‘ഒരുപാട് നാളായി ഞാൻ കാണുന്ന എന്‍റെ സ്വപ്നത്തിലേക്ക്...’; ഉമ്മൻചാണ്ടിയുടെ എ.ഐ വിഡിയോയുമായി ഷാഫി പറമ്പിൽ
text_fieldsകോഴിക്കോട്: വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച ഇടത് സർക്കാറിന്‍റെയും മുഖ്യമന്ത്രി പിണറായി വിജയന്‍റെയും അവകാശവാദത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് ഷാഫി പറമ്പിലിന്‍റെ എ.ഐ വിഡിയോ. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ച വിഴിഞ്ഞം തുറമുഖം അന്തരിച്ച കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി ചുറ്റികാണുന്നതിന്‍റെ എ.ഐ (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്) വിഡിയോയാണ് ഷാഫി ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്.
പുഞ്ചിരിച്ചു കൊണ്ടു വിഴിഞ്ഞത്തിന്‍റെ വാർഫിലൂടെ കൈവീശി നടന്നു കാണുന്ന ഉമ്മൻചാണ്ടിയെയാണ് എ.ഐ സാങ്കേതികവിദ്യയിലൂടെ പുനരാവിഷ്കരിച്ചിട്ടുള്ളത്. കൈയിൽ ഒരു കവറും ഉമ്മൻചാണ്ടി പിടിച്ചിട്ടുണ്ട്. 'കേരളത്തിനറിയാം' എന്ന അടിക്കുറിപ്പിനോടൊപ്പമാണ് വിഡിയോ ഷാഫി പങ്കുവെച്ചിട്ടുള്ളത്.
കൂടാതെ, 'ഞാനിപ്പോൾ ചെല്ലുന്നത് ഒരു പഴയ ഫിലിം കാമറയിൽ ചെന്ന് പതിയാൻ പോകുന്ന ചിത്രത്തിലേക്കല്ല. കഴിഞ്ഞ ഒരുപാട് നാളുകളായി ഞാൻ കാണുന്ന എന്‍റെ സ്വപ്നത്തിലേക്കാണ്...' എന്ന 'ജേക്കബിന്‍റെ സ്വർഗരാജ്യം' സിനിമയിലെ നിവിൻ പോളിയുടെ ഡയലോഗും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖത്തിന്‍റെ ഉദ്ഘാടനവേളയിൽ നടത്തിയ പ്രസംഗത്തിൽ പദ്ധതിയുടെ നാൾവഴിയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വിവരിക്കുമ്പോൾ പദ്ധതിയുടെ അനുമതി അടക്കം വാങ്ങുകയും നിർമാണോദ്ഘാടനം നിർവഹിക്കുകയും ചെയ്ത മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് ഒരിക്കൽ പോലും പരാമർശിച്ചിരുന്നില്ല.
ഉമ്മൻചാണ്ടിയുടെ പേര് ഒഴിവാക്കിയ മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ ഭാഗങ്ങൾ:
''1996ലെ എൽ.ഡി.എഫ് സർക്കാർ രൂപപ്പെടുത്തിയ പദ്ധതിയാണ് യാഥാർഥ്യമാകുന്നത്. ഇടക്കാലത്ത് പദ്ധതി അനിശ്ചിതത്തിലായിരുന്നു. പദ്ധതി പഠനത്തിനായി 2009ൽ ഇന്‍റർനാഷണൽ ഫിനാൻസ് കോർപറേഷനെ നിയോഗിച്ചു. 2010ൽ ടെൻഡർ നടപടികളിലേക്ക് കടന്നു. കേന്ദ്രം ആ ഘട്ടത്തിൽ അനുമതി നിഷേധിച്ചു.
തുടർന്നുള്ള ഘട്ടം പദ്ധതിക്കായുള്ള മനുഷ്യച്ചങ്ങല അടക്കമുള്ള പ്രക്ഷോഭങ്ങളുടേതായിരുന്നു. 2015ൽ ഒരു കരാറുണ്ടായി. എന്നാൽ, പല തലങ്ങളിലുള്ള വിമർശനങ്ങൾ അത് നേരിട്ടു. ആ വിമർശനങ്ങളെല്ലാം നിലനിൽക്കുമ്പോഴും വിഴിഞ്ഞം പദ്ധതി നടപ്പാവുക തന്നെ വേണം എന്ന നിലപാടാണ് ഞങ്ങൾ കൈക്കൊണ്ടത്.''
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

