പാലിയേക്കര: എന്തിനാണ് സർവിസ് റോഡിലൂടെ പോകാൻ ടോൾ കൊടുക്കുന്നത്? 50 ശതമാനം ടോൾ പിരിക്കാനേ ഇവർക്ക് അർഹതയുള്ളൂ -നിയമയുദ്ധം നടത്തിയ ഷാജി കോടങ്കണ്ടത്ത്
text_fieldsതൃശൂർ: പാലിയേക്കരയിൽ സർവീസ് റോഡിലൂടെ പോകുന്നതിന് എന്തിനാണ് ടോൾ കൊടുക്കുന്നതതെന്ന് ടോൾപിരിവിനെതിരെ നിയമയുദ്ധം തുടരുന്ന കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്. ടോൾ പിരിവ് പുനരാരംഭിക്കുകയാണെങ്കിൽ തന്നെ 50 ശതമാനം പിരിക്കാൻ മാത്രമേ ഇവർക്ക് അർഹതയുള്ളൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പൂർണമായി അറ്റകുറ്റ പണികൾ പൂർത്തിയാക്കാതെ പാലിയേക്കരയിൽ നിന്നും ടോൾ പിരിക്കരുതെന്ന് ഹൈകോടതി ഉത്തരവിട്ടതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ടോൾ പിരിവ് പുനരാരംഭിക്കണമെന്ന ഹരജി പരിശോധിച്ചാണ് വിലക്ക് ഈ മാസം 30 വരെ തുടരാൻ ഉത്തരവിട്ടത്. ജില്ലാ കലക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി പുറപ്പെടുവിപ്പിച്ചത്.
‘കോടതി ജനങ്ങളുടെയും യാത്രക്കാരുടെയും ബുദ്ധിമുടുകളാണ് ഏറ്റവും കൂടുതൽ പരിഗണിച്ചത്. സർവിസ് റോഡിലെ കുഴി പൊലീസുകാരൻ മൺവെട്ടികൊണ്ട് മൂടുന്ന ദൃശ്യം നമ്മൾ കണ്ടു. വളരെ ദയനീയമാണ് സ്ഥിതി. എന്തുകൊണ്ട് അണ്ടർ പാസേജ് (വി.യു.പി) പണി പൂർത്തീകരിക്കുന്നില്ല? അത് പൂർത്തിയാക്കുന്നത് വരെ ടോൾ നിർത്തണം. എങ്കിലേ ഇവർ പെട്ടെന്ന് പണി പൂർത്തിയാക്കൂ. പാസേജ് തുറന്നാൽ ഗതാഗതക്കുരുക്ക് അവസാനിക്കും. എന്തുകൊണ്ടാണ് ദേശീയപാത അതോറിറ്റിയും കേന്ദ്രസർക്കാറും ഇക്കാര്യത്തിൽ മുൻകൈയെടുക്കാത്തത്?
കലക്ടർ പറഞ്ഞ സുരക്ഷാ മാനദണ്ഡങ്ങളും കരാറുകാർ പാലിച്ചിട്ടില്ല. മനപൂർവം ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. കേസ് പരിഗണിക്കുന്ന 30ാം തീയതി ഈ കാര്യങ്ങൾ കോടതിയുടെ ശ്രദ്ധയിൽപെടുത്തും. ടോൾ പിരിവ് പുനരാരംഭിക്കുകയാണെങ്കിൽ തന്നെ 50 ശതമാനം പിരിക്കാൻ മാത്രമേ ഇവർക്ക് അർഹതയുള്ളൂ. സർവീസ് റോഡിലൂടെ പോുകന്നതിന് എന്തിനാണ് ടോൾ കൊടുക്കുന്നത്? എന്തിനാണ് പി.ഡബ്ല്യു.ഡി, പഞ്ചായത്ത് റോഡിലൂടെ പോകുന്നതിന് ടോൾ കൊടുക്കുന്നത്?’ -ഷാജി കോടങ്കണ്ടത്ത് ചോദിച്ചു.
നേരത്തെ, സെപ്റ്റംബർ 22 മുതൽ ടോൾ പിരിവിന് വ്യവസ്ഥിതികളോടെ അനുമതി നൽകുമെന്നായിരുന്നു ഹൈകോടതി അറിയിച്ചത്. എന്നാൽ, അതിനിടെ മുരിങ്ങൂരിൽ സർവീസ് റോഡിൽ മണ്ണിടിഞ്ഞ സംഭവം ജില്ലാ കലക്ടർ കോടതിയെ അറിയിച്ചു. ഇത് പരിശോധിച്ച ഹൈകോടതി ടോൾ പിരിവിനുള്ള അനുമതി നിഷേധിച്ചു. തുടർന്ന് വിഷയത്തിൽ ആഴത്തിലുള്ള പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും കോടതി കലക്ടർക്ക് നിർദേശം നൽകി. മുരിങ്ങൂരിലെ പ്രശ്നം പൂർണമായി പരിഹരിച്ചിട്ടില്ലെന്നും മുരിങ്ങൂരിൽ സർവീസ് റോഡ് ഇടിഞ്ഞതുപോലെ ഏത് ഭാഗത്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നും കലക്ടർ കോടതിക്ക് മറുപടി നൽകി. അടിപ്പാത നിർമാണം നടക്കുന്ന പ്രദേശങ്ങളിൽ യാത്രക്കാർക്ക് സുരക്ഷാഭീഷണി ഉണ്ടെന്നും കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ഹരജി അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുമെന്ന് ഹൈകോടതി വ്യക്തമാക്കി.
അതേസമയം, നേരത്തെ നിർദേശിച്ച എല്ലാ മാനദണ്ഡങ്ങളും നിലവിൽ പാലിക്കുന്നുണ്ടെന്നും ഇനിയും പാലിക്കുമെന്നും ദേശീയ പാത അതോറിറ്റി കോടതിയെ അറിയിച്ചു. സർവീസ് റോഡുകൾ ഉൾപ്പെടെ പ്രധാന പാതകളിലുള്ള പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കും. അതിനിടയിൽ ടോൾ പിരിവ് അനുവദിക്കണമെന്നും ദേശീയപാത അതോറിറ്റി കോടതിയോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

