ഷാരോണിന്റെ മരണം: പാറശ്ശാല പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് കുറ്റകരമായ അനാസ്ഥ
text_fieldsകോഴിക്കോട്: ഷാരോൺ എന്ന യുവാവിന്‍റെ മരണത്തിൽ പാറശ്ശാല പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് കുറ്റകരമായ അനാസ്ഥ. പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും അന്വേഷണം നടത്തിയില്ല. ആ പെൺകുട്ടി അങ്ങനെയൊന്നും ചെയ്യില്ലെന്നായിരുന്നു പൊലീസിന്റെ ആദ്യ മറുപടി.
ആദ്യദിവസം അസ്വാഭാവിക മരണം എന്നാണ് പൊലീസ് രേഖപ്പെടുത്തിയത്. മാധ്യമങ്ങൾ വാർത്തയാക്കിയപ്പോഴാണ് വിഷയം വിവാദമായത്. തുടക്കം മുതൽ പൊലീസ് ലാഘവത്തോടെയാണ് കേസിൽ ഇടപെട്ടത്. പെൺകുട്ടിയുടെ വീട്ടുകാരെ അനുകൂലിച്ചാണ് സംസാരിച്ചത്. പ്രിൻസിപ്പൽ എസ്.ഐ ഷാരോണിന്റെ സഹോദരനോട് പറഞ്ഞത് അരിഷ്ടക്കുപ്പി ആക്രിക്ക് കൊടുത്തുവെന്നാണ്.
ഏത് മരുന്ന് കടയിൽനിന്ന് കഷായം വാങ്ങിയെന്ന് പൊലീസ് അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പൊലീസ് അത് ചെയ്തില്ല. പെൺകുട്ടി മാനസികമായി വിഷമത്തിലാണെന്ന് പറഞ്ഞ് പൊലീസ് ഒഴിഞ്ഞുമാറി.
അന്വേഷണം വളരെ മന്ദഗതിയിലായിരുന്നു. വിഷം ഉള്ളിൽ ചെന്നാണ് മരണമെന്ന വാദത്തിൽ വീട്ടുകാർ ഉറച്ചുനിന്നതിനാലാണ് കാര്യങ്ങൾ മാറിയത്. കഷായം കുടിച്ച് പുറത്തിറങ്ങിയ ഷാരോൺ ഛർദിച്ചെങ്കിലും പൊലീസിന് സംശയമുണ്ടായില്ല. ഇതോടെ നഷ്ടപ്പെട്ടത് നിർണായ സമയമാണ്. സംഭവത്തിൽ സാധാരണക്കാർക്കുണ്ടാകുന്ന സംശയം പോലും പൊലീസിന് തോന്നിയില്ല.
പരാതി ലഭിച്ചയുടൻ വീട്ടിൽ പരിശോധന നടത്തിയിരുന്നെങ്കിൽ പ്രാഥമിക തെളിവുകൾ ശേഖരിക്കാൻ കഴിയുമായിരുന്നു. ആ ഉത്തരവാദിത്തം പൊലീസ് കാണിച്ചില്ല. ഒടുവിൽ വീട്ടുകാർ കോടതിയെ സമീപിക്കാൻ ഒരുങ്ങിയപ്പോഴാണ് പൊലീസ് ഉണർന്നത്. മരണം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷമാണ് പെൺകുട്ടിയെ എസ്.പി ഓഫിസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. ആദ്യ ഘട്ടത്തിൽ ലഭിക്കേണ്ട തെളിവുകൾ പൊലീസ് ശേഖരിക്കാത്തതിനാൽ പെൺകുട്ടിക്ക് തെളുവുകളെല്ലാം നശിപ്പിക്കാൻ സമയം കിട്ടി. ഇതെല്ലാം പൊലീസിന്റെ അനാസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

