Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖാദർ കമ്മിറ്റി റിപ്പോർട്ട്; പൊടിതട്ടിയെടുക്കൽ നീക്കം തടഞ്ഞ് മന്ത്രി

text_fields
bookmark_border
സെക്രട്ടറിതല യോഗം മാറ്റി; സംഘടനകളുടെ അഭിപ്രായം തേടിയ കത്തിൽ തുടർനടപടി വിലക്കി
ഖാദർ കമ്മിറ്റി റിപ്പോർട്ട്
cancel

തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാർ സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ പുനഃസംഘടന ലക്ഷ്യമിട്ട് കൊണ്ടുവന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് പൊടിതട്ടിയെടുത്ത് വീണ്ടും ചർച്ച ചെയ്യാനുള്ള ഉദ്യോഗസ്ഥ നീക്കം തടഞ്ഞ് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. റിപ്പോർട്ടിൽ മന്ത്രി അറിയാതെ ഈ മാസം 15ന് പൊതുവിദ്യാഭ്യാസ സ്പെഷൽ സെക്രട്ടറിതലത്തിൽ നടത്താനിരുന്ന യോഗം മാറ്റിവെക്കാൻ നിർദേശം നൽകി. റിപ്പോർട്ടിൽ ശിപാർശകൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അധ്യാപക സംഘടനകളിൽനിന്ന് അഭിപ്രായം തേടിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്തിൽ തുടർനടപടിയും മന്ത്രിയുടെ ഓഫീസ് വിലക്കി.

ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശകളിൽ മുന്നോട്ടുപോകില്ലെന്നും നിലവിൽ നടപ്പാക്കിയവ തുടരുന്നത് പരിശോധിക്കുമെന്നും മന്ത്രി എൻ. ഷംസുദ്ദീൻ നേരത്തെ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടിനെതിരെ എൽ.ഡി.എഫ് സർക്കാർ കാലത്ത് ശക്തമായ നിലപാട് സ്വീകരിക്കുകയും യു.ഡി.എഫ് അധികാരത്തിൽ വന്നാൽ തള്ളിക്കളയുമെന്ന് അന്നത്തെ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ വി.ഡി. സതീശൻ വ്യക്തമാക്കുകയും ചെയ്തിരുന്നു. റിപ്പോർട്ടിൽ മുന്നോട്ടുപോകേണ്ടതില്ലെന്ന് പുതിയ സർക്കാർ നയപരമായ നിലപാട് സ്വീകരിച്ചിരിക്കെയാണ് തുടർനടപടി ചർച്ചചെയ്യാൻ ഈ മാസം15ന് സ്പെഷൽ സെക്രട്ടറിതലത്തിൽ ഉദ്യോഗസ്ഥ യോഗം വിളിച്ചത്. എന്നാൽ, യോഗം മാറ്റിവെക്കാൻ പറഞ്ഞ മന്ത്രി ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കേണ്ടതില്ലെന്നും നിർദേശിച്ചു.

യോഗത്തിന്‍റെ ഭാഗമായി അധ്യാപക സംഘടനകളിൽ നിന്ന് അഭിപ്രായം തേടാൻ ഡയറക്ടർക്ക് നേരത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൽനിന്ന് നിർദേശം നൽകിയിരുന്നു. യോഗം മാറ്റിവെച്ച അറിയിപ്പ് ലഭിച്ചിട്ടും അധ്യാപക സംഘടനകളിൽനിന്ന് അഭിപ്രായം തേടി ഡയറക്ടർക്കുവേണ്ടി അഡീഷനൽ ഡയറക്ടർ (അക്കാദമിക്) കഴിഞ്ഞ 11ന് കത്തയച്ചത് മന്ത്രിയുടെ ഓഫിസിനെ ചൊടിപ്പിച്ചിട്ടുണ്ട്. കത്തിൽ തുടർനടപടികൾ സ്വീകരിക്കരുതെന്ന് ഓഫിസ് ഡയറക്ടറേറ്റിന് നിർദേശം നൽകിയിട്ടുണ്ട്.

യു.ഡി.എഫ് അധ്യാപക സംഘടനകൾ ഒന്നടങ്കം എതിർക്കുകയും ഹൈകോടതിയെ സമീപിക്കുകയും ചെയ്ത ശിപാർശകൾ അടങ്ങിയതാണ് ഖാദർ കമ്മിറ്റി റിപ്പോർട്ട്. ശിപാർശ പ്രകാരം, കഴിഞ്ഞ സർക്കാർ നേരത്തെയുണ്ടായിരുന്ന മൂന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റുകൾ ലയിപ്പിച്ച് ഡയറക്ടറേറ്റ് ഓഫ് ജനറൽ എജുക്കേഷൻ (ഡി.ജി.ഇ) രൂപവത്കരിച്ചിരുന്നു. ഇതിന് പുറമെ ഹൈസ്കൂളും ഹയർസെക്കൻഡറിയും ഒരുമിച്ച് പ്രവർത്തിക്കുന്ന സ്കൂളുകളിൽ ഹയർസെക്കൻഡറി പ്രിൻസിപ്പലിനെ സ്ഥാപന മേധാവിയാക്കുകയും ഹൈസ്കൂൾ ഹെഡ്മാസ്റ്ററെ വൈസ്പ്രിൻസിപ്പലാക്കുകയും ചെയ്തു. നേരത്തെ മൂന്ന് ഡയറക്ടറേറ്റുകൾക്ക് കീഴിലുള്ള ഓഫിസുകൾ ഏകോപിപ്പിച്ച് ഒറ്റ ഘടനയിലാക്കാനുള്ള കരട് സ്പെഷൽ റൂൾസ് ഉൾപ്പെടെ തയാറാക്കി നൽകിയിരുന്നു. ഇതിന് പുറമെ അധ്യാപകരുടെ അടിസ്ഥാന യോഗ്യത പ്ലസ് ടു എന്നതിന് പകരം ബിരുദമാക്കി മാറ്റാനും ശിപാർശയുണ്ടായിരുന്നു. ഇവയടക്കമുള്ളവയിലാണ് അധ്യാപക സംഘടനകളിൽനിന്ന് അഭിപ്രായം തേടിയത്. ഏതെങ്കിലും ശിപാർശകൾ നടപ്പാക്കേണ്ടവയുണ്ടെങ്കിൽ അവ പിന്നീട് പ്രത്യേകം പരിശോധിക്കാനാണ് സർക്കാർതലത്തിലെ ധാരണ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Govt Puts Khader Report On Hold
Next Story