ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ വിദ്യാർഥികൾ പ്ലസ് വൺ പ്രവേശനം നേടി
text_fieldsകൊല്ലപ്പെട്ട ഷഹബാസ്
താമരശ്ശേരി: ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാർഥികൾ പ്ലസ് വൺ പ്രവേശനം നേടി. താമരശ്ശേരി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലാണ് മൂന്നുപേർ പ്രവേശനം നേടിയത്. രണ്ടുപേർ കോഴിക്കോട് നഗരത്തിലെ മറ്റു സ്കൂളുകളിലും പ്രവേശനം നേടി.
പ്ലസ് വൺ പ്രവേശനം നേടാൻ വിദ്യാർഥികളെ അനുവദിച്ച് കഴിഞ്ഞ ദിവസം ഹൈകോടതി ഉത്തരവുണ്ടായിരുന്നു. ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്ന് താമരശ്ശേരി പൊലീസിനോടും കോടതി നിർദേശിച്ചു. അതേസമയം, വിദ്യാർഥികൾക്ക് പ്രവേശനം നൽകരുതെന്നാവശ്യപ്പെട്ട് എം.എസ്.എഫ്, കെ.എസ്.യു പ്രവർത്തകർ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വ്യാഴാഴ്ച രാവിലെ കുറ്റാരോപിതരായ വിദ്യാർഥികളുമായി സ്കൂളിലേക്കെത്തിയ വാഹനത്തിനു മുന്നിലേക്ക് ചാടിവീണ കെ.എസ്.യു-എം.എസ്.എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അതിനിടെ, മകനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ വിദ്യാർഥികൾ പ്രവേശനം നേടിയത് സങ്കടകരമായ കാര്യമാണെന്നും ഇത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ പ്രതികരിച്ചു.
കഴിഞ്ഞ ഫെബ്രുവരി 27നാണ് താമരശ്ശേരിയിലെ സ്വകാര്യ ട്യൂഷൻ സെന്ററിൽ വിദ്യാർഥികൾ തമ്മിലുണ്ടായ പ്രശ്നത്തെ തുടർന്ന് എളേറ്റിൽ എം.ജെ.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന മുഹമ്മദ് ഷഹബാസിനെ (15) ഒരു സംഘം വിദ്യാർഥികൾ ക്രൂരമായി മർദിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷഹബാസ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

