കന്നിവോട്ടിൽ പഞ്ചായത്ത് പ്രസിഡന്‍റായി ഷഹീന
text_fieldsപെരിന്തൽമണ്ണ: ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ കന്നിവോട്ടും ‘കന്നി’ സ്ഥാനാർഥിയുമായിരുന്ന ഷഹീന 23ാം വയസ്സിൽ പ്രസിഡന്റുമായി. പെരിന്തൽമണ്ണ നാരങ്ങാകുണ്ട് സ്വദേശിയായ ഇവർ ഏലംകുളം പഞ്ചായത്തിന്റെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. ഭർത്താവ് ഷംസീറലിയുടെ വീടാണ് ഏലംകുളം. ഇവിടെ ഉപാധ്യക്ഷയായത് കോൺഗ്രസ് അംഗം കെ. ഭാരതിയാണ്. വനിത ലീഗിൽ പഞ്ചായത്ത്, മണ്ഡലം തലത്തിൽ സംഘാടകകൂടിയാണ് ഷഹീന.
കുന്നക്കാവിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപികയാണിപ്പോൾ. കഴിഞ്ഞ അഞ്ചു വർഷം ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങളും അവിശ്വാസപ്രമേയവും ഭരണമാറ്റവും അരങ്ങേറിയ പഞ്ചായത്താണ് ഏലംകുളം. കഴിഞ്ഞ തവണ 16ൽ ഇരുമുന്നണികൾക്കും എട്ടുവീതം അംഗങ്ങൾ വിജയിച്ചതോടെ നറുക്കെടുപ്പ് വേണ്ടിവന്നു. അതിലുപരി പതിറ്റാണ്ടുകളായി സി.പി.എം ഭരിച്ചുവരുന്നതാണ് കമ്യൂണിസ്റ്റ് ആചാര്യൻ ഇ.എം.എസിന്റെ ജന്മദേശമായ ഈ പഞ്ചായത്ത്. 18ൽ ആറിടത്ത് ലീഗും മൂന്നു വാർഡിൽ കോൺഗ്രസും ഒരു വാർഡിൽ വെൽഫെയർ പാർട്ടിയുമാണ് വിജയിച്ചത്. എട്ടിടത്താണ് എൽ.ഡി.എഫ്.
നാവായിക്കുളത്ത് എൽ.ഡി.എഫ് പിന്തുണയിൽ കോൺഗ്രസ് വിമതർക്ക് ഭരണം
കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ ഭരണ അട്ടിമറി. ഭൂരിപക്ഷം കിട്ടിയ യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ ഒരു വിഭാഗം കോൺഗ്രസ് അംഗങ്ങൾ മത്സരരംഗത്തുവരികയും എൽ.ഡി.എഫ് പിന്തുണയോടെ വിജയിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റായി ആസിഫ് കടയിലിനെയും വൈസ് പ്രസിഡന്റായി റീന ഫസലിനെയും തെരഞ്ഞെടുത്തു. കോൺഗ്രസ് സ്ഥാനാർഥികളായി മത്സരിച്ച് ജയിച്ച ആസിഫ് കടയിൽ, റീന ഫസൽ, നിസാം കുടവൂർ, എ. നഹാസ് എന്നിവരാണ് കൂറുമാറിയത്.
യു.ഡി.എഫ് 12, എൽ.ഡി.എഫ് 6, ബി.ജെ.പി 6 എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡൻറ് സ്ഥാനത്തേക്ക് കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥിയായി ജിഹാദ് കല്ലമ്പലവും ആസിഫ് കടയിലും ബി.ജെ.പിയിലെ ജിഷ്ണുവും മത്സരിച്ചു. ആസിഫ് കടയിലിന്റെ പേര് നിസാം കുടവൂരാണ് നിർദേശിച്ചത്. തെരഞ്ഞെടുപ്പിൽ നാല് കോൺഗ്രസ് അംഗങ്ങളുടെയും ആറ് സി.പി.എം അംഗങ്ങളുടെയും വോട്ട് നേടി ആസിഫ് ജയിച്ചു. ജിഹാദിന് എട്ടും ജിഷ്ണുവിന് ആറും വോട്ട് ലഭിച്ചു. വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിലും ഇതേ മാതൃക തുടർന്നു. യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർഥി സന്ധ്യ, കോൺഗ്രസിന്റെ മറ്റൊരംഗം റീന ഫസൽ, ബി.ജെ.പിയിലെ ആശ സുനിൽ എന്നിവർ മത്സരിച്ചു. സി.പി.എം അംഗങ്ങൾ റീന ഫസലിന് വോട്ട് ചെയ്തു. 10 വോട്ട് നേടിയ റീന വിജയിച്ചു.
എ.വി. ഗോപിനാഥിന്റെ പെരിങ്ങോട്ടുകുറുശ്ശി ആദ്യമായി പിടിച്ച് ഇടത്
പെരിങ്ങോട്ടുകുറുശ്ശി: എ.വി. ഗോപിനാഥിന്‍റെ പരാജയത്താൽ ശ്രദ്ധേയമായ പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിൽ ചരിത്രത്തിലാദ്യമായി ഇടതു പ്രസിഡൻറ്. സി.പി.എമ്മിൽനിന്ന് അകന്ന് സ്വതന്ത്രയായി മത്സരിച്ച് ജയിച്ച എട്ടാം വാർഡ് അംഗം ഗ്രീഷ്മ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പിന്തുണച്ചതിനാലാണ് എൽ.ഡി.എഫിന് ഭരണം പിടിക്കാനായത്. 16ാം വാർഡ് അംഗവും സി.പി.എമ്മുകാരനുമായ എ.പി. പ്രമോദ് ഏഴിനെതിരെ ഒമ്പതു വോട്ടുകൾ നേടി പ്രസിഡൻറായി. കോൺഗ്രസ് വിട്ട് ഇടതുചേരിയോടടുത്ത് സ്വതന്ത്ര പാർട്ടി രൂപവത്കരിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നേരിട്ട മുൻ എം.എൽ.എയും മുൻ ഡി.സി.സി പ്രസിഡൻറുമായ എ.വി. ഗോപിനാഥിന് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ഇടതുമായി ചേർന്ന് 11 സീറ്റിൽ മത്സരിച്ച ഗോപിനാഥിന്‍റെ പാർട്ടിക്ക് മൂന്ന് സീറ്റിലേ വിജയിക്കാനായുള്ളൂ.
പ്രസിഡന്റ് പദവിയിൽ ജനറൽ സീറ്റിൽ വനിതകൾ
മലപ്പുറം: പ്രസിഡന്റ് പദവിയിൽ ജനറൽ സീറ്റിൽ മലപ്പുറം ജില്ലയിൽ നിരവധി വനിതകളാണ് എത്തിയത്. പെരുമ്പടപ്പ് േബ്ലാക്ക് പഞ്ചായത്തിൽ കോൺഗ്രസിലെ റമീന ഇസ്മായിൽ ആണ് പ്രസിഡന്റ്. തുവ്വൂർ പഞ്ചായത്തിൽ ജനറൽ സീറ്റിൽ മുസ്‍ലിം ലീഗിലെ സി.ടി. ജസീനയും വഴിക്കടവ് ഗ്രാമപഞ്ചായത്തിൽ കോൺഗ്രസിലെ ഉഷ വേലുവും മങ്കട ഗ്രാമപഞ്ചായത്തിൽ ജനറൽ സീറ്റിൽ യു.പി. ഫാത്തിമയും പ്രസിഡന്റായി. ചാലിയാർ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികവർഗം ജനറൽ ആണെങ്കിലും പട്ടിക വനിതയാണ് പ്രസിഡന്റായത്. കോൺഗ്രസിലെ അനുശ്രീയാണ് ഇവിടെ പഞ്ചായത്ത് പ്രസിഡന്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

