കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്; മേൽകോടതിയെ സമീപിക്കുമെന്നും ഷഹബാസിന്‍റെ പിതാവ്
text_fieldsകോഴിക്കോട്: താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥിയായിരുന്ന മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ഹൈകോടതി ജാമ്യം നല്‍കിയതിന് പിന്നാലെ സര്‍ക്കാറിനെതിരെ പിതാവ് ഇഖ്ബാല്‍.
കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഇഖ്ബാല്‍ കുറ്റപ്പെടുത്തി. പ്രതികളായ കുട്ടികള്‍ക്ക് ഇത്ര വേഗം ജാമ്യം കിട്ടിയതിന് പിന്നില്‍ രാഷ്ട്രീയ നീക്കങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ആറ് വിദ്യാർഥികൾക്കാണ് ഹൈകോടതി ജാമ്യം നൽകിയത്. അന്വേഷണവുമായി സഹകരിക്കുമെന്ന് ഇവരുടെ രക്ഷിതാക്കൾ കോടതിയിൽ സത്യവാങ്മൂലം നൽകണം.
നേരത്തെ, കോടതി ഇടപെടലിനെ തുടർന്ന് ആറ് വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം നേടാൻ അവസരം ലഭിച്ചിരുന്നു. മൂന്നുപേർ താമരശ്ശേരി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂളിലും മറ്റുള്ളവർ കോഴിക്കോട് നഗരത്തിലെ മറ്റു സ്കൂളുകളിലുമാണ് പ്രവേശനം നേടിയത്.
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയോ മന്ത്രി റിയാസോ ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം ലഭിച്ചതിനെതിരെ മേല്‍കോടതിയെ സമീപിക്കും. പ്രതികളായ കുട്ടികളെ തൂക്കിക്കൊല്ലാന്‍ അല്ല താന്‍ ആവശ്യപ്പെടുന്നത്. രണ്ട് വര്‍ഷമെങ്കിലും, കേസ് വിചാരണ തീരുന്നത് വരെയെങ്കിലും ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ച് അവരെ നല്ല നടപ്പ് പഠിപ്പിക്കണം എന്നാണ് പറയുന്നത്. അവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കണം എന്നോ പരീക്ഷ എഴുതാന്‍ അനുവദിക്കരുത് എന്നോ താന്‍ ആവശ്യപ്പെടുന്നില്ല. പ്രതികളായ കുട്ടികളുടെ മാതാപിതാക്കളും ക്രിമിനലുകളാണ്. അതിനാല്‍ കൂടിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെടുന്നതെന്നും ഇഖ്ബാൽ മാധ്യമങ്ങളോട് പറഞ്ഞു.
കോഴിക്കോട് വെള്ളിമാടുകുന്നിലെ ജുവനൈൽ ഒബ്സർവേഷൻ ഹോമിലാണ് കുറ്റാരോപിതരായ കുട്ടികളെ താമസിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 27നാണ് താമരശ്ശേരിയിലെ സ്വകാര്യ ട്യൂഷൻ സെന്ററിൽ വിദ്യാർഥികൾ തമ്മിലുണ്ടായ പ്രശ്നത്തെ തുടർന്ന് എളേറ്റിൽ എം.ജെ.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന മുഹമ്മദ് ഷഹബാസിനെ (15) ഒരു സംഘം വിദ്യാർഥികൾ ക്രൂരമായി മർദിച്ചത്. നഞ്ചക്ക് ഉപയോഗിച്ചുള്ള മർദനത്തിൽ ഷഹബാസിന്റെ വലതു ചെവിയുടെ മുകൾഭാഗത്ത് തലയോട്ടി പൊട്ടിയിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു ഷഹബാസിന്റെ മരണത്തിലേക്ക് നയിച്ചത്.
സംഘർഷത്തിന് ശേഷം വീട്ടിലെത്തിയ ഷഹബാസ് രാത്രി ഛർദിക്കുകയും അബോധാവസ്ഥയിലാവുകയുമായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെ മാർച്ച് ഒന്നിനാണ് ഷഹബാസ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

