ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: സർക്കാർ സംവിധാനങ്ങൾ പരാജയ സങ്കൽപങ്ങളുടെ പൂർണതയിലെത്തി -ഷാഫി പറമ്പിൽ
text_fieldsകോഴിക്കോട്: കൊടുംകുറ്റവാളിയും സൗമ്യ കൊലക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന പ്രതിയുമായ ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി കെ.പി.സി.സി ഉപാധ്യക്ഷൻ ഷാഫി പറമ്പിൽ എം.പി. ഭയാനകമായ വീഴ്ചയാണ് സംഭവിച്ചതെന്നും സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാർ സംവിധാനങ്ങൾ, പരാജയ സങ്കൽപങ്ങളുടെ പൂർണതയിലേക്ക് എത്തിയിരിക്കുകയാണ്. ഓരോ സംഭവങ്ങൾ ഉണ്ടാകുമ്പോഴും സംവിധാനത്തിന്‍റെ പരാജയമാണെന്നാണ് പറയുന്നത്.
ജയിലിലെ ഏറ്റവും സുരക്ഷയുള്ള ബ്ലോക്കിന്‍റെ സ്ഥിതി ഇതാണെങ്കിൽ മറ്റ് സ്ഥലങ്ങളിലെ അവസ്ഥ എന്താകും. കൊടും കുറ്റവാളിക്ക് രക്ഷപ്പെടാൻ സാധിച്ചു. അംഗവൈകല്യമുള്ള ഒരാൾക്ക് ജയിലിന് അകത്തും പുറത്തും നിന്നും സഹായം ലഭിച്ചിട്ടുണ്ട്.
ജയിലിൽ രാത്രി സുരക്ഷാ ജീവനക്കാറില്ലേ?. സെല്ലിൽ നിന്ന് എങ്ങനെയാണ് തടവുകാരൻ പുറത്തുചാടിയത്‍?. രാത്രി ഒന്നേകാലിന് ശേഷം തടവുകാരൻ രക്ഷപ്പെട്ടിട്ട് മണിക്കൂറുകൾ കഴിഞ്ഞാണ് പൊലീസിനെ അറിയിച്ചത്.
ഗോവിന്ദച്ചാമി തടിച്ചു കൊഴുക്കുന്നുവെന്ന് വികാരം കൊള്ളുന്ന പൊതുസമൂഹമാണ് നാട്ടിലുള്ളത്. കൊടുംകുറ്റവാളി ജയിൽ ചാടിയിൽ നീതിന്യായ വ്യവസ്ഥയിലും ശിക്ഷയിലും എങ്ങനെ ജനങ്ങൾക്ക് വിശ്വാസം ഉണ്ടാവുകയെന്നും ഷാഫി പറമ്പിൽ ചോദിച്ചു.
കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെ ഇന്ന് പുലർച്ചെ 1.15ഓടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. രാവിലെ ജയിൽ അധികൃതർ സെൽ പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടതായി അറിയുന്നത്.
സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയാണ് ഇയാൾ പുറത്തെത്തിയത്. അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി വടമുണ്ടാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിങ്ങിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഗോവിന്ദച്ചാമി മതിലിൽ നിന്ന് താഴേക്കിറങ്ങുകയായിരുന്നു.
2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊർണ്ണൂർ പാസഞ്ചർ തീവണ്ടിയിൽ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളജിൽവച്ച് സൗമ്യ മരിച്ചു.
കോളിളക്കം സൃഷ്ടിച്ച കേസിൽ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സംശയത്തിന്റെ ആനുകൂല്യം കണക്കാക്കിലെടുത്ത് വധശിക്ഷ സുപ്രീംകോടതി 2016ൽ റദ്ദാക്കി ജീവപര്യന്തമായി മാറ്റുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

