അനുഭവം കൊണ്ട് പൊള്ളലേറ്റ നെഞ്ചിനേക്കാളും വലിയ ഒരു കോടതിമുറിയും ഈ ലോകത്തില്ല... എന്നും അവൾക്കൊപ്പം മാത്രം; അതിജീവിതക്ക് പിന്തുണയുമായി ഷഹബാസ് അമൻ
text_fieldsഅതിജീവിതക്ക് പിന്തുണയുമായി ഗായകൻ ഷഹബാസ് അമൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഷഹബാസ് അമൻ അതിജീവിതക്ക് നിരുപാധിക പിന്തുണ അറിയിച്ചത്. സാങ്കേതികതയുടെ ബലത്തിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടവരുമായും അവരുടെ സുഹൃത്തുക്കളുമായിപ്പോലും അതിജീവിതക്ക് ജീവിതത്തിൽ ഒരു ഡീലും ഉണ്ടാവാൻ ഇടവരട്ടെയെന്നും ഷഹബാസ് അമൻ കുറിപ്പിൽപറയുന്നുണ്ട്.
അതോടൊപ്പം, ഉയർന്ന മാനവിക ചിന്തയും സ്ത്രീപക്ഷ നിലപാടുകളുമുള്ള ചില കലാകാരികളടക്കം അവളോടൊപ്പം അവനെയും സോഷ്യൽ മീഡിയ ഫ്രണ്ട്‍ലിസ്റ്റുകളിൽ ഉൾപ്പെടുത്തിയതിനെയും വിമർശിക്കുകയും ചെയ്യുന്നുണ്ട്. അനുഭവം കൊണ്ട് പൊള്ളലേറ്റ നെഞ്ചിനേക്കാളും വലിയ ഒരു കോടതിമുറിയും ഈ ലോകത്തില്ല. എന്നും അവൾക്കൊപ്പം മാത്രം എന്നു പറഞ്ഞുകൊണ്ടാണ് ഷഹബാസ് അമൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം
കോടതിവിധി അവൾ അംഗീകരിക്കുന്നുണ്ടോ, അവൾക്ക് അത് ഉൾക്കൊള്ളാനാവുന്നുണ്ടോ എന്നത് മാത്രമാണ് പ്രധാനം. അതിനപ്പുറത്തേക്ക് ഒരു കുറ്റവിമുക്തിയുമില്ല. ഒന്നുമില്ല. അവൻമാരിൽ ആരുമായും(അവർ പ്രതിപ്പട്ടികയിൽ എത്രാമതായിരുന്നാലും ശരി, സാങ്കേതികതയുടെ ബലത്തിൽ എത്ര രക്ഷപ്പെട്ടവരായിരുന്നാലും ശരി)അവരുടെ സുഹൃത്തുക്കളുമായും സുഹൃത്തുക്കളുടെ സുഹൃത്തുക്കളുമായിപ്പോലും ജീവിതത്തിൽ ഒരു ഡീലും ഉണ്ടാവാൻ ഇടവരാതിരിക്കട്ടെ. അറിയാതെ പോലും. തിരിച്ചും അങ്ങനെ തന്നെ ആവുന്നതിൽ സന്തോഷമേയുള്ളൂ. പ്രതീകാത്മകമായി ആകെ ഇപ്പോൾ ചെയ്യാനാകുന്നത് അൺഫ്രണ്ടിങ് മാത്രം. സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിങ്ങളെ ഫോളോ ചെയ്യുന്നവരുടെ അക്കൗണ്ടിൽ കേറി ജസ്റ്റ് ആ ഫ്രണ്ട് കോളം ഒന്ന് ചെക്ക് ചെയ്താൽ അറിയാം ഇവൻമാരുമായൊക്കെ അവർക്കുള്ള മുറിക്കാൻ കഴിയാത്ത ബന്ധം. പുറമേക്ക് എത്ര അവൾക്കൊപ്പം ആണെങ്കിലും. പേടിച്ചിട്ടോ അശ്രദ്ധയോടെയോ ബോധപൂർവം തന്നെയോ അവർ അങ്ങനെയൊരു നിലപാടെടുത്തിരിക്കുന്നത് എന്ന് അറിയാൻ വ്യക്തിപരമായി ആഗ്രഹമുണ്ട്. ഒപ്പം പുനഃപരിശോധനയാൽ അവർ സ്വയം കഴുകിയിരുന്നെങ്കിൽ എന്ന് മനസാ ആശിക്കുന്നു. തിരിച്ച് അങ്ങനെ എന്തെങ്കിലും ചൂണ്ടിക്കാണിക്കാനുണ്ടെങ്കിൽ പ്ലീസ്. ഉയർന്ന മാനവിക ചിന്തയും സ്ത്രീപക്ഷ നിലപാടുകളുമുള്ള ചില കലാകാരികളടക്കം അവളോടൊപ്പം അവനെയും ഫ്രണ്ട്‍ലിസ്റ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതായി ശ്രദ്ധയിൽ പെട്ടത് ഇപ്പോഴാണ്. അതവരുടെ തീരുമാനം. അംഗീകരിക്കുന്നു. പക്ഷേ മാനിക്കാനാവില്ല. അവർക്കൊക്കൊ ഈ കോടതിവിധി വലിയ ആശ്വാസവും നൽകുന്നുണ്ടാകും. അവരെയൊക്കെ ജീവിതത്തിൽ നിന്ന് അൺഫ്രണ്ട് ചെയ്യാൻ കഴിയുന്നത് കോടതി വിധിയെക്കാളും എത്രയോ അന്തസ്സുറ്റ തീരുമാനമായിരിക്കുമെന്ന് സ്വയം തിരിച്ചറിയുന്നു. അനുഭവം കൊണ്ട് പൊള്ളലേറ്റ നെഞ്ചിനേക്കാളും വലിയ ഒരു കോടതിമുറിയും ഈ ലോകത്തില്ല. എന്നും അവൾക്കൊപ്പം മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

