ഷാൻ വധം; മൂന്നുപേർ കൂടി പിടിയിലായതായി സൂചന
text_fieldsആലപ്പുഴയിൽ എസ.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ് ഷാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേർ കൂടി പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. രണ്ട് തൃശൂർ സ്വദേശികളും ഒരു ആലുവ സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്. പ്രതികളെ രക്ഷപെടാൻ സഹായിച്ചവരെന്ന് സംശയമുള്ളവരാണ് തൃശൂർ സ്വദേശികൾ.
ഗൂഡാലോചനയിൽ പങ്കുണ്ടെന്ന സംശയത്തിലാണ് ആലുവ സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ ഇരട്ട കൊലപാതകത്തിൽ ഇരുവിഭാഗത്തിലും പെട്ട കുറ്റവാളികളുടെ പട്ടിക ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കുമെന്ന് പൊലീസ് പറഞ്ഞു. വാറന്റ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യും.
ക്രിമിനൽ സംഘങ്ങൾക്ക് പണം കിട്ടുന്ന സ്രോതസ് കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഷാന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള രണ്ട് പേരെ ആലപ്പുഴ നഗരത്തിലെ ആർ.എസ്.എസ് കാര്യാലയത്തിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നുപേർ കൂടി കസ്റ്റഡിയിൽ ഉള്ളതെന്നാണ് സൂചന. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ആലുവായിലേക്കും നീങ്ങിയിട്ടുണ്ട്. ഇന്നലെ രാത്രി ആലുവ ആർ. എസ്. എസ് കാര്യാലയത്തിൽ ആലപ്പുഴയിൽ നിന്നെത്തിയ പൊലീസ് പരിശോധന നടത്തി.

