പനി എളുപ്പം കണ്ടെത്താം; യൂറോപ്പിൽ നിന്നും തെർമൽ ഒപ്റ്റിക്കൽ ഇമേജിങ് കാമറയെത്തിച്ച് ശശി തരൂർ എം.പി
text_fieldsതിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശശി തരൂർ എം.പി നടത്തുന്ന ഇടപെടലുകൾ നേരത്തെ തന്നെ ഏറെ പ്രശംസ നേടിയിരുന്നു. ഏറ്റവും പുതുതായി നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിങ് ഫേസ് ഡിറ്റക്ഷൻ കാമറ തൻെറ രാജ്യാന്തര ബന്ധങ്ങൾ ഉപയോഗിച്ച് യൂറോപ്പിൽ നിന്നും തിരുവനന്തപുരത്ത് എത്തിച്ച് വീണ്ടും അത്ഭുതപ്പെടുത്തുകയാണ് തരുർ.
എം.പി ഫണ്ട് വിനിയോഗിച്ച് വാങ്ങിയ ഉപകരണം തിരക്കേറിയ പൊതുസ്ഥലങ്ങളിൽ പനിയുള്ളവരെ അതിവേഗം കണ്ടെത്താൻ സഹായിക്കും. ഏഷ്യയിൽ ഉപകരണം ലഭിക്കാത്തത് കാരണം നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ നിന്നാണ് കാമറ വാങ്ങിയത്. അവിടെ നിന്നും ആദ്യം ജർമനിയിലെ ബോണിലെത്തിച്ചു, ശേഷം ഡി.എച്.എൽ കാർഗോ സർവീസിൻെറ സഹായത്തോടെ പാരിസ്, ലെപ്സിഷ്, ബ്രസൽസ്, ബഹ്റൈൻ, ദുബായ് വഴി പ്രത്യേക വിമാനത്തിൽ ബംഗളൂരുവിൽ എത്തിച്ചു. എന്നാൽ ലോക്ഡൗൺ കാരണം ഉപകരണം തലസ്ഥാനത്തെത്തിക്കാൻ വെല്ലുവിളികൾ നേരിട്ടെങ്കിലും എം.പിയുടെ ഓഫിസ് നേരിട്ടിടപെട്ട് അവ പരിഹരിച്ചു.
എം.പി ഫണ്ട് തീർന്നതിനാൽ മറ്റ് കോർപ്പറേറ്റ് ഗ്രൂപ്പുകളുമായി കൈ കോർത്ത് കൂടുതൽ കാമറകൾ എത്തിക്കാനും അവ നഗരത്തിലെ റെയിൽവേ സ്റ്റേഷനിലും വിമാനത്താവളത്തിലും സ്ഥാപിക്കാനും പദ്ധതിയിടുന്നതായി എം.പി ഫേസ്ബുക്കിലൂടെ വിശദീകരിച്ചു.
അന്തർസംസ്ഥാന തൊഴിലാളികളെ നാട്ടിലേക്കയക്കുകയും അതുപോലെ പ്രവാസികളായ മലയാളികൾ തിരിച്ചെത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ രോഗലക്ഷണങ്ങൾ എളുപ്പം തിരിച്ചറിയാൻ സാധിക്കുന്ന ഉപകരണം വളരെ ഉപകാരപ്രദമാകും. 5,60,986 രൂപയാണ് കാമറയുടെ വില. കസ്റ്റംസ് നികുതിയും യാത്രച്ചെലവുമുൾപ്പെടെ ആകെ 7.45 ലക്ഷം രൂപ ചെലവായതായാണ് സൂചന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.