ശാന്തിഗിരി മുന്നോട്ട് വെക്കുന്നത് ബഹുസ്വരതയുടെ സന്ദേശം- രമേശ് ചെന്നിത്തല
text_fieldsശാന്തിഗിരി ആശ്രമത്തിൽ പൂജിതപീഠം സമർപ്പണാഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനം രമേശ് ചെന്നിത്തല എം.എല്‍.എ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു. കെ.എസ് ശബരി നാഥൻ, കടകംപളളി സുരേന്ദ്രന്‍ എം.എല്‍.എ, എം. വിജയകുമാര്‍, പാലോട് രവി, സ്വാമി ചൈതന്യ ജ്ഞാന തപസ്വി, സ്വാമി അഭയാനന്ദ, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി തുടങ്ങിയവര്‍ സമീപം.
പോത്തൻകോട്: ശാന്തിഗിരി മുന്നോട്ടു വെക്കുന്നത് ബഹുസ്വരതയുടെ സന്ദേശമാണെന്നും ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീകരുണാകരഗുരു പകർന്ന ആ വിശുദ്ധമായ സന്ദേശം ലോകം മുഴുവൻ എത്തിക്കാനുളള പരിശ്രമമാണ് ശാന്തിഗിരിയിൽ നടക്കുന്നതെന്നും ആ ശ്രമത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശാന്തിഗിരി ആശ്രമത്തിൽ പൂജിതപീഠം സമർപ്പണം ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാന്തിഗിരി ആശ്രമത്തിൻറെ ചരിത്രത്തിലെ അവിസ്മരണീയമായ മുഹൂർത്തമാണ് പൂജിതപീഠം സമർപ്പണം. ഇത് രാജ്യത്തിന്റെ ആത്മീയതയായി കണക്കാക്കാൻ സാധിക്കുന്ന ഒന്നാണ്. ഇന്നത്തെ കാലഘട്ടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത മാനവികതയിൽ ഊന്നി നിന്നുകൊണ്ടുളള സാഹോദര്യമാണ്. മതാതീതമായ ആത്മീയതയെ പുൽകുന്ന സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും സഹകരണത്തിൻ്റെയും ഇടമാണ് ശാന്തിഗിരി. അതുകൊണ്ടു തന്നെ മതാതീതമായ കാഴ്ചപ്പാടോടുകൂടി സമൂഹത്തിന് മുഴുവൻ വെളിച്ചം പകരാൻ കഴിയുന്നുവെന്നതാണ് ആശ്രമത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഇന്ന് സമൂഹത്തിൽ വർദ്ധിച്ചു വരുന്ന സ്പർദ്ധയും വിഭാഗീയതയും തമ്മിലടിയും സാഹോദര്യത്തെ നശിപ്പിക്കുന്ന പ്രവർത്തനങ്ങളും ഒഴിവാക്കികൊണ്ട് എല്ലാവരും സമാധാനത്തോടെ മാനവികത ഉയർത്തിപ്പിടിച്ചുകൊണ്ട് ജീവിക്കുന്ന ഒരു അന്തരീക്ഷം ഉണ്ടാകണമെന്നുളള ശാന്തിഗിരിയുടെ ആ സന്ദേശം കൂടുതൽ കൂടുതൽ സമൂഹത്തിലെത്തിക്കാൻ നമുക്ക് ഓരോരുത്തർക്കും കഴിയണം. അവിടെയാണ് നമുക്ക് വിശ്വശാന്തി കൈവരിക്കാൻ കഴിയുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കടകംപള്ളി സുരേന്ദ്രൻ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സീറോ മലങ്കര സഭ തിരുവനന്തപുരം ഓക്സിലറി ബിഷപ്പ് മോസ്റ്റ് റവ.ഡോ. മാത്യൂസ് മാര്‍ പോളി കാര്‍പ്പസ്, ചെമ്പഴന്തി ശ്രീനാരായണഗുരുകുലം മഠാധിപതി സ്വാമി അഭയാനന്ദ എന്നിവര്‍ മഹനീയ സാന്നിദ്ധ്യമായി. മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍, തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവി, മുന്‍ എം.പി. എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ കെ.എസ്. ശബരീനാഥന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

