'ഏത് പാർട്ടി ഗ്രാമങ്ങളിലും കോൺഗ്രസ് കടന്ന് വരും, നിങ്ങൾ നടക്കരുതെന്ന് തിട്ടൂരമിറക്കിയ വഴികളിലൂടെ പതാകയുമായി'; ഷാഫി പറമ്പിൽ
text_fieldsകണ്ണൂർ: സി.പി.എം സംഘടന സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് കണ്ണൂർ മലപ്പട്ടത്ത് നടത്തിയ ജനാധിപത്യ അതിജീവന യാത്രക്ക് അഭിവാദ്യങ്ങൾ നേർന്ന് ഷാഫി പറമ്പിൽ എം.പി.
ജനാധിപത്യം ഹാക്ക് ചെയ്യപ്പെടുന്നോയെന്ന് സംശയിക്കപ്പെടുന്ന കാലത്തും കല്ലും കുപ്പിയും കൊണ്ട് ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമർത്തി പാർട്ടി ഗ്രാമങ്ങളിലെ ഏകാധിപത്യ പ്രവണതകൾ 'തുടരും' എന്നാണ് സി.പി.എമ്മിലെ ചില ക്രിമിനൽ ബുദ്ധികൾ കരുതുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി.. ഏത് പാർട്ടി ഗ്രാമങ്ങളിലും കോൺഗ്രസ്സ് കടന്ന് വരുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. നിങ്ങൾ നടക്കരുതെന്ന് തിട്ടൂരമിറക്കിയ വഴികളിലൂടെ കോൺഗ്രസ് പതാകയുമായി അടിയുറച്ച് നിലപാടും ചുവടുമായി നടന്ന പ്രവർത്തകർക്ക് ഹൃദയാഭിവാദ്യങ്ങളും നേർന്നു.
ബുധനാഴ്ചയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ നയിച്ച പദയാത്രക്കിടെ സംഘർമുണ്ടായത്. മലപ്പട്ടത്ത് അക്രമം അഴിച്ചുവിട്ടത് സി.പി.എമ്മുകാരാണെന്നും, സി.പി.എം അക്രമികളെ പൊലീസ് സംരക്ഷിക്കുകയാണെന്നുമാണ് യൂത്ത് കോൺഗ്രസ് പറയുന്നത്.
സംഭവത്തിൽ 50 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും 25 സി.പി.എം പ്രവർത്തകർക്കെതിരെയും മയ്യിൽ പൊലീസ് കേസെടുത്തിരുന്നു.
സി.പി.എം കോട്ടയായ മലപ്പട്ടത്ത് കോൺഗ്രസിന്‍റെ ഗാന്ധിസ്തൂപം തകർത്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് ഇന്നലെ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ നേതൃത്വത്തിൽ ജനാധിപത്യ അതിജീവന യാത്ര നടത്തിയത്. കാൽനട ജാഥ സി.പി.എം മലപ്പട്ടം ലോക്കല് കമ്മിറ്റി ഓഫിസിനു മുന്നിലെത്തിയതോടെയാണ് സംഘർഷമുണ്ടായത്. പ്രവർത്തകർ തമ്മിൽ കുപ്പിയും കല്ലും പരസ്പരം എറിയുകയായിരുന്നു. ഇരു കൂട്ടരും ഏറ്റുമുട്ടാനൊരുങ്ങുന്നതിനിടെ പൊലീസ് ഇടപെട്ട് പ്രവർത്തകരെ മാറ്റി. എന്നാൽ, സമ്മേളനം അവസാനിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പോകാനൊരുങ്ങുന്നതിനിടെ വീണ്ടും സംഘർഷമുണ്ടായി. ഇതിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു.
അടുവാപ്പുറത്ത് കഴിഞ്ഞയാഴ്ച തകർക്കപ്പെട്ട കോൺഗ്രസിന്‍റെ ഗാന്ധിസ്തൂപം പുനർനിർമാണത്തിനിടെ ഇന്നലെ രാത്രി വീണ്ടും തകർത്തിരുന്നു. സ്തൂപം തകർത്തത് സി.പി.എമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

