ഷമീലക്ക് ആത്മഹത്യ ചെയ്യാൻ പരിശീലനം നൽകി; പുറത്തുവരുന്നത് ഭർത്താവിന്‍റെ ഞെട്ടിപ്പിക്കുന്ന ക്രൂരതകൾ
text_fieldsറഷീദ്, ഷമീല
പയ്യന്നൂർ (കണ്ണൂർ): രാമന്തളി വടക്കുമ്പാട് ജുമാമസ്ജിദിനു സമീപത്തെ ഷമീലയുടെ (26) മരണത്തെക്കുറിച്ച് അന്വേഷിച്ച പൊലീസിന് ലഭിച്ചത് ഭർത്താവ് റഷീദിെൻറ ക്രൂരതയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. റഷീദ് നിരന്തരം മർദിക്കുന്നതിന് പുറമെ ആത്മഹത്യ ചെയ്യാൻ പരിശീലനവും നൽകിയിരുന്നുവത്രെ.
ചുരിദാറിെൻറ ഷാളെടുത്ത് തൂങ്ങേണ്ടത് എങ്ങനെയാണെന് റഷീദ് കാണിച്ചുകൊടുത്തതായി പറയുന്നു. ഉച്ചയോടെ അതേ ഷാൾ ഉപയോഗിച്ച് അവൾ തൂങ്ങിക്കാണിച്ചു കൊടുക്കുകയും ചെയ്തു. ആത്മഹത്യാ കുറിപ്പ് എഴുതാനും മറന്നില്ല. ജീവിതത്തിൽ താൻ അനുഭവിച്ച വേദനകൾ കത്തിൽ പങ്കുവെക്കുമ്പോഴും ഭർത്താവിനെ അധികം പേരെടുത്തു കുറ്റപ്പെടുത്തുന്നില്ല എന്നതും ശ്രദ്ധേയം.
എന്നാൽ, കുട്ടിയുടെ മൊഴി കേസിൽ നിർണായകമായി. ഉപ്പ ഉമ്മയെ ശാരീരികമായി പീഡിപ്പിക്കുന്നതായി കുട്ടി പറഞ്ഞതായാണ് വിവരം. ഇതിനു പുറമെ ബന്ധുക്കളുടെ മൊഴിയും ഇത് ശരിവെക്കുന്നു. മിക്ക ദിവസവും ഷമീലയെ ഭർത്താവ് ശാരീരികമായി പീഡിപ്പിക്കാറുള്ളതായി അന്വേഷണത്തിൽ വ്യക്തമായി.
ഒന്നാം തീയതി രാത്രിയിലും സംഭവ ദിവസം രാവിലെയും മർദനവും വഴക്കുമുണ്ടായി. ഈ സമയത്താണ് തൂങ്ങാൻ 'ക്ലാസെ'ടുത്തത്. രാവിലെ അരിയെടുത്ത് ഷമീലയുടെ മുഖത്തേക്കെറിഞ്ഞതായും പറയുന്നു. പണം ആവശ്യപ്പെട്ടാണ് പലപ്പോഴും മർദിച്ചതും വഴക്കിട്ടതുമെന്ന് പറയുന്നു.
ചിലരുടെ പ്രേരണയും അക്രമത്തിനു പിന്നിലുള്ളതായി ഷമീല ബന്ധുക്കളോട് പറഞ്ഞിരുന്നു. ഷമീലയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതിൽ റഷീദിന് മാത്രമാണ് പങ്കെന്ന് ഡിവൈ.എസ്.പി ഇ.കെ. പ്രേമചന്ദ്രൻ 'മാധ്യമ'ത്തോടു പറഞ്ഞു.
ജൂണ്‍ രണ്ടിന് ബുധനാഴ്ച ഉച്ചയോടെയാണ് ഷമീലയെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഗാര്‍ഹിക പീഡന കുറ്റവും ആത്മഹത്യ പ്രേരണയും ചുമത്തിയാണ് റഷീദിനെ അറസ്റ്റ് ചെയ്തത്. വിദേശത്തായിരുന്ന റഷീദ് സമീപ കാലത്ത് നാട്ടിലെത്തിയതായിരുന്നു.
വടക്കുമ്പാട്ടെ ചെമ്മരങ്കീഴിൽ ഫൗസിയയുടെ മകളാണ് മരിച്ച ഷമീല. റുമൈസ്, റസീൻ എന്നിവരാണ് മക്കൾ. സഹോദരങ്ങൾ: ശംസീറ, സജീറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

