പ്രൗഢമായി ശാന്തപുരം അൽ ജാമിഅ 70ാം വാർഷിക പ്രഖ്യാപനം
text_fieldsശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ എഴുപതാം വാർഷിക പ്രഖ്യാപന സമ്മേളനത്തിൽ
ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ പി. മുജീബ്റഹ്മാൻ മുഖ്യപ്രഭാഷണം നടത്തുന്നു
ശാന്തപുരം: ഏഴ് പതിറ്റാണ്ട് മതഭൗതിക വിദ്യാഭ്യാസ മേഖലയിൽ നിറഞ്ഞുനിന്ന ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയയുടെ 70-ാം വാർഷിക പ്രഖ്യാപന സമ്മേളനം പ്രൗഢമായി. പുതിയ കാൽവെപ്പുകളുടെ പദ്ധതി പ്രഖ്യാപനം നടന്നു. ഏഴ് പതിറ്റാണ്ടിനിടെ ഇതേ കലാലയത്തിൽ പഠിച്ച് പ്രശസ്തരായവരെ സാക്ഷിയാക്കിയായിരുന്നു ചടങ്ങ്.
ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ എഴുപതാം വാർഷിക പ്രഖ്യാപന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവർ
പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ച് ‘മുസ് ലിം ന്യൂനപക്ഷം: നിക്ഷേപ വ്യവഹാരങ്ങളുടെ ഫിഖ്ഹ്’ എന്ന വിഷയത്തിൽ നടന്ന അന്താരാഷ്ട്ര അക്കാദമിക് കോൺഫറൻസിൽ വൈജ്ഞാനിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു. വൈകീട്ട് നടന്ന 70 ാം വാർഷിക പ്രഖ്യാപന സമ്മേളനം ആൾ ഇന്ത്യ മില്ലി കൗൺസിൽ നാഷനൽ സെക്രട്ടറി മുഫ്തി ഒമർ ആബിദീൻ ഖാസിമി ഉദ്ഘാടനം ചെയ്തു. മത- ഭൗതിക മേഖലകളിൽ ശാന്തപുരം അൽ ജാമിഅയുടെ വിദ്യാഭ്യാസ പദ്ധതികൾ മുസ്ലിം മുന്നേറ്റത്തിൽ നിർണായക പങ്ക് വഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മിക്ക സംസ്ഥാനങ്ങളിൽ നിന്നും ഇവിടെ വിദ്യാർഥികളുണ്ടെന്നതും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ വിദ്യാഭ്യാസം നൽകുന്നെന്നതും അഭിമാനകരമാണ്. ബഗ്ദാദിലെ ബൈതുൽ ഹിക്മക്ക് സമാനമാണ് ഇൗ വിദ്യാഭ്യാസ പദ്ധതി. ഈ കേരള മോഡൽ വിദ്യാഭ്യാസ പദ്ധതികൾ രാജ്യത്തുടനീളം രൂപപ്പെടണമെന്നും അഭിപ്രായപ്പെട്ടു. അൽ ജമിഅ റെക്ടർ ഡോ. അബ്ദുസ്സലാം അഹ്മദ് അധ്യക്ഷത വഹിച്ചു.
അൽ ജാമിഅ അൽ ഇസ്ലാമിയ അഡ്മിൻ
ബ്ലോക്ക് പ്രൊജക്റ്റ് ലോഞ്ച് ഇ.ടി. മുഹമ്മദ് ബഷീർ
എം.പി നിർവഹിക്കുന്നു
ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ പി. മുജീബുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, അഡ്വ. ഹാരിസ് ബീരാൻ, പി. അബ്ദുൽ ഹമീദ് എം.എൽ.എ, അൽ ജാമിഅ സുപ്രീം കൗൺസിൽ അധ്യക്ഷൻ എം.ഐ. അബ്ദുൽ അസീസ്, മാധ്യമം-മീഡിയ വൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, ഡോ. കൂട്ടിൽ മുഹമ്മദലി, തൗഫീഖ് മമ്പാട്, അഡ്വ. അബ്ദുൽ വാഹിദ്, ഷിഫാന സുബൈർ, ഡോ. എ.എ. ഹലീം, സമീർ കാളികാവ് എന്നിവർ സംസാരിച്ചു. അൽ ജാമിഅ ഡെപ്യൂട്ടി റെക്ടർ ഡോ. നഹാസ് മാള സ്വാഗതവും ജനറൽ കൺവീനർ അഹമ്മദ് ഫസൽ നന്ദിയും പറഞ്ഞു. ഇസ്ഹാഖ് മഫാസി ഖുർആനിൽ നിന്ന് അവതരിപ്പിച്ചു. കലാവിഷ്കാരങ്ങൾ, ഖവാലി, കോൽക്കളി, നാടകം എന്നിവ അരങ്ങേറി.
അൽ ജാമിഅ സ്കൂൾ ഓഫ് സോഷ്യൽ സയൻസ്
ബിൽഡിങ് പ്രോജക്ട് ലോഞ്ചിങ് അഡ്വ. ഹാരിസ് ബീരാൻ എം.പി നിർവഹിക്കുന്നു
അൽ ജാമിഅയുടെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു
ശാന്തപുരം: അൽ ജാമിഅ അൽ ഇസ്ലാമിയയുടെ 70ാം വാർഷിക പ്രഖ്യാപന സമ്മേളനത്തിൽ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു. അൽ ജാമിഅക്ക് കീഴിൽ മത-വിദ്യാഭ്യാസ മേഖലകളിൽ വിപുലമായ പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് പുതിയ പദ്ധതികൾ നടപ്പാക്കുന്നത്. സ്കൂൾ ഓഫ് ലോ, ഹോസ്റ്റൽ കെട്ടിടങ്ങൾ, അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, സെൻട്രൽ ലൈബ്രറി ആൻഡ് റിസർച്ച് സെൻറർ, സ്കൂൾ ഓഫ് സോഷ്യൽ സയൻസ്, അൽ ജാമിഅ റിവൈറ്റലൈസേഷൻ, അൽ ജാമിഅ ഡിബേറ്റ് സെൻറർ, അൽ ജാമിഅ ഹെറിറ്റേജ് സെന്റർ, അൽ ജാമിഅ ലിറ്ററേച്ചർ ആൻഡ് ഇൻറലക്ച്വൽ ഫെസ്റ്റ് എന്നീ പദ്ധതികളാണ് സമ്മേളന വേദിയിൽ പ്രഖ്യാപിച്ചത്.
ബോയ്സ് ഹോസ്റ്റൽ കെട്ടിടങ്ങളുടെ സമർപ്പണം പി. അബ്ദുൽ ഹമീദ് എം.എൽ.എ നിർവഹിക്കുന്നു
പുതിയ വൈജ്ഞാനിക ദൗത്യങ്ങൾ അൽ ജാമിഅയുടെ നേട്ടം അഭിമാനകരം -പി. മുജീബ്റഹ്മാൻ
ശാന്തപുരം: വർത്തമാന കാലത്ത് പുതിയ വൈജ്ഞാനിക ദൗത്യവുമായി അൽ ജാമിഅ മുന്നോട്ടു പോകുന്നത് അഭിമാനകരമാണെന്നും മത-സാമൂഹിക-രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകളിലെല്ലാം പ്രതിഭ തെളിയിച്ച പ്രഗദ്ഭരെ സംഭാവന ചെയ്ത സ്ഥാപനമാണിതെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ്റഹ്മാൻ പറഞ്ഞു. ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയയുടെ 70ാം വാർഷിക പ്രഖ്യാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിലും മുസ്ലിം നവോഥാനത്തിലും ഈ സ്ഥാപനം വഹിച്ച പങ്ക് നിസ്തുലമാണ്. രാഷ്ട്രീയവും സാമൂഹികവുമായ മേഖലകളിൽ സ്വാധീനിക്കാൻ ശേഷിയുള്ള വ്യക്തിത്വങ്ങളെ ഇക്കാലയളവിൽ സ്ഥാപനത്തിന് പുറത്തിറക്കാനായെന്നും അദ്ദേഹം പറഞ്ഞു.
മൂല്യാധിഷ്ഠിത വിദ്യാഭ്യാസം മുഖമുദ്ര -ഇ.ടി
ശാന്തപുരം: മത-ഭൗതിക സമന്വയ വിദ്യാഭ്യാസ പദ്ധതി കേരളത്തിന് പരിചയപ്പെടുത്തിയ ശാന്തപുരം കോളജ് വർത്തമാന കാലത്തും അതിന്റെ വൈജ്ഞാനിക ദൗത്യം നിർവഹിക്കുന്നത് സന്തോഷകരമാണെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണ് ഈ സ്ഥാപനത്തിന്റെ മുഖമുദ്രയെന്നും കാഴ്ചപ്പാടും ലക്ഷ്യബോധവുമായിരുന്നു സ്ഥാപനത്തിന്റെ മുന്നോട്ടുള്ള വഴിയിലെ കൈമുതലെന്നുമാണ് മനസ്സിലാക്കാൻ സാധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

