പത്രപരസ്യം നൽകി ഷെയർ ട്രേഡിങ് തട്ടിപ്പ്: 1.34 കോടി തട്ടിയ വയനാട് സ്വദേശി പിടിയിൽ
text_fieldsഷനൂദ്
ഇരിങ്ങാലക്കുട (തൃശൂർ): പത്രപരസ്യം നൽകി ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ വൻ ലാഭം വാഗ്ദാനംചെയ്ത് ഇരിങ്ങാലക്കുട കിഴുത്താണി സ്വദേശിയിൽനിന്ന് 1,34,50,000 രൂപ തട്ടിയെടുത്ത കേസിൽ മുഖ്യ ഏജന്റായി പ്രവർത്തിച്ച യുവാവ് അറസ്റ്റിൽ. വയനാട് വൈത്തിരി ചുണ്ടേൽ ചാലംപാട്ടിൽ ഷനൂദിനെയാണ് (23) ഇരിങ്ങാലക്കുട സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
എക്കണോമിക് ടൈംസ് ദിനപത്രത്തിൽ വന്ന ഷെയർ ട്രേഡിങ് പരസ്യം കണ്ട് താൽപര്യം പ്രകടിപ്പിച്ച പരാതിക്കാരനെ തട്ടിപ്പുസംഘം വാട്സ്ആപ് ഗ്രൂപ്പിൽ ചേർക്കുകയായിരുന്നു. ട്രേഡിങ്ങിനായി ഒരു ലിങ്ക് നൽകി. 2024 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 31 വരെ കാലയളവിൽ പലതവണകളായി തൃശൂരിലെയും ഇരിങ്ങാലക്കുടയിലെയും വിവിധ ബാങ്കുകൾ വഴി പ്രതികൾ നിർദേശിച്ച അക്കൗണ്ടുകളിലേക്ക് പരാതിക്കാരൻ പണം നിക്ഷേപിച്ചു.
തട്ടിയെടുത്ത പണത്തിൽ 14 ലക്ഷം രൂപ ഷനൂദിന്റെ പേരിലുള്ള ആറ് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് എത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഈ പണത്തിൽനിന്ന് നാലു ലക്ഷം രൂപ ഉപയോഗിച്ച് ഇയാൾ മലപ്പുറത്തെ ജ്വല്ലറിയിൽനിന്ന് സ്വർണം വാങ്ങി. തട്ടിപ്പുസംഘത്തിന്റെ ഏജന്റായി പ്രവർത്തിച്ചതിനുള്ള പ്രതിഫലമായാണ് ഷനൂദ് തുക കൈപ്പറ്റിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാൾക്കെതിരെ ഉത്തരേന്ത്യയിൽ സമാനമായ ആറു കേസുകൾ നിലവിലുണ്ടെന്നും പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.
തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദേശപ്രകാരം ഇരിങ്ങാലക്കുട സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.എസ്. ഷാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐമാരായ രമ്യ കാർത്തികേയൻ, അശോകൻ, സുജിത്ത്, ടെലികമ്യൂണിക്കേഷൻ സി.പി.ഒമാരായ സുദീഫ്, പ്രവീൺ രാജ്, ഡ്രൈവർ സി.പി.ഒ അനന്തു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

