ഷാൻ വധക്കേസ്: നാല് ആർ.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ഇടക്കാല ജാമ്യം
text_fieldsന്യൂഡൽഹി: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ്. ഷാനിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളായ നാല് ആർ.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നിവര്‍ക്കാണ് ഇടക്കാല ജാമ്യം ലഭിച്ചത്.
പ്രതികൾ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കരുതെന്നും വിചാരണ നടപടികളോട് പൂർണമായും സഹകരിക്കണമെന്നും ജാമ്യഹരജിയിൽ വിശദവാദം കേള്‍ക്കുമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി അനുവദിച്ച ജാമ്യം ഹൈകോടതി റദ്ദാക്കിയത് ചോദ്യം ചെയ്താണ് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചത്.
സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത് ചോദ്യംചെയ്ത് സംസ്ഥാന സർക്കാർ ഹൈകോടതിയില്‍ അപ്പീല്‍ നൽകാൻ രണ്ട് വര്‍ഷത്തെ കാലതാമസം ഉണ്ടായത് എന്തുകൊണ്ടാണെന്ന് ഹരജി പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി ആരാഞ്ഞു.
പ്രതികൾ ആർ.എസ്.എസിന്റെ ജില്ല, പ്രാദേശിക തലങ്ങളിൽ നിർണായക സ്ഥാനങ്ങൾ വഹിക്കുന്നവരും നിരവധി ക്രിമിനൽ കേസിൽ ഉൾപ്പെട്ടവരുമാണെന്നും ഇവർ പുറത്തിറങ്ങുന്നത് സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും ജാമ്യത്തെ എതിർത്ത് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
2021 ഡിസംബര്‍ 18ന് ആലപ്പുഴയിലെ മണ്ണഞ്ചേരിയില്‍വെച്ചാണ് കെ.എസ്. ഷാനെ കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ ആർ.എസ്.എസ് നേതാവ് രണ്‍ജീത് ശ്രീനിവാസനും കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

