ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസ്; കൂടുതൽ പെൺകുട്ടികൾ വലയിൽ അകപ്പെട്ടെന്ന് പൊലീസ്
text_fieldsകൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘത്തിെൻറ വലയിൽ സിനിമ മേഖലയിൽനിന്നടക്കം കൂടുതൽ പെൺകുട്ടികൾ ഉൾപ്പെട്ടതായി പൊലീസ്. രണ്ട് പെൺകുട്ടികൾകൂടി ഇതേ പരാതിയുമായി രംഗത്തെത്തി. സ്വർണക്കടത്ത് സംഘത്തിെൻറ നേതൃത്വത്തിലാണ് ചൂഷണവും തട്ടിപ്പും അരങ്ങേറുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ വിജയ് സാഖറെ പറഞ്ഞു. ഇവരുടെ സിനിമബന്ധവും പരിശോധിക്കുന്നുണ്ട്. ഡി.സി.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘത്തിൽ ഏഴുപേരാണുള്ളത്. പിടിയിലാകാനുള്ള മൂന്നുപേർക്കായി അന്വേഷണം തുടരുകയാണ്. ആൾമാറാട്ടത്തിലൂടെ പെൺകുട്ടികളെ ചതിയിൽപെടുത്തി പണം തട്ടുന്നതാണ് ഇവരുടെ രീതി. അടുത്ത ബന്ധം സ്ഥാപിച്ച് പെൺകുട്ടികളോട് സ്വർണക്കടത്ത് സംഘത്തിൽ ചേരാൻ പ്രലോഭിപ്പിക്കുന്ന സംഘം വൻതുക കമീഷൻ വാഗ്ദാനം ചെയ്യും. കെണിയിൽ വീണെന്ന് വ്യക്തമായാൽ പണവും സ്വർണവും നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും തുക ലഭിക്കുന്നതോടെ കടന്നുകളയുകയും ചെയ്യും.
എറണാകുളം സ്വദേശിയായ നടിയും ആലപ്പുഴയിൽനിന്നുള്ള മോഡലുമാണ് പുതിയ പരാതിക്കാർ. ഇതിനുമുമ്പ് വലയിൽ അകപ്പെട്ട കൂടുതൽ പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന് പ്രതികളെ ചോദ്യംചെയ്തതിലൂടെ വ്യക്തമായിട്ടുണ്ടെന്ന് കമീഷണർ പറഞ്ഞു. ഇരകൾ ആരാണെന്നറിയാൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യും. അറസ്റ്റിലായവരിൽ രണ്ട് പ്രതികള്‍ നിരവധി തട്ടിപ്പുകേസുകളില്‍ പങ്കാളിയാണ്. ഒരാള്‍ക്ക് സിനിമ ബന്ധവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് വിജയ് സാഖറെ പറഞ്ഞു.
ഷംന കാസിമിെൻറ നമ്പർ എവിടെനിന്ന് കിട്ടിയെന്നും സിനിമ മേഖലയുമായി സംഭവത്തിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കല്യാണാലോചനയുടെ രൂപത്തിലാണ് പ്രതികൾ ഷംനയെ സമീപിച്ചത്. മാതാപിതാക്കൾ ആലോചനയുമായി മുന്നോട്ടുപോകുന്നുവെന്ന് മനസ്സിലായപ്പോൾ അവർ പണം ആവശ്യപ്പെട്ടു. ഇതോടെ സംശയം തോന്നി പരാതി നൽകിയതോടെയാണ് പ്രതികൾ കുടുങ്ങിയത്. ചോദിച്ച പണം തന്നില്ലെങ്കിൽ ഉപദ്രവിക്കുമെന്നും പുറത്തിറങ്ങിയാൽ അപായപ്പെടുത്തുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയതായും ഷംന കാസിം പറഞ്ഞു. അതിനിടെ, കേസിലെ മൂന്ന്, നാല്, അഞ്ച്, ആറ് പ്രതികളായ റഫീഖ്, രമേശ്, ശരത്ത്, അഷ്റഫ് എന്നിവരെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജൂലൈ ഏഴ് വരെ റിമാൻഡ് ചെയ്തു.
നടിയുടെ കുടുംബവുമായി സംസാരിച്ചെന്നും ആവശ്യമെങ്കിൽ നിയമസഹായം നൽകുമെന്നും അഭിനേതാക്കളുടെ സംഘടന അമ്മയുടെ ഭാരവാഹികൾ വ്യക്തമാക്കി. വനിത കമീഷൻ അംഗം ഷാഹിദ കമാലും ഷംനയെ ഫോൺ ചെയ്ത് പിന്തുണ അറിയിച്ചു.