ഷെയർ ട്രേഡിങ് ഓൺലൈൻ തട്ടിപ്പ്: ഒരാൾകൂടി അറസ്റ്റിൽ
text_fieldsകണ്ണൂർ: മുണ്ടയാട് സ്വദേശിയിൽ നിന്നും വാട്സ്ആപ് വഴി ബന്ധപ്പെട്ട് ഷെയർ ട്രേഡിങ് എന്ന വ്യാജേന 26,65,963 രൂപ ഓൺലൈൻ വഴി തട്ടിയെടുത്ത കേസിൽ ഉൾപ്പെട്ട ഒരു പ്രതി കൂടി അറസ്റ്റിൽ.
ശ്രീകാന്ത് റെഡ്ഡിയെ ചിക്ക ബല്ലാപൂർ ജില്ലയിലെ ചിന്താമണിയിൽനിന്നാണ് സൈബർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഷാജു ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്നും ഷെയർ ട്രേഡിങ് നടത്തുന്നതിനായി പ്രതികൾ അവശ്യപ്പെട്ടതനുസരിച്ച് അയച്ചുകൊടുത്ത 4,99,760 രൂപയാണ് അറസ്റ്റിലായ ശ്രീകാന്ത് റെഡ്ഡിയുടെ ബംഗളൂരു ഐ.സി.ഐ.സി ബാങ്ക് അക്കൗണ്ടിൽ എത്തിയത്. പ്രതി ഉൾപെടുന്ന ഒരു സംഘമാണ് ഇതിനു പിന്നിലെന്ന് അന്വേഷണത്തിൽനിന്നും മനസിലായതായി പൊലീസ് പറഞ്ഞു.
നഷ്ടപ്പെട്ട തുക ട്രാൻസ്ഫറായ അക്കൗണ്ടുകളുടെയും ബന്ധപ്പെട്ട ഫോൺ നമ്പറുകളെയും കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരു മാസത്തോളമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താനായത്.
സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഷാജു ജോസഫിന്റെ നേതൃത്വത്തിൽ എ.എസ്.ഐ പ്രകാശൻ, സിവിൽ പൊലീസ് ഓഫിസർമാരായ സുനിൽ ജിത്തു അബ്രഹാം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാളെ കോടതിയിൽ ഹാജരാക്കി. പഞ്ചാബ്, കൽക്കട്ട എന്നിവിടങ്ങളിലുള്ള കൂട്ടുപ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ പറഞ്ഞു.

