സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു; കെ.കെ. ലതിക അടക്കമുള്ളവർക്കെതിരെ പരാതി നൽകി ഷറഫുന്നീസ ടി. സിദ്ദീഖ്
text_fieldsഷറഫുന്നീസ ടി സിദ്ദീഖ്
കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ടി. സിദ്ദിഖ് എം.എല്‍.എയുടെ ഭാര്യ ഷറഫുന്നീസ കോഴിക്കോട് കമീഷണർക്ക് പരാതി നൽകി.
സി.പി.എം മുൻ എം.എ.ൽ.എ കെ.കെ. ലതിക, ശശികല റഹീം, ബിവിജ കാലിക്കറ്റ് എന്നിവർക്കെതിരെയാണ് പരാതി. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി ഒഴിയേണ്ടിവന്ന രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം ഇരിക്കുന്ന പഴയ ചിത്രം മോശമായി പ്രചരിപ്പിച്ചെന്ന് കാട്ടിയാണ് പരാതി നൽകിയത്. കെ.കെ. ലതിക, ശശികല റഹീം, ബിവിജ കാലിക്കറ്റ് തുടങ്ങിയവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ ഈ ചിത്രം മോശമായ രീതിയില്‍ പ്രചരിപ്പിച്ചെന്നാണ് പരാതി.
മൂവരുടെയും പേര് പരാതിയിൽ എടുത്തുപറയുന്നുണ്ട്. താനും കുടുംബവും ഏത് രാഷ്ട്രീയ വിവാദങ്ങളിലേക്കും വലിച്ചിഴക്കപ്പെടുന്നത് എന്തിനാണെന്ന് ഷറഫുന്നീസ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചിരുന്നു. ശശികല റഹീം എന്ന സി.പി.എമ്മുകാരി ഇട്ട പോസ്റ്റിലും അതിന് താഴെ വന്ന കമന്റുകളിലും തന്‍റെ ആത്മാഭിമാനത്തെയും സ്ത്രീത്വത്തെയും അപമാനിക്കുകയാണെന്ന് കുറിപ്പിൽ പങ്കുവെച്ചിരുന്നു. സ്ക്രീൻഷോട്ടുകൾ സഹിതമാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. രാഹുൽ മാങ്കൂട്ടത്തിൽ ടി. സിദ്ദീഖിനും ഭാര്യക്കും മകനുമൊപ്പം ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ചിത്രവും ‘ശേഷം എന്താണ് അവിടെ നടന്നിട്ടുണ്ടാകുക എന്ന് ആലോചിച്ചിട്ട്...’ എന്ന തലക്കെട്ടും ശശികല റഹീം എന്ന ഫേസ്ബുക്ക് പ്രൊഫൈലാണ് ഷെയർ ചെയ്തിരിക്കുന്നത്.
തന്‍റെ ആത്മാഭിമാനത്തെയും സ്ത്രീത്വത്തെയും അപമാനിക്കുമ്പോൾ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന കൂട്ടങ്ങൾ തന്നെയല്ലേ ശൈലജ ടീച്ചർക്കും ദിവ്യക്കും ചിന്തക്കും ആര്യക്കും വേണ്ടി നിലവിളിക്കുന്നത് എന്ന് ഷറഫുന്നീസ ചോദിക്കുന്നു. രാഷ്ട്രീയത്തിൽനിന്നും മാറി നിൽക്കുന്നവരാണ് ഞാനും കുഞ്ഞുങ്ങളും. പൊതുപ്രവർത്തകനായ പങ്കാളിയെ രാഷ്ട്രീയമായി ആക്രമിക്കാം. അല്ലാതെ കുടുംബജീവിതത്തെയും തന്നെയും നിന്ദ്യമായ ഭാഷയിൽ അപമാനിക്കാൻ അനുവദിക്കില്ലെന്നും നിയമപരമായി നീങ്ങാനാണ് തീരുമാനമെന്നും അവർ വ്യക്തമാക്കുന്നു.
ഷറഫുന്നീസയുടെ ഫേസ്ബുക്ക് കുറിപ്പ്:
ഞാനും എന്റെ കുടുംബവും ഏത് രാഷ്ട്രീയ വിവാദങ്ങളിലേക്കും വലിച്ചിഴക്കപ്പെടുന്നത് എന്തിനാണ്?. വിവാഹമോചനവും പുതിയ പങ്കാളിയുണ്ടാകുന്നതും എന്റെ ജീവിതത്തിൽ മാത്രം സംഭവിച്ച കാര്യമാണോ?. യോജിക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ ബന്ധം പിരിയുന്നത് ഞങ്ങളുടെ ജീവിതത്തിൽ മാത്രമാണോ?. ഉന്നത സ്ഥാനത്തിരിക്കുന്ന നിങ്ങളുടെ തന്നെ നേതാക്കളുടെ ജീവിതത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ലേ? പ്രബുദ്ധരെന്നും പുരോഗമനകാരികളെന്നും നടിക്കുന്ന ഇടതുപക്ഷക്കാരോട് ഈ ചോദ്യങ്ങൾ ചോദിക്കാതെ ഇനി മുന്നോട്ട് പോകാൻ കഴിയില്ല. ഏത് ചീഞ്ഞുനാറിയ കഥകൾക്കൊപ്പവും ചേർത്ത് നിങ്ങൾക്ക് അപഹസിക്കാനുള്ളതല്ല എന്റെ കുടുംബവും ജീവിതവും. ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന ഫോട്ടോ നോക്കൂ, എന്തിനാണ് ഞങ്ങളുടെ കുഞ്ഞിനെ പോലും ഇതിലേക്ക് നിങ്ങൾ കൊണ്ടിടുന്നത്. ഏറ്റവും നീചമായ വാക്കുകളല്ലേ നിങ്ങൾ എനിക്കെതിരെ പ്രയോഗിക്കുന്നത്. നിങ്ങളുടെ വനിതാ നേതാക്കൾക്കെതിരെ ഇത്തരം പദങ്ങൾ പ്രയോഗിക്കുമ്പോൾ വൈകാരികമായി പ്രതികരിക്കുന്നത് കാണാറുണ്ടല്ലോ. ഇവിടെ ശശികല റഹീം എന്ന സി.പി.എമ്മുകാരി ഇട്ട പോസ്റ്റിലും അതിന് താഴെ വന്ന കമന്റുകളിലും എന്റെ ആത്മാഭിമാനത്തെയും സ്ത്രീത്വത്തെയും അപമാനിക്കുമ്പോൾ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന കൂട്ടങ്ങൾ തന്നെയല്ലേ ശൈലജ ടീച്ചർക്കും ദിവ്യക്കും ചിന്തയ്ക്കും ആര്യക്കും വേണ്ടി നിലവിളിക്കുന്നത്. രാഷ്ട്രീയ മണ്ഡലത്തിൽ നിന്നും മാറി നിൽക്കുന്നവരാണ് ഞാനും എന്റെ കുഞ്ഞുങ്ങളും. പൊതുപ്രവർത്തകനായ എന്റെ പങ്കാളിയെ നിങ്ങൾക്ക് രാഷ്ട്രീയമായി ആക്രമിക്കാം. അല്ലാതെ എന്റെ കുടുംബജീവിതത്തെയും എന്നെയും നിന്ദ്യമായ ഭാഷയിൽ അപമാനിക്കാൻ അനുവദിക്കില്ല. ശശികല റഹീമിനെതിരെ നിയമപരമായി നീങ്ങാനാണ് എന്റെ തീരുമാനം. ഇനിയും ഇത് അനുവദിച്ച് കൊടുക്കാനാവില്ല…
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

