ബ്ലാക്മെയിൽ കേസ്; സ്വർണക്കടത്തിന് നിർബന്ധിച്ചു, എട്ടുദിവസം പൂട്ടിയിട്ടു –മറ്റൊരു പരാതിക്കാരി
text_fieldsകൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട സംഘത്തിനെതിരെ കൂടുതൽ ആരോപണങ്ങളുമായി മറ്റൊരു പരാതിക്കാരി. സ്വർണക്കടത്തിന് നിർബന്ധിച്ചിരുന്നതായും ഹോട്ടൽ മുറിയിൽ എട്ടുദിവസം പൂട്ടിയിട്ടതായും യുവ മോഡൽ കമീഷണർക്ക് നൽകിയ പരാതിയിൽ പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സംഭവം. ഷൂട്ടിങ്ങിനാണെന്നുപറഞ്ഞ് സുഹൃത്തുവഴി പാലക്കാട്ടേക്ക് വിളിപ്പിച്ച് സ്വർണക്കടത്തിന് ആഡംബര വാഹനങ്ങൾക്ക് അകമ്പടി പോകാൻ ആവശ്യപ്പെട്ടു. ഇത് സമ്മതിക്കാതിരുന്നപ്പോഴാണ് ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ടത്. കൃത്യമായി ഭക്ഷണം നല്‍കിയില്ല. താനടക്കം എട്ട് പെൺകുട്ടികളാണ് അവിടെയുണ്ടായിരുന്നത്.
ചില പെണ്‍കുട്ടികള്‍ വന്നുപോകുന്നുമുണ്ടായിരുന്നു. തടവില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണക്കടത്തിന് നിര്‍ബന്ധിച്ചു. സാധ്യമല്ലെന്ന് വ്യക്തമാക്കിയപ്പോൾ വിവരം പുറത്തുപറഞ്ഞാല്‍ വീട്ടുകാരെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അവിടെനിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ സുഹൃത്ത് മുഖേന എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാൽ, തുടർ നടപടികളുണ്ടായില്ലെന്ന് പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘം അറസ്റ്റിലാകുകയും ചിത്രങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തതോടെയാണ് കൂടുതൽ പെൺകുട്ടികൾ രംഗത്തെത്തുന്നത്.