എഴുപതിന്റെ നിറവിൽ അൽ ജാമിഅ
text_fieldsഅഭിമാനത്തോടെ നാം ഇന്നു കാണുന്ന ശാന്തപുരം അൽ ജാമിഅ അൽ ഇസ്‌ലാമിയ ഒരു വിത്തിന്റെ വികാസമാണ്. 1950കളിൽ ഇസ്സുദ്ദീൻ മൗലവി, എ.കെ അബ്ദുൽ ഖാദർ മൗലവി, ഹാജി സാഹിബ് തുടങ്ങിയ മഹാരഥന്മാർ ശാന്തപുരത്തിന്റെ മണ്ണിലിട്ട വിത്ത്. വ്യത്യസ്തമായ ആ വിത്ത് മുളച്ചു പൊന്തി ഫലം കായ്ച്ചു തുടങ്ങിയപ്പോഴാണ് ലോകം അതിന്റെ ഗുണഫലങ്ങൾ അനുഭവിച്ചത്. കാരണം, പുറത്തു വന്നത് കേരളത്തിന് അതുവരെ പരിചയമുണ്ടായിരുന്ന വിധത്തിലുള്ള പണ്ഡിതരായിരുന്നില്ല. മറിച്ച്, ഇസ്‌ലാമിക പ്രമാണങ്ങളിൽ അഗാധപാണ്ഡിത്യം, അറബി-ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം, ഭൗതിക വിജ്ഞാനീയങ്ങളിൽ അനിവാര്യമായ വിവരങ്ങൾ, സർവോപരി, ജീവിക്കുന്ന ലോകത്ത് ആരുടെയും മുമ്പിൽ, അവർ നിരീശ്വരവാദികളാവട്ടെ, മോഡേണിസ്റ്റുകളാവട്ടെ, സാഹിത്യകാരന്മാരാവട്ടെ, ഭാഷ നിപുണരാവട്ടെ, രാഷ്ട്രീയ നേതാക്കളാവട്ടെ, മാധ്യമ പ്രവർത്തകരാവട്ടെ, ഇസ്‌ലാമിനെ ആത്മവിശ്വാസത്തോടെ പ്രതിനിധീകരിക്കാനുള്ള അസാമാന്യ ശേഷി. ഇതൊക്കെ സ്വന്തമായുള്ള യുവപണ്ഡിത സമൂഹമാണ് ശാന്തപുരം ഇസ്‌ലാമിയ കോളജ് എന്ന് പേരിട്ടു വിളിച്ച ആ വിത്തിൽനിന്ന് കായ്കനികളായി പുറത്തു വന്നത്.
ഇസ്‌ലാമിയ കോളജ് ഈ അത്ഭുതം സാധിച്ചത്, അതിന്റെ പിന്നിലുള്ള വിഷന്റെ സവിശേഷത കൊണ്ടായിരുന്നു. ഇസ്‌ലാമിക വിദ്യാഭ്യാസം കേവലം പുരാതന ഗ്രന്ഥങ്ങളുടെ ഉപരിപ്ലവ വായനകളാണെന്ന ധാരണ തിരുത്തി, സംഭവലോകവുമായി അല്ലാഹുവിന്റെ വഹ്‌യിനെ കണക്ട് ചെയ്യാനുള്ള പ്രാപ്തിയാണ് പാണ്ഡിത്യമെന്നും അതിനാവശ്യമായ ടൂളുകൾ ആർജിക്കുന്ന പ്രക്രിയയാണ് ഇസ്‌ലാമിക വിദ്യാഭ്യാസമെന്നുമുള്ള കാഴ്ചപ്പാടിൽ കെട്ടിപ്പടുത്ത വിഷനായിരുന്നു ഇസ്‌ലാമിയ കോളജിന്റെ ജന്മത്തിൽ കലാശിച്ചത്. എല്ലാ വളർച്ചകൾക്കു ശേഷവും ആ വിഷൻ ഇന്നും സ്ഥാപനം പിന്തുടർന്നു പോരുന്നു.
ഇന്ന് മത-ഭൗതിക വിദ്യാഭ്യാസ സമന്വയം എന്ന ആശയം കേരളത്തിൽ പുതുമയുള്ളതല്ല. എല്ലാ മതവിഭാഗവും സംഘടനകളും നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആശയമാണത്. എന്നാൽ, 1950കളിൽ ഈ ആശയം ആദ്യമായി മുന്നോട്ടു വെക്കുകയും അതിന്റെ പ്രയോഗവത്കരണത്തിന് ഇസ്‌ലാമിയ കോളജ് എന്ന സ്ഥാപനമുണ്ടാക്കുകയും ചെയ്തത് ജമാഅത്തെ ഇസ്‌ലാമിയാണ്. ഇസ്‌ലാമിയ കോളജ് അതിന്റെ ലക്ഷ്യപൂർത്തീകരണത്തിൽ അസാമാന്യ വിജയമാണ് കൈവരിച്ചത്.
ഇസ്‌ലാമിയ കോളജിന് 45 വയസ്സായപ്പോൾ ഇസ്‌ലാമിക പ്രസ്ഥാനം പുതിയൊരു തീരുമാനമെടുത്തു. അതിനെ ഇസ്‌ലാമിക് യൂനിവേഴ്സിറ്റിയായി (അൽ ജാമിഅ അൽ ഇസ്‌ലാമിയ) ഉയർത്തുക എന്നതായിരുന്നു അത്. ഇസ്‌ലാമിയ കോളജിന്റെ രണ്ടാംഘട്ടം. വ്യത്യസ്ത ഇസ്‌ലാമിക പഠന വിഭാഗങ്ങളും വിവിധ കോളജുകളുമുൾക്കൊള്ളുന്ന യൂനിവേഴ്സിറ്റി. ആ സ്വപ്നവും യാഥാർഥ്യമായി. 2003ൽ ലോകപ്രശസ്ത പണ്ഡിതൻ ശൈഖ് യൂസുഫുൽ ഖറദാവി കോളജിലെത്തി അമ്പതിനായിരത്തിലധികം പേരുള്ള വൻ സദസ്സിന് മുന്നിൽ ശാന്തപുരം ഇസ്‌ലാമിയ കോളജ്, ഇസ്‌ലാമിക് യൂനിവേഴ്സിറ്റിയായി ഉയർത്തപ്പെട്ടതായി പ്രഖ്യാപിച്ചു.
അദ്ദേഹത്തിന്റെ തന്നെ നേതൃത്വത്തിലുള്ള അൽ ജാമിഅ അന്താരാഷ്ട്ര അഡ്വൈസറി ബോർഡ് പരിശോധിച്ച് അംഗീകരിച്ച സിലബസ്, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, അന്താരാഷ്ട്ര യൂനിവേഴ്സിറ്റികളുമായുള്ള അക്കാദമിക സഹകരണം, കേരളത്തിനകത്തും പുറത്തുമുള്ള പ്രഗത്ഭരായ പ്രഫസർമാർ, കേരളത്തിൽനിന്ന് മാത്രമല്ല, ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ തുടങ്ങിയ സവിശേഷതകളിലൂടെ അൽ ജാമിഅ അൽ ഇസ്‌ലാമിയ രാജ്യത്തെ ഉന്നത ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ മികവുറ്റ കേന്ദ്രമായി വളർന്നു.
പണ്ഡിത നേതൃത്വം (Scholarly Leadership) എന്നതായിരുന്നു അൽ ജാമിഅയുടെ വിഷൻ. രാജ്യത്ത് വിവരമില്ലാത്ത നേതൃത്വവും നേതൃശേഷിയില്ലാത്ത പാണ്ഡിത്യവുമുണ്ടാക്കുന്ന ദുരന്തങ്ങളാണ് ആ വിഷനെ പ്രസക്തമാക്കിയത്. കഴിഞ്ഞ 25 വർഷങ്ങളിൽ അൽ ജാമിഅ അതിന്റെ വിഷൻ വിജയകരമായി നടത്തിയെടുത്തു. നേരത്തെ ഇസ്‌ലാമിയ കോളജ് പുറത്തുവിട്ടതിന് സമാനമായ പണ്ഡിത നേതൃത്വത്തെ അത് ഒരുക്കിയെടുത്തു. അതിന്റെ മുഴുവൻ ഫലങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ.
അൽ ജാമിഅയിൽ പഠിച്ചു പുറത്തിറങ്ങിയ വിദ്യാർഥി-വിദ്യാർഥിനികൾ ലോകത്തിന്റെ പല ഭാഗങ്ങളിലെയും പ്രശസ്ത യൂനിവേഴ്സിറ്റികളിലും ഇന്ത്യയിലെ സെൻട്രൽ യൂനിവേഴ്സിറ്റികളിലും അവരുടെ ഉന്നത പഠനം തുർന്നു. ചിലർ പഠന-ഗവേഷണങ്ങളിൽ മുഴുകി. വേറെ ചിലർ രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ ഇസ്‌ലാമിക പ്രവർത്തനങ്ങളുടെ നേതൃനിരയിലെത്തി. ചിലർ അച്ചടി-ദൃശ്യമാധ്യമ പ്രവർത്തനങ്ങളിൽ വ്യാപൃതരായി. കലാ- സാംസ്കാരിക രംഗമാണ് കുറച്ചുപേർ തെരഞ്ഞെടുത്തത്. അക്കാദമിക രംഗത്ത് നേതൃപദവിയിലെത്തിയവർ നിരവധി.
ശാന്തപുരം ഇസ്‌ലാമിയ കോളജ് 45 വർഷമായപ്പോൾ അൽ ജാമിഅ എന്ന അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചെങ്കിൽ, ഇപ്പോൾ 70 വർഷം പൂർത്തിയാകുമ്പോൾ അതിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. രാജ്യത്ത് ഉന്നതോദ്യോഗങ്ങളിൽ, തീരുമാന കേന്ദ്രങ്ങളിൽ ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം വർധിപ്പിച്ച് രാജ്യത്തിന്റെ പുരോഗതിയിൽ അവരുടെ ക്രിയാത്മക പങ്ക് ഉറപ്പുവരുത്താനാകുംവിധം ഉന്നത വിദ്യാഭ്യാസം നൽകി വളർത്തിക്കൊണ്ടുവരിക എന്നതാണ് പുതിയ ചുവടുവെപ്പ്. അതിനായി ലോ, സയൻസ് ആൻഡ് ടെക്നോളജി, സോഷ്യൽ സയൻസസ്, മീഡിയ സ്റ്റഡീസ്, എജുക്കേഷൻ, ബിസിനസ് സ്റ്റഡീസ് തുടങ്ങിയ മേഖലകളിലൂന്നി ‘‘നോളജ് വേൾഡ്’’ എന്ന പേരിൽ വിപുലമായ വിദ്യാഭ്യാസ സമുച്ചയം പടുത്തുയർത്താൻ കഴിഞ്ഞ രണ്ടുവർഷമായി ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്.
ഇതിനായി പെരിന്തൽമണ്ണക്കടുത്ത് പൂപ്പലത്ത് 50 ഏക്കർ ഭൂമി വാങ്ങുകയും പ്രൊജക്റ്റ് ആരംഭിക്കുകയും ചെയ്തു. സ്കൂൾ ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും സ്കൂൾ ഓഫ് ലോയും പ്രവർത്തനമാരംഭിച്ചു. ബോയ്സ്, ഗേൾസ് ഹോസ്റ്റൽ കെട്ടിടങ്ങൾ പൂർത്തിയായി. മറ്റു സ്ഥാപനങ്ങളുടെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങാൻ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
അൽ ജാമിഅ അതിന്റെ എഴുപതാം വയസ്സാണ് ഇപ്പോൾ ആഘോഷിക്കുന്നത്. എഴുപതാം വാർഷികം ആഘോഷിക്കുന്നത് ഭൂതകാലത്തെ നേട്ടങ്ങളെക്കുറിച്ച് അഹങ്കരിക്കാനല്ല, അഭിമാനിക്കാനാണ്, പ്രചോദിപ്പിക്കുന്ന അതിന്റെ ചരിത്രം ഓർമിപ്പിക്കാനാണ്. എല്ലാറ്റിലുമുപരി, ചരിത്രത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് അൽ ജാമിഅ പ്രവേശിക്കുന്നതിന്റെ വിളംബര ആഘോഷമാണത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് ചെയ്തതും ഇപ്പോൾ പ്രഖ്യാപിക്കാൻ പോകുന്നതും ഇനി ഭാവിയിൽ നിർവഹിക്കാനിരിക്കുന്നതുമായ ഒരുപാടു ദൗത്യങ്ങളുണ്ട്. ആ ദൗത്യങ്ങളൊക്കെയും യാഥാർഥ്യമാക്കുന്നതിനെക്കുറിച്ച സ്വപ്നങ്ങൾ പേറിയാണ് അൽ ജാമിഅ ജീവിക്കുന്നത്. ഈ സ്ഥാപനത്തിന്റെ ഒരു പ്രത്യേകത, അതു കണ്ട സ്വപ്നങ്ങളെല്ലാം ഒന്നിനുപിറകെ ഒന്നായി സാക്ഷാത്കരിക്കപ്പെട്ടുവരികയാണ് എന്നതാണ്. നിലവിലുള്ള അൽ ജാമിഅയുടെ ഉള്ളടക്കത്തിൽ നവീകരണവും അപ്ഡേഷനും എന്ന സ്വപ്നം യാഥാർഥ്യമാകും. ബൃഹത്തായ മറ്റൊരു യൂനിവേഴ്സിറ്റി പ്രൊജക്റ്റായ ‘‘നോളജ് വേൾഡും’’ യാഥാർഥ്യമാകുക തന്നെ ചെയ്യും. ഇനി അത് കാണാനിരിക്കുന്ന സ്വപ്നങ്ങളും ഭാവിയിൽ നടപ്പാകുന്നതാണ്.
കാരണം അല്ലാഹുവിലാണ് അത് ഭരമേൽപ്പിച്ചിരിക്കുന്നത്. തുടർന്ന്, സമൂഹത്തിലെ നല്ല മനുഷ്യരുടെ പിന്തുണയിലാണ് അത് സ്വപ്നങ്ങളെ യാഥാർഥ്യമാക്കിയെടുക്കുന്നത്. സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള മഹത്തായ പ്രയാണത്തിൽ മുഴുവൻ ജനസമൂഹങ്ങളുടെയും അകമഴിഞ്ഞ പിന്തുണയും പ്രാർഥനയും ഞങ്ങൾ ആഗ്രഹിക്കുന്നു.
പെരിന്തൽമണ്ണക്കടുത്ത് പൂപ്പലത്ത് 50 ഏക്കർ
ഭൂമി വാങ്ങുകയും ‘‘നോളജ് വേൾഡ്’’ പ്രൊജക്റ്റ്
ആരംഭിക്കുകയും ചെയ്തു. ഇവിടെ ആദ്യഘട്ടമായി സ്കൂൾ ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും
സ്കൂൾ ഓഫ് ലോയും പ്രവർത്തനമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

