'വാവര് സ്വാമിയേ എന്നല്ലേ വിളിക്കുന്നത്, വാവര് മുസ്‌ലിയാരേ.. വാവര് കാക്കേ എന്നൊന്നുമല്ലല്ലോ'; കേസിനെ പേടിയില്ല, വർഗീയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ശാന്താനന്ദ
text_fieldsപത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് ബദലായി സംഘ്പരിവാർ പന്തളത്ത് സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിലെ വർഗീയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ചെങ്കോട്ടുകോണം ശ്രീ രാമദാസ ആശ്രമം അധ്യക്ഷന്‍ ശാന്താനന്ദ മഹര്‍ഷി.
തന്റെ ഭാഗത്ത് ഒരു തിരുത്തൽ വേണം എന്ന് തോന്നിയാൽ അത് തിരുത്താനുള്ള ബുദ്ധിയും വിവേകവുമൊക്കെ തനിക്കുണ്ടെന്നും അല്ലാതെ സദസിലെ ആയിരങ്ങളെ കാണുമ്പോൾ വികാരം കൊണ്ട് പറഞ്ഞതല്ലെന്നും ഉറപ്പിച്ച് പറയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മരണത്തെ പോലും ഭയക്കാത്തവനാണ് അതുകൊണ്ട് കേസിനെ ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ വരുന്ന ഭക്തജനങ്ങള്‍ അയ്യപ്പനെ കാണാനാണ് വരുന്നത്. വാവരെ കാണാന്‍ ആരും വരുന്നില്ല. അയ്യപ്പന്റെ സുഹൃത്താണ് വാവര്‍ എന്ന സങ്കല്‍പം ഇവിടെ പ്രചരിച്ചിരിക്കുന്നത് കൊണ്ടും വാവരെ കുറിച്ച് ആ രീതിയിലുള്ള ഒരു ധാരണ ഈ സമൂഹത്തില്‍ നിലനില്‍ക്കുന്നത് കൊണ്ടും അയ്യപ്പനായി കൊണ്ട് പ്രാർഥിക്കുകയാണ്. വാവര് സ്വാമിയേ എന്നല്ലേ വിളിക്കുന്നത്, വാവര് മുസ്‌ലിയാരേ... വാവര് കാക്കേ എന്നൊന്നുമല്ലല്ലോ വിളിക്കുന്നത്. വാവര് സ്വാമീ എന്നാണ് വിളിക്കുന്നത്. സ്വാമി സങ്കല്‍പം തന്നെയാണ് അവര്‍ വാവരിലും കാണുന്നത്,’ ശാന്താനന്ദ പറഞ്ഞു.
അതേസമയം, ശാന്താനന്ദയുടെ പരാമർശം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും പന്തളത്ത് നടത്തിയ സംഗമം വർഗീയ പരിപാടിയായി മാറിയെന്നും പറഞ്ഞ പന്തളം രാജകുടുംബാഗം പ്രദീപ് വർക്കും ശാന്താനന്ദ മറുപടി നൽകി.
‘കൊട്ടാരത്തിന്റെ അഡ്രസ് വെച്ച് വരുമ്പോള്‍, കൊട്ടാരത്തില്‍ അദ്ദേഹം മാത്രമല്ല ഉള്ളത്. കൊട്ടാരത്തില്‍ പശുവുണ്ടാകും കാളയുണ്ടാകും പൂച്ചയുണ്ടാകും എലിയുണ്ടാകും… ഇവര്‍ക്ക് സംസാരിക്കാന്‍ കഴിഞ്ഞാല്‍ ഞാനും കൊട്ടാരത്തിലെ ആളാണേ എന്ന് പറഞ്ഞേനേ, അവരുടെ അഭിപ്രായവും പറഞ്ഞേനേ, അത്രയേ വില അതിന് കല്‍പിക്കുന്നുള്ളൂ.'- എന്നായിരുന്നു പരിഹാസം.
സംഘ്പരിവാർ പന്തളത്ത് നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിൽ വാവരെ അധിക്ഷേപിച്ച ശ്രീരാമദാസ് മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷിയുടെ വിവാദ പ്രസംഗത്തിന്മേൽ കഴിഞ്ഞദിവസം പന്തളം പൊലീസ് കേസെടുത്തിരുന്നു. വാവർ തീവ്രവാദിയാണെന്നും മുസ്ലിം ആക്രമണകാരിയാണെന്നുമായിരുന്നു ശാന്താനന്ദ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

