ബ്ലാക്മെയിൽ സംഘം 18 യുവതികളെ കൂടി വലയിലാക്കികൊച്ചി: നടി ഷംനാ കാസിമിനെ ബ്ലാക്മെയിൽ ചെയ്ത തട്ടിപ്പുസംഘം 18 യുവതികളെ കൂടി വലയിലാക്കിയതായി ഐ.ജി വിജയ് സാക്കറെ പറഞ്ഞു. ഒമ്പത് യുവതികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഷംന കാസിമിനെ സംഘം ലക്ഷ്യമിടാനുള്ള കാരണം പ്രത്യേകം അന്വേഷിക്കും. ഇതുവരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തതായും ഐ.ജി പറഞ്ഞു.
10ലേറെ പേരുള്ള സംഘമാണ് ബ്ലാക്മെയിലിന് പിന്നിൽ. 15ലേറെ കേസുകൾ രജിസ്റ്റർ ചെയ്യേണ്ടിവരുമെന്നും ഐ.ജി പറഞ്ഞു. പരാതികൾക്കനുസരിച്ച് കേസെടുക്കും.
ഷംന കാസിമിനെ ബ്ലാക്മെയിൽ ചെയ്ത സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തതോടെയാണ് ഇവർക്കെതിരെ കൂടുതൽ പെൺകുട്ടികൾ പരാതിയുമായെത്തിയത്. മോഡലിങ് രംഗത്തെ നിരവധി യുവതികൾ പരാതിയുമായെത്തിയിട്ടുണ്ട്.
നടി ഷംന കാസിമിെൻറ പരാതിയിൽ തുടങ്ങി സ്വർണക്കടത്തിലേക്കും മനുഷ്യക്കടത്തിലേക്കും വരെ നീണ്ട ബ്ലാക്മെയിൽ കേസിന് പിന്നിൽ ഉന്നതബന്ധം ഉണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പാലക്കാട് സ്വദേശി ഷെരീഫ്, തൃശൂർ വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂർ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്, ചേറ്റുവ സ്വദേശി അഷ്റഫ്, തൃശൂർ സ്വദേശി അബ്ദുസ്സലാം, വാടാനപ്പള്ളി സ്വദേശി അബൂബക്കർ എന്നിവർ കേസിൽ അറസ്റ്റിലായിട്ടുണ്ട്. മുഖ്യപ്രതിയെന്ന് കരുതുന്ന മുഹമ്മദ് ഷെരീഫ് പാലക്കാട്ടുനിന്നും പിടിയിലായിരുന്നു.
വിവാഹാലോചനയുമായി എത്തിയ സംഘം പണം ആവശ്യപ്പെട്ടതിലൂടെയാണ് നടിയും കുടുംബവും തട്ടിപ്പ് സംശയിച്ച് തുടങ്ങിയത്. തൃശൂരിൽനിന്നാണ് എന്ന് പരിചയപ്പെടുത്തിയാണ് വിവാഹാലോചന എത്തിയത്.
നിരസിക്കാതിരുന്ന കുടുംബവുമായി ഇവർ ബന്ധമുണ്ടാക്കുകയും നടിയെ ഫോണിലൂടെ ബന്ധപ്പെടുകയും ചെയ്തു. അൻവർ അലിയെന്ന പേരിലാണ് വരനെ പരിചയപ്പെടുത്തിയത്. ഇതിനിടെ ഫോണിലൂടെ നടിയോട് ഇയാൾ ഒരുലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
സംശയം തോന്നിയ ഷംന കാസിം അമ്മയോട് പറയാമെന്ന് മറുപടി നൽകി. എന്നാൽ, ആരോടും പറയേണ്ടെന്നും അത്യാവശ്യമായി കുറച്ച് പണത്തിെൻറ കുറവ് വന്നതിനാലാണെന്നും പ്രതി പണം വാങ്ങാൻ സുഹൃത്തിനെ പറഞ്ഞയക്കാമെന്നുമാണ് ഇയാൾ പറഞ്ഞത്. എന്നാൽ, പിറ്റേദിവസം വരെൻറ പിതാവെന്ന് പറഞ്ഞയാളാണ് വിളിച്ചത്. പണം നൽകാൻ തയാറാകാതെ കുടുംബത്തെ അറിയിച്ച് പൊലീസിൽ ബന്ധപ്പെടുകയായിരുന്നുവെന്നും നടി പറയുന്നു.
ലൈംഗിക ചൂഷണം നടന്നെന്ന് പരാതിക്കാരിൽ ഒരു പെൺകുട്ടി പറഞ്ഞെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ വിജയ് സാഖറെ വ്യക്തമാക്കി. പെൺകുട്ടികളെ ഇവരിലേക്ക് ബന്ധപ്പെടുത്തിയത് മീരയെന്ന യുവതിയാണെന്ന് പൊലീസ് വിശദീകരിക്കുന്നു.
അന്വേഷണം പ്രതികളുടെ സ്വർണക്കടത്ത്, മനുഷ്യക്കടത്ത് ബന്ധങ്ങളിലേക്കും വഴിതിരിഞ്ഞതോടെ സമാന്തര അന്വേഷണത്തിനൊരുങ്ങി കേന്ദ്ര ഏജൻസികളും രംഗത്തെത്തിയിട്ടുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൂടുതൽ വെളിപ്പെടുന്ന സാഹചര്യത്തിലാണ് കസ്റ്റംസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.ഐ) വിഭാഗങ്ങൾ അനൗദ്യോഗിക അന്വേഷണത്തിന് തുടക്കംകുറിക്കുന്നത്.