Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right`സത്യമേവ ജയതേ' എന്ന...

`സത്യമേവ ജയതേ' എന്ന ആപ്തവാക്യത്തെ മോദി ഭരണകൂടം 'സത്താമേവ ജയതേ' എന്നാക്കിയെന്ന് ശശി തരൂർ

text_fields
bookmark_border
Shashi Tharoor at Congress history seminar
cancel

തിരുവനന്തപുരം: `സത്യമേവ ജയതേ' എന്ന ആപ്തവാക്യത്തെ മോദി ഭരണകൂടം 'സത്താമേവ ജയതേ' എന്നാക്കിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഡോ.ശശി തരൂര്‍ എംപി. ഹിന്ദിയില്‍ 'സത്താ' എന്ന വാക്കിന്റെ അര്‍ഥം അധികാരം എന്നാണ്. ബി.ജെ.പിയുടെ ദേശീയത മതാടിസ്ഥാനത്തില്‍ മാത്രമാണ്. അത് അപകടവും ദുരന്തവുമാണ്. നമ്മുടെ ഭരണഘടനാ അവകാശങ്ങളെയും നാം നേടിയ സാമൂഹികമാറ്റങ്ങളെയും അത് തകര്‍ക്കുന്നു. കെ.പി.സി.സി വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ച് നടത്തിയ ചരിത്ര കോണ്‍ഗ്രസ് സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് മറ്റു രാജ്യങ്ങളെ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിച്ചപ്പോള്‍ മതപരമായ വിഭജനമാണ് ഇവിടെ നടന്നത്. വൈജാത്യവും ബഹുസ്വരതയുമാണ് ഇന്ത്യയുടെ മഹത്വം. വ്യത്യസ്ത മതങ്ങളെയും ഭാഷയേയും ഉള്‍ക്കൊള്ളുകയും എല്ലാവര്‍ക്കും തുല്യ അവകാശങ്ങള്‍ ഉറപ്പാക്കുകയും ചെയ്തതാണ് കോണ്‍ഗ്രസിന്റെ ചരിത്രം. സ്വാതന്ത്ര്യാനന്തരം വിശ്രമിക്കാനുള്ളതല്ലെന്നും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തികരിക്കാന്‍ വേണ്ടിയാണ് തുടര്‍ന്നുള്ള പ്രയാണം എന്നുമാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു പറഞ്ഞത്. അതായിരുന്നു കോണ്‍ഗ്രസിന് ജനങ്ങളോടുള്ള പ്രതിബദ്ധത.

സാധാരണ പൗരനും ജാതിയുടെയും മതത്തിന്റെയും സാമ്പത്തിക അസമത്വത്തിന്റെയും അതിര്‍വരമ്പുകള്‍ ഇല്ലാതെ ഭരണഘടനപരമായ പരമോന്നത പദവികള്‍ വഹിക്കാന്‍ സാധിച്ചത് ദേശീയ പ്രസ്ഥാനം നയിച്ച പോരാട്ടത്തിന്റെ തുടര്‍ച്ചയായുണ്ടായ ജനാധിപത്യ സംവിധാനം കൊണ്ടാണ്. അതിനെ ഇല്ലായ്മ ചെയ്യുകയാണ് മോദി ഭരണകൂടം. രാജ്യത്ത് തൊഴിലില്ലായ്മയും ദുരിതവും പെരുകുന്നു. എന്നിട്ടും മോദിയും കൂട്ടരും പറയുന്നത് ‘തിളങ്ങു​ന്ന ഇന്ത്യ’യെന്നാണ്. മേക്ക് ഇന്‍ ഇന്ത്യ, ഷൈനിങ് ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ എന്നിങ്ങനെ ഇന്ത്യയെ കുറേ പരസ്യവാചകങ്ങളുടെ തടവറയില്‍ തളച്ചതൊഴിച്ചാല്‍ ഇന്ത്യയുടെ നിര്‍മിതിക്ക് വേണ്ടി ഒരു സംഭാവനയും ബി.ജെ.പിയുടേതായില്ല. നമ്മുടെ സ്വകാര്യത തകര്‍ത്ത് അടുക്കളയിലും തീന്‍മേശകളിലും വരെ കടന്ന ചെന്ന വെറുപ്പിന്റെ രാഷ്ട്രീയം മാത്രമാണ് അവരുടെ സംഭാവനയെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു.


ബി.ജെ.പി വീണ്ടും വന്നാല്‍ പുതിയ ഭരണഘടന ഉണ്ടാക്കും-ഡോ.അനില്‍ സദ്‌ഗോപാല്‍

ഇന്ത്യയുടെ 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം ഹിന്ദുവും മുസ്ലീംകളും ഒന്നിച്ചാണ് നടത്തിയതെന്ന് വ്യക്തമാക്കിയിട്ടുള്ള ഹിന്ദുമഹാസഭ നേതാവ് വി.ഡി. സവര്‍ക്കര്‍ ബ്രിട്ടീഷ് സാമ്രാജ്യത്വവുമായി ഒത്തുതീര്‍പ്പുണ്ടാക്കി ആന്‍ഡമാന്‍ ജയിലില്‍ നിന്നു പുറത്തുവന്നശേഷം ഹിന്ദുക്കളും മുസ്ലീംകളും രണ്ടാണെന്ന് പറയുകയും ബ്രിട്ടന്റെ വിഭജിച്ചു ഭരിക്കുക എന്ന വിനാശകരമായ നയത്തോടൊപ്പം ചേരുകയും ചെയ്‌തെന്ന് ഡല്‍ഹി സര്‍വകലാശാല മുന്‍ ഡീന്‍ ഓഫ് എഡ്യൂക്കേഷന്‍ ഡോ.അനില്‍ സദ്‌ഗോപാല്‍. ബിട്ടന്റെ വിഭജിച്ചു ഭരിക്കുകയെന്ന ആശയത്തോട് സവര്‍ക്കറും മുഹമ്മദലി ജിന്നയും സന്ധി ചെയ്‌തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെ.പി.സി.സി വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ച് നടത്തിയ ചരിത്ര കോണ്‍ഗ്രസ് സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി വീണ്ടും അധികാരത്തിലേറിയാല്‍ പുതിയ കോണ്‍സ്റ്റിറ്റിയൂവെന്റ് അംസബ്ലി രൂപീകരിച്ച് ഭരണഘടനാ ഭേദഗതി വരുത്തി മനുസ്മൃതിയുടെ അടിസ്ഥാനത്തിലുള്ള പുതിയ ഭരണഘടന ഉണ്ടാക്കുമെന്ന് ഡോ.അനില്‍ സദ്‌ഗോപാല്‍ മുന്നറിയിപ്പ് നല്കി.

നവോത്ഥാന കാലഘട്ടത്ത് പുരുഷാധിപത്യ സമൂഹത്തിനെതിരേയുള്ള പോരാട്ടവും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള പോരാട്ടവും നടത്തിട്ടുണ്ട്. സ്ത്രീകളുടെ വിദ്യാഭ്യാസത്തെ എതിര്‍ക്കുന്ന മനുസ്മൃതിയുടെ സ്വാധീനം മൂലം രാജ്യത്തെ ആദ്യത്തെ അധ്യാപികയായി അറിയപ്പെടുന്ന സാവിത്രിഭായി ഫുലെയെ വീട്ടില്‍നിന്നു പുറത്താക്കി. അവര്‍ക്കും ഭര്‍ത്താവും സാമൂഹിക പ്രവര്‍ത്തകനുമായ ജ്യോതിറാവു ഫുലെയ്ക്കും ഫാത്തിമ ഷെയ്ഖ് എന്ന മുസ്ലീംവനിത അഭയം നല്കിയപ്പോള്‍ അതു മതേതരത്വത്തിന്റെ ഉദാത്തമാതൃകയായി. രാജ്യത്തിന്റെ ഇത്തരം മഹത്തതായ പൈതൃകങ്ങള്‍ തിരുത്തിയെഴുതാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അനില്‍ സദ്‌ഗോപാല്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തെ ഭരണാധികാരികള്‍ക്ക് ബുദ്ധിജീവികളെയും ചിന്തകരെയും ആവശ്യമില്ലെന്ന്

രാജ്യത്തെ ഭരണാധികാരികള്‍ക്ക് ഇപ്പോള്‍ ബുദ്ധിജീവികളെയും ചിന്തകരെയും ആവശ്യമില്ലെന്നും അവര്‍ക്കുവേണ്ടിത് ചോദ്യം ചോദിക്കാത്ത ഭക്തരെയാണെന്നും ജെഎന്‍യു സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സയന്‍സിലെ മുന്‍ പ്രഫ ഡോ. ഗോപാല്‍ ഗുരു അഭിപ്രായപ്പെട്ടു. മൃദുഹിന്ദുത്വം എന്ന പദം ഉപയോഗിക്കുന്നതു തന്നെ തെറ്റാണ്. അതു ഹിന്ദുത്വശക്തികളെ ശക്തിപ്പെടുത്തുകയേ ഉള്ളു.

വൈക്കം സത്യഗ്രഹ സമരം ദേശീയ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുക മാത്രമല്ല, അതിനുശേഷം നടന്ന പ്രക്ഷോഭങ്ങള്‍ക്ക് പ്രചോദനമാകുകയും ചെയ്തു. വൈക്കത്ത് വഴിതുറക്കല്‍ സമരം നടന്ന് മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ ഭരണഘടനാ ശില്പി ബിആര്‍ അംബേദ്ക്കര്‍ മഹാരാഷ്ട്രയിലെ മഹദില്‍ താഴ്ന്ന ജാതിക്കാരുടെ കുടിനീര്‍ അവകാശത്തിനു സമരം ചെയ്തു. ദേശീയ പ്രസ്ഥാനം പൊതുധാരണയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഇപ്പോള്‍ ഒഴിവാക്കാലാണ് നയമെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് മതനിരപേക്ഷമാകുമ്പോള്‍ അതു ന്യൂനപക്ഷപ്രീണനവും ഹിന്ദുവിരുദ്ധതയുമായി സംഘപരിവാര്‍ പ്രചരിപ്പിക്കുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി. സിപിഎം അതേറ്റു പിടിക്കുകയും ചെയ്യുന്നു. ചരിത്രത്തിലെ ജാതിവ്യവസ്ഥയാണ് ഇന്നത്തെ സംഘപരിവാര്‍. അവരെ പ്രതിരോധിക്കാന്‍ ഇടയ്ക്ക് ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുന്നതു നല്ലതാണെന്നും അദ്ദഹം അഭിപ്രായപ്പെട്ടു. മോഡറേറ്റര്‍ സെബാസ്റ്റന്‍ ജോസഫ്, കെ. തുളസി, ജെ.എസ് അടൂര്‍, വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വി.പി. സജീന്ദ്രന്‍, കണ്‍വീനര്‍ എം. ലിജു എന്നിവര്‍ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shashi tharoorCongress history
News Summary - Shashi Tharoor at Congress history seminar
Next Story