ഷംഷാബാദ് രൂപത നിലവിൽ വന്നു; ആർച് ബിഷപ് മാർ റാഫേൽ തട്ടിൽ സ്ഥാനമേറ്റു
text_fieldsഹൈദരാബാദ്: സീറോ മലബാര്‍ സഭയുടെ ഷംഷാബാദ് രൂപതയുടെ ഉദ്ഘാടനവും പ്രഥമ മെത്രാൻ മാര്‍ റാഫേല്‍ തട്ടിലിെൻറ സ്ഥാനാരോഹണവും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു. വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം അണ്ടര്‍ സെക്രട്ടറി ഡോ. സിറിള്‍ വാസില്‍, ഹൈദരാബാദ് ആർച് ബിഷപ് ഡോ. തുമ്മ ബാല എന്നിവര്‍ സഹകാര്‍മികരായി. മാര്‍ ആലഞ്ചേരി തിരിതെളിച്ച് ഉദ്ഘാടനം നിർവഹിച്ചു.
സ്ഥാനാരോഹണത്തിനുശേഷം ബിഷപ് മാര്‍ റാഫേല്‍ തട്ടിലിെൻറ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. സി.ബി.സി.ഐ പ്രസിഡൻറ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ സന്ദേശം നല്കി. കര്‍ദിനാള്‍മാരും ആർച് ബിഷപ്പുമാരും മെത്രാന്മാരും തിരുവസ്ത്രങ്ങളണിഞ്ഞ് ഘോഷയാത്രയായാണ് ബലി വേദിയിലേക്ക് എത്തിയത്.
സീറോ മലബാര്‍ സഭയിലെ 60ഒാളം മെത്രാന്മാര് പങ്കെടുത്തു. ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ച നിയമന കല്പന പൗരസ്ത്യ തിരുസംഘം അണ്ടര്‍ സെക്രട്ടറി മോണ്‍ ലോറേന്‍സോ ലെറൂസോ ലത്തീന്‍ ഭാഷയില്‍ വായിച്ചു. ഇംഗ്ലീഷ് പരിഭാഷ സീറോ മലബാര്‍ സഭ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയ ചാന്‍സലര്‍ ഡോ. ആൻറണി കൊള്ളന്നൂര്‍ വായിച്ചു.
തിരുക്കര്‍മങ്ങള്‍ക്ക് ശേഷം നടന്ന പൊതുയോഗത്തില്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫ്, തൃശൂര്‍ ആർച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ആഗ്ര ബിഷപ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസ, വിശാഖപട്ടണം ആർച് ബിഷപ് ഡോ. പ്രകാശ് മരുവരപ്പ, അദിലാബാദ് ബിഷപ് മാര്‍ പ്രിന്‍സ് പാണേങ്ങാടന്, പി.ടി. ചാക്കോ എന്നിവര്‍ സംസാരിച്ചു. മാര്‍ റാഫേല്‍ തട്ടില്‍ മറുപടി പ്രസംഗം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
