തിരുത്തണമെങ്കിൽ തെറ്റ് കാണിച്ചു തരൂ; പറഞ്ഞതിൽ പിന്നോട്ടില്ലെന്ന് ശശി തരൂർ
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിനെ പുകഴ്ത്തിയുള്ള ലേഖനത്തിൽ വീണ്ടും വിശദീകരണവുമായി ശശി തരൂർ. പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും നല്ല കാര്യം ആരു ചെയ്താലും അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വികസനം ആരു കൊണ്ടുവന്നാലും അംഗീകരിക്കണം. കേരളത്തിന്റെ പോരായ്മകളും ലേഖനത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചല്ല ലേഖനം എഴുതിയത്. ഒരു കാര്യത്തിലും അടിസ്ഥാനമില്ലാതെ സംസാരിക്കില്ല. പറഞ്ഞ കാര്യങ്ങളിൽനിന്ന് പിന്നോട്ടില്ലെന്ന് നിലപാട് കടുപ്പിച്ച തരൂർ താൻ എഴുതിയ ലേഖനത്തിലെ തെറ്റുകൾ കാണിച്ചു തന്നാൽ തിരുത്താമെന്നും വ്യക്തമാക്കി.
ആ ലേഖനത്തിൽ ഒരിടത്തും സി.പി.എമ്മിന്റെ പേര് പറയുന്നില്ല. കേരളത്തിൽ നിക്ഷേപം വരാനുള്ള ബുദ്ധിമുട്ട് ചുവന്ന കൊടി എടുത്തു നടക്കുന്ന പാർട്ടി ഭരിക്കുന്ന സർക്കാർ മാറ്റിയത് അംഗീകരിക്കേണ്ടതല്ലേയെന്നും തരൂർ ചോദിച്ചു. സ്റ്റാർട്ടപ്പ് മിഷൻ തുടങ്ങിയത് ഉമ്മൻ ചാണ്ടിയാണ്. ഇപ്പോഴത്തെ സർക്കാറത് മുന്നോട്ടു കൊണ്ടുപോയി.സ്റ്റാർട്ടപ്പുകളെ അവർ ഇങ്ങനെ പ്രോത്സാഹിപ്പിക്കാൻ തയാറാണെങ്കിൽ വരാൻ പോകുന്ന വർഷങ്ങളിൽ മറ്റൊരു പാർട്ടി ഭരിക്കുമ്പോൾ എതിർപ്പ് പ്രകടിപ്പിക്കാതിരിക്കട്ടെ എന്നു കൂടി ചൂണ്ടിക്കാണിക്കുന്ന ലേഖനമാണതെന്നും തരൂർ കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച ഒരു ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ശശി തരൂരിന്റെ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തെ അനുമോദിച്ചുള്ള പ്രതികരണമുള്ളത്. കമ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന മുന്നണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ നേട്ടങ്ങള്‍ സൃഷ്ടിക്കുന്നത് ആശ്ചര്യകരമാണെന്നും സംരംഭക മുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നുമാണ് ലേഖനത്തില്‍ പറയുന്നത്.
ആന്റണി സർക്കാറിന്റെ വ്യവസായ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ശശി തരൂരിന് മുസ്‍ലിം ലീഗ് നേതാവും മുൻ വ്യവസായ മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി മറുപടി നൽകിയത്. അനുമോദന ലേഖനത്തോട് രൂക്ഷമായാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ. മുരളീധരനും പ്രതികരിച്ചത്. ശശി തരൂരിനെതിരെ രൂക്ഷ വിമർശനം നടത്തിയ പ്രതിപക്ഷ നേതാവ് ലേഖനത്തിലെ അവകാശവാദങ്ങൾ തള്ളി. എന്ത് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം പറഞ്ഞതെന്ന് അറിയില്ലെന്ന് വി.ഡി സതീശൻ തുറന്നടിച്ചു. കേരളം വ്യവസായ സൗഹൃദമല്ലെന്നും ഒരുപാട് മെച്ചപ്പെട്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

