ഗൾഫിൽ നിന്നെത്തി എം.ഡി.എം.എ കച്ചവടം; നിരവധി പൊലീസ് കേസുകൾ, ഷാനിദിന്റെ മരണത്തിന് കാരണം ലഹരി
text_fieldsകാസർകോട്: എം.ഡി.എം.എ വിഴുങ്ങിയതിനെ തുടർന്ന് മരിച്ച ഷാനിദ് ലഹരി കച്ചവടം തുടങ്ങിയത് ഗൾഫിൽ നിന്നെത്തിയതിന് ശേഷം. ഇയാൾക്കെതിരെ രണ്ട് ലഹരി കേസുകൾ പൊലീസ് എടുക്കുകയും ചെയ്തിരുന്നു. താമരശ്ശേരി, അമ്പായത്തോട് പ്രദേശങ്ങളിൽ ഇയാൾ വ്യാപകമായി എം.ഡി.എം.എ വിൽക്കുന്നതായി പ്രദേശവാസികളും പരാതി നൽകിയിരുന്നു.
വെള്ളിയാഴ്ച രാത്രി താമരശ്ശേരി പൊലീസ് നൈറ്റ് പട്രോളിങ്ങിനിടെയാണ് ഷാനിദിനെ കസ്റ്റഡിയിലെടുക്കുന്നത്. വിഴുങ്ങിയത് എം.ഡി.എം.എയാണെന്ന് പറഞ്ഞതോടെ പൊലീസ് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. എൻഡോസ്കോപി പരിശോധനയിൽ വയറ്റിൽ വെളുത്ത തരികളടങ്ങിയ പായ്ക്കറ്റ് കണ്ടെത്തിയിരുന്നു.ശസ്ത്രക്രിയയിലൂടെ കവറുകൾ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കവേയാണ് മരണം.
അതേസമയം, ലഹരിക്കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. വയനാട്ടിൽ ലഹരി മരുന്ന് പരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം ഉണ്ടായി. വാഹനം നിർത്താൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ ഇടിച്ച് വീഴ്ത്തി. സിവിൽ എക്സൈസ് ഓഫീസർ ജെയ്മോൻ നേരെയാണ് ആക്രമണം ഉണ്ടായത്. താടിയെല്ലിനും സാരമായ പരിക്കേറ്റു. മൂന്ന് പല്ലുകൾ നഷ്ടമായി. പ്രതി അഞ്ചാംമൈൽ സ്വദേശി ഹൈദറെ പൊലീസ് പിടികൂടി.
തൃശൂരിൽ മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. അസ്സം സ്വദേശി ദിൽദുർ ഹുസൈനാണ് 130 ഗ്രാം ബ്രൗൺഷുഗറുമായി പിടിയിലായത്. പേരാമംഗലം പൊലീസും തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 44 ലക്ഷം രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടുപേർ പിടിയിലായി. തായ് എയർവേയ്‌സ് വിമാനത്തിൽ ബാങ്കോക്കിൽ നിന്നെത്തിയ മുംബൈ സ്വദേശിനികളായ സഫ റാഷിദ്, ഷസിയ അമർ എന്നിവരാണ് ഒന്നര കിലോ കഞ്ചാവുമായി കസ്റ്റംസിന്റെ പിടിയിലായത്. സഫയുടെ കൈവശം 754 ഗ്രാം കഞ്ചാവും ഷസിയയുടെ പക്കൽ 750 ഗ്രാം കഞ്ചാവുമാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

