ഷാൻ വധം ആർ.എസ്.എസ് നേതൃത്വത്തിെൻറ അറിവോടെ; ആലപ്പുഴ ജില്ല പ്രചാരക് ഒളിവിൽ
text_fieldsആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇനി പിടിയിലാകാൻ മുഖ്യ ആസൂത്രകനായ ആർ.എസ്.എസ് ജില്ല പ്രചാരക് അടക്കം പ്രതികൾ. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെല്ലാം പിടിയിലായെന്നാണ് അന്വേഷണസംഘം അവകാശപ്പെടുന്നത്. ഉന്നത ആർ.എസ്.എസ് നേതാക്കൾ അറിഞ്ഞുള്ള ആസൂത്രണത്തിന് നേതൃത്വം നൽകിയത് ആലപ്പുഴ ജില്ല പ്രചാരക് ശ്രീനാഥാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കരുനാഗപ്പള്ളിയിലെ ഒരു കൊലക്കേസിൽ പ്രതിയും കൊല്ലം സ്വദേശിയുമായ ഇയാൾ ഒളിവിലാണ്. ആലപ്പുഴ തൊണ്ടംകുളങ്ങരയിലെ ആർ.എസ്.എസ് കാര്യാലയത്തിലെ ശ്രീനാഥിെൻറ മുറിയിലാണ് ഗൂഢാലോചന നടന്നതും പദ്ധതി അന്തിമമായി രൂപപ്പെടുത്തി കൊലപാതകം നടത്തിയതും.
വയലാറിലെ നന്ദുകൃഷ്ണ വധത്തിെൻറ പ്രതികാരമായാണ് ഷാനിനെ കൊലപ്പെടുത്തിയത്. ആരെ കൊലപ്പെടുത്തണമെന്ന പ്രാഥമികപട്ടികയിൽ ഷാൻ അടക്കം നാലുപേരാണുണ്ടായിരുന്നതത്രേ. ജില്ല പ്രചാരകിനൊപ്പം കൊലപാതകം ആസൂത്രണം െചയ്ത ആലോചനകളിൽ ആദ്യം അറസ്റ്റിലായ രാജേന്ദ്രപ്രസാദും രതീഷും പങ്കെടുത്തതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. പ്രമുഖ ആർ.എസ്.എസ് നേതാക്കളുൾെപ്പടെയുള്ളവരുടെ ഗൂഢാലോചനയിലെ പങ്ക് അന്വേഷിക്കുമെന്ന് ജില്ല പൊലീസ് മേധാവിയും വ്യക്തമാക്കിയിട്ടുണ്ട്. അക്രമിസംഘത്തെ സജ്ജമാക്കിയത് ശ്രീനാഥിെൻറ നേതൃത്വത്തിൽ രാജേന്ദ്രപ്രസാദും കൊച്ചുകുട്ടനെന്ന രതീഷും ചേർന്നാണ്. ഷാനിനെ വെട്ടിയശേഷം ചേർത്തല അരീപ്പറമ്പ് പുല്ലംകുളത്തിന് സമീപമാണ് സംഘം ആദ്യമെത്തിയത്. ഇവിടെ വിജനപ്രദേശത്ത് അഞ്ച് വടിവാൾ ഉപേക്ഷിക്കുകയും അക്രമിസംഘത്തിലെ നാലുപേർ ഇവിടെ ഇറങ്ങുകയും ചെയ്തു.
കൊലപാതകത്തിന് ഉപയോഗിച്ച കാർ ഓടിച്ചിരുന്ന വിഷ്ണു കണിച്ചുകുളങ്ങര ക്ഷേത്രത്തിന് വടക്ക് അന്നപുരയിൽ വാഹനം ഉപേക്ഷിച്ചു. ഇവിടെനിന്ന് വിഷ്ണു ഒഴികെ പ്രതികളെ സേവാഭാരതിയുടെ ആംബുലൻസിൽ ഇപ്പോൾ റിമാൻഡിലുള്ള പ്രതി അഖിൽ ചേർത്തലയിലെ ആർ.എസ്.എസ് കാര്യാലയത്തിലെത്തിച്ചു. വിഷ്ണു മറ്റൊരു ബൈക്കിലുമെത്തി. പിന്നീടാണ് പലഭാഗത്തായി ഒളിവിൽ പോയത്. ഇതുവരെ 15 പേർ പിടിയിലായിട്ടുണ്ട്. കൊലപാതകം ആസൂത്രണം ചെയ്തവരുടെ പട്ടിക നീളാൻ സാധ്യതയുള്ളതിനാൽ ഇനിയും പ്രതികളുണ്ടായേക്കും. ഷാൻ വധിക്കപ്പെട്ട് മണിക്കൂറുകൾക്കകം ബി.ജെ.പി നേതാവ് രഞ്ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇതുവരെ പിടിയിലായത് അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകരാണ്. നേരിട്ട് കൃത്യത്തിൽ പങ്കെടുത്തവരടക്കം പിടിയിലാകാനുണ്ട്.