'പൊലീസിലെ ചിലർ മനഃപൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചു, ഷാഫി പറമ്പിൽ എം.പിയെ പുറകിൽ നിന്ന് ലാത്തി കൊണ്ട് അടിച്ചു, ആരാണെന്ന് ഉടൻ കണ്ടെത്തും': കോഴിക്കോട് റൂറൽ എസ്.പി
text_fieldsകോഴിക്കോട്: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ പങ്കെടുത്ത മാർച്ചിന് നേരെ പൊലീസ് ലാത്തി ചാർജ് നടത്തിയിട്ടില്ലെന്ന വാദത്തിലുറച്ച് കോഴിക്കോട് റൂറൽ എസ്.പി കെ.ഇ.ബൈജു. എന്നാൽ, പൊലീസിലെ ചിലർ മനഃപൂർവം അവിടെ കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും റൂറൽ എസ്.പി പറഞ്ഞു. വടകരയിൽ നടന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ പരിപാടിയിലാണ് റൂറൽ എസ്.പിയുടെ വിശദീകരണം.
'ലാത്തി ചാർജ് നടത്തിയിട്ടില്ല. ലാത്തി ചാർജ് കണ്ടുകാണും, കമാൻഡ് ചെയ്യും വിസിൽ അടിക്കും അടിച്ചോടിക്കും. അങ്ങനെ ഒരു ആക്ഷൻ നടന്നിട്ടില്ല. പക്ഷേ, ഞങ്ങളുടെ കൂട്ടത്തിലെ ചില ആളുകൾ മനഃപൂർവം കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചുവെന്ന് പിന്നീട് മനസിലാക്കിയിട്ടുണ്ട്.
എ.ഐ ടൂൾ ഉപയോഗിച്ച് ആരാണ് എന്ന് കണ്ടുപിടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എം.പിയെ പുറകിൽ നിന്ന് ലാത്തികൊണ്ട് അടിക്കുന്ന ദൃശ്യമുണ്ട്. അതിന് മുൻപ് എല്ലാ വിഷ്വൽസും നോക്കിയിട്ട് തന്നെയാണ് ലാത്തി ചാർജ് നടത്തിയിട്ടില്ല എന്ന് പറഞ്ഞത്.'- കോഴിക്കോട് റൂറൽ എസ്.പി കെ.ഇ.ബൈജു പറഞ്ഞു.
അതേസമയം, ഷാഫി പറമ്പിൽ എം.പിക്കെതിരായ പൊലീസ് നടപടിയില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി. രണ്ട് ഡി.വൈ.എസ്.പിമാര്‍ക്കും ഷാഫിയെ ലാത്തി കൊണ്ടടിച്ച പൊലീസ് ഉദ്യോഗസ്ഥനുമെതിരെയാണ് കോഴിക്കോട് കോണ്‍ഗ്രസ് നേതൃത്വം പരാതി നല്‍കിയത്. നടപടിയുണ്ടായില്ലെങ്കില്‍ റൂറല്‍ എസ്.പിയുടെ ഔദ്യോഗിക വസതിയടക്കം ഉപരോധിച്ചുകൊണ്ട് പ്രതിഷേധം കടുപ്പിക്കുമെന്ന് നേതൃത്വം അറിയിച്ചു.
അതേസമയം, പൊലീസ് നടപടിയെ ന്യായീകരിച്ച് പേരാമ്പ്രയില്‍ രാഷ്ട്രീയ വിശദീകരണയോഗം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് എൽ.ഡി.എഫ്. ഷാഫിക്ക് പൊലീസ് മര്‍ദനത്തിലല്ല പരിക്കേറ്റതെന്ന എസ്.പിയുടെ വാദം സി.പി.എം ഏറ്റെടുത്തിരുന്നെങ്കിലും ലാത്തിയടിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതും തിരിച്ചടിയായി. ഇത് മറികടക്കാന്‍ രാഷ്ട്രീയ വിശദീകരണ യോഗങ്ങളുമായി ജനങ്ങളിലേക്കിറങ്ങാനാണ് സി.പി.എം തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

