ്യത്തോടെ തരൂർ സതീശന്‍റെ കൈ പിടിച്ചു. സദസ്സിനാകെ കണാവുന്ന വിധത്തിൽ ഹസ്തദാനം ഉയർത്തിക്കാട്ടി. പിന്നാലെയെത്തിയ അടൂർ പ്രകാശിനും പ്രസംഗത്തിനിടയിൽ തന്നെ ആലിംഗനം. ഇതോടെയാണ് മഞ്ഞുരക്കത്തിന്‍റെ സൂചനകൾ പ്രകടമായതും.
കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയുടെ ക്ഷണപ്രകാരമാണ് തരൂര്‍ എത്തിയതെന്നാണ് വിവരം. നിർണ്ണായകമായ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ പാർട്ടിയെ പ്രതിരോധത്തിലാക്കിയതും പ്രധാനമന്ത്രിയെ പുകഴ്ത്തിയതും മുതൽ അടിയന്തരാവസ്ഥ മുൻനിർത്തി ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ചത് വരെയുള്ള വഴി മാറി നടത്തങ്ങളെ തുടർന്ന് കോൺഗ്രസിനുള്ളിൽ തന്നെ തരൂരിനെതിരെ പരസ്യ ബഹിഷ്കരണാഹ്വാനമുണ്ടായിരുന്നു.
തിരുവനന്തപുരത്തെ പരിപാടികളിലേക്ക് തരൂരിനെ വിളിക്കില്ലെന്ന് കെ.മുരളീധരൻ തുറന്നു പറഞ്ഞു. എന്നാൽ, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് അടക്കം രാഹുൽ ഗാന്ധി വിളിച്ച യോഗങ്ങളിൽ തരൂര്‍ പങ്കെടുത്തു. പിന്നാലെയാണ് തിരുവനന്തപുരത്തെ ചടങ്ങിലെ പങ്കാളിത്തം.
സർക്കാറിനെതിരെ വീട്ടമ്മമാരുടെ കുറ്റപത്രം; മഹിള കോൺഗ്രസ് സാഹസ് യാത്ര സമാപിച്ചു
തിരുവനന്തപുരം: പിണറായി ഭരണത്തിൽ ദുരിതം അനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമാണെന്നും സ്ത്രീ ശാപത്താൽ സർക്കാർ ഒലിച്ചു പോകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജെബി മേത്തർ എം.പി നയിച്ച മഹിള സാഹസ് കേരള യാത്രയുടെ സമാപനം കുറിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന കുറ്റപത്ര സമർപ്പണചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
41 കുറ്റാരോപണങ്ങൾ എഴുതിയ 25 മീറ്ററിലധികം നീളമുള്ള ഫ്ലെക്സ് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രദർശിപ്പിച്ചു. 138 ദിവസംകൊണ്ട് 14 ജില്ലകളിലെ 1474 മണ്ഡലം കേന്ദ്രങ്ങളിലാണ് മഹിള സാഹസ് കേരള യാത്ര പര്യടനം നടത്തിയത്. പിണറായി സർക്കാറിനെ താഴെയിറക്കുംവരെ വീട്ടമ്മമാർക്ക് ഊണും ഉറക്കവും വിശ്രമവുമില്ലെന്ന് ജെബി മേത്തർ എം.പി പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, വർക്കിങ് കമ്മിറ്റി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂർ എം.പി, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി, കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എം.എൽ.എ, എ.പി. അനിൽകുമാർ, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ, വി.എസ്. ശിവകുമാർ, ഡി.സി.സി പ്രസിഡന്റ് എൻ. ശക്തൻ, കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.പി സജീന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

